കണ്ണൂർ : അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി നിരോധനത്തെതുടർന്ന് ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. കാർഷിക - വ്യാപാര - തൊഴിൽ മേഖല സ്തംഭനാവസ്ഥയിലാണ്. നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് ജനങ്ങൾക്കുണ്ടായ പ്രയാസം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് ഇനിയും ആയിട്ടില്ല. ആവശ്യമായ ബദൽ സംവിധാനം ഏർപ്പെടുത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നോട്ട് പിൻവലിക്കാനുള്ള തീരുമാനത്തിന്റെ മറവിൽ കേരളത്തിലെ ശക്തമായ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരും ബി.ജെ.പിയും നടത്തുന്നത്. ഇത് ലക്ഷക്കണക്കിന് വരുന്നകർഷകരെയും ഇതര ജനവിഭാഗങ്ങളെയും കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. 1.27 ലക്ഷം കോടിയാണ് കേരളത്തിലെ സഹകരണ ബേങ്കുകളിലെ നിക്ഷേപം. ജനങ്ങൾക്കിടയിൽ സഹകരണ മേഖലയാർജിച്ച വിശ്വാസമാണ് ഇതിന് കാരണം. ഈ വിശ്വാസത്തെ തകർക്കാനും നിക്ഷേപകരിൽ പരിഭ്രാന്തി പരത്താനുമാണ് സഹകരണമേഖലയ്‌ക്കെതിരായ ബോധപൂർവ്വമായ ഗൂഢാലോചനയിലൂടെ ശ്രമിക്കുന്നത്. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമല്ല എന്ന പ്രതീതി സൃഷ്ടിച്ച് സ്വകാര്യ - കോർപ്പറേറ്റ് ബേങ്കുകളിലേക്ക് ഈ നിക്ഷേപം ഊറ്റിയെടുക്കാനുള്ള ഗൂഢാലോചനയാണ് ഇതിനുപിറകിൽ 

കേന്ദ്രസർക്കാറിന്റെ  ഈ നിലപാടുകളിൽ പ്രതിഷേധിച്ച് നവംബർ 24 ന് രാവിലെ ആരംഭിച്ച് 25 ന് രാവിലെവരെ തുടരുന്ന രാപ്പകൽ സത്യാഗ്രഹം നടത്താനുള്ള എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന സമരം ജില്ലയിൽ വമ്പിച്ച വിജയമാക്കണമെന്ന് എൽ.ഡി.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. പഞ്ചായത്ത്- മുൻസിപ്പൽ കേന്ദ്രങ്ങളിൽ നടക്കുന്ന രാപ്പകൽ സത്യാഗ്രഹ സമരത്തിൽ  എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. സമരം വമ്പിച്ച വിജയമാക്കണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി. സഹദേവൻ അഭ്യർത്ഥിച്ചു.