അധികാരം നഷ്ടപ്പെട്ട യുഡിഎഫ് നേതാക്കൾ കണ്ണൂർ കോർപ്പറേഷനെതിരായി സമരവുമായി പുറപ്പെട്ടത് അഴിമതി കണ്ട് പിടിക്കപ്പെട്ടതിനെ തുടർന്നാണെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.

യുഡിഎഫ് കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ചത് പരിധിയിലുള്ള പ്രദേശങ്ങളുടെ വികസനത്തിന് വേണ്ടിയായിരുന്നില്ല.  മേയറെ ബിനാമിയാക്കി കോൺഗ്രസ്സ് നേതാക്കൾക്ക് തട്ടിപ്പ് നടത്താൻ വേണ്ടിയായിരുന്നു. ഇത് വോട്ടർമാർ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ്-ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്.  അതിനെ തുടർന്ന് തങ്ങളുടെ മേയർ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി വിജയിച്ച കൗൺസിലർക്ക് 1 കോടി രൂപ ഇവർ വാഗ്ദാനം ചെയ്തത് ജനം മറന്നിട്ടില്ല.  എങ്ങിനെയെങ്കിലും ഭരണം കൈയ്യടക്കി അഴിമതി തുടരാനായിരുന്നു അവരുടെ ശ്രമം.

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്റെ നേതൃത്വത്തിൽ 2016-17 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പൊതുപണം തട്ടിപ്പ് നടത്താനുള്ള ശ്രമങ്ങളാണ് പിന്നീടുണ്ടായത്. 5 റോഡുകൾക്ക് 1,19,00,000 (ഒരു കോടി 19 ലക്ഷം രൂപ) രൂപയ്ക്കുള്ള എസ്റ്റിമേറ്റാണ് ഉണ്ടാക്കിയത്.  ഇതിൽ ചിലത് കഴിഞ്ഞവർഷം പ്രവർത്തി നടത്തിയ റോഡുകളായിരുന്നു.  കഴിഞ്ഞകാലത്തെ മുൻസിപ്പൽ ഭരണം കോൺഗ്രസ്സ്-ലീഗ് നേതാക്കൾ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പൊതുപണം തട്ടിപ്പ് നടത്താൻ വേണ്ടി ഉള്ളതായിരുന്നു.ഇപ്പോഴത്തെ ഭരണത്തിലും ഇത് തുടരാണ് അവർ ശ്രമിച്ചത്.അക്കാര്യത്തിൽ മേയറും ഡപ്യൂട്ടി മേയറും ഇടപെട്ടതിന്റെ ഫലമായി എസ്റ്റിമേറ്റ് തുകയിൽ 83 ലക്ഷത്തോളം രൂപയുടെ കുറവാണുണ്ടായത്.  ഇങ്ങിനെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തട്ടിപ്പ് തുടരാനുള്ള കോൺഗ്രസ്സ്-ലീഗ് നേതാക്കന്മാരുടെ ശ്രമം വിജയിക്കാതെ വന്നപ്പൊഴാണ് കോർപ്പറേഷൻ ഭരണനേതൃത്വത്തിനെതിരായ സമരവുമായി പുറപ്പെട്ടത്. കോൺഗ്രസ്സ്-ലീഗ് നേതാക്കൾ എന്തെല്ലാം തെറ്റിദ്ധാരണകൾ പടർത്താൻ ശ്രമിച്ചാലും അഴിമതിരഹിതമായ ഭരണം മുന്നോട്ട് കൊണ്ട് പോവുക തന്നെ ചെയ്യും.

കോർപ്പറേഷന്റെ ഈ വർഷത്തെ പദ്ധതി രൂപീകരണത്തിൽ ഇങ്ങിനെ പൊതുപണം തട്ടിപ്പ് നടത്താൻ ശ്രമിച്ച പൊതുമരാമത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാനെതിരായും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസ് അന്വേഷണം നടത്തണം.  കഴിഞ്ഞ മുൻസിപ്പൽ കൗൺസിലിന്റെ കാലത്ത് നടന്ന ഭീമമായ വെട്ടിപ്പിന്റെ കാര്യങ്ങളും അന്വേഷിക്കണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.