മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാധാനയോഗത്തിന് ശേഷവും വീടാക്രമണം നടത്തിയ ക്രിമിനലുകളെ തള്ളിപ്പറയാൻ ബിജെപി നേതൃത്വം തയ്യാറാവണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.

മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ കൂടലാട് സിപിഐ(എം) പ്രവർത്തകനും ഓട്ടോറിക്ഷാ തൊഴിലാളിയുമായ കെ ബാബുവിന്റെ വീടിന് നേരെയാണ് കഴിഞ്ഞദിവസം അർദ്ധരാത്രിയോട് കൂടി ബിജെപിക്കാർ ബോംബാക്രമണം നടത്തിയത്. ചൊവ്വാഴ്ച്ച വൈകീട്ട് ബിജെപി നേതാവ് എം ടി രമേശ് പങ്കെടുത്ത പൊതുയോഗത്തിന് ശേഷമാണ് ഈ അക്രമം ഉണ്ടായത് എന്നത് ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മാരകമായ പ്രഹരശേഷിയുള്ള ബോംബാണ് വീടിന് നേരെ എറിഞ്ഞത്.ജനലുകൾ തകർന്നു. അടുക്കള ഭാഗത്താണ് ബോംബേറ് ഉണ്ടായത്. പാചകവാതക സിലിണ്ടറിന് ബോംബേറിന്റെ ആഘാതമുണ്ടായിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. സ്‌കൂൾ അധ്യാപിക കൂടിയായ ഭാര്യയും ബാബുവും മാത്രമാണ് സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. കൂടലാട് ശിവക്ഷേത്ര കമ്മറ്റി സെക്രട്ടറി കൂടിയായ ബാബു എല്ലാവരുടെയും പ്രീതി നേടിയ ഒരാളായിരുന്നു.സമാധാനം നിലനിൽക്കുന്ന ഈ പ്രദേശത്ത് സംഘർഷം സൃഷ്ടിക്കുന്ന ബിജെപി അക്രമിസംഘത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു.