നുണപ്രചരണം നടത്തുന്നതിലുള്ള ആർഎസ്എസ് ന്റെ മെയ്‌വഴക്കം ഒന്ന് കൂടി വെളിപ്പെടുത്തുന്നതാണ് കാക്കയങ്ങാട് പാലപ്പുഴയിലെ വീടിന് മുന്നിൽ റീത്ത് വെച്ചെന്ന പ്രചരണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.  ഏഴ് വയസുകാരനായ കുട്ടിക്ക് മർദ്ദനമേറ്റത് കുടുംബവഴക്കിനെ തുടർന്നാണെന്ന് അന്ന് തന്നെ കുട്ടിയുടെ വല്ല്യച്ഛനും വല്ല്യമ്മയും പത്രസമ്മേളനം നടത്തി പറഞ്ഞതാണ്.  എന്നാൽ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇതും ആർഎസ്എസ് പ്രചരണവിഷയമാക്കുകയായിരുന്നു.  ഇപ്പോൾ ജില്ലയിൽ നിലനിൽക്കുന്ന സമാധാനം തകർക്കുന്നതിനും ആക്രമണങ്ങൾ നടത്തുന്നതിനും സംഘപരിവാരം കാരണങ്ങൾ കണ്ടെത്തുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. സമാധാനയോഗം നടന്ന നവമ്പർ 5ന് തന്നെ കുന്നോത്ത്പറമ്പിൽ ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ ആർ എസ് എസുകാർ ബോംബെറിയുകയും രണ്ട് പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.  നവമ്പർ 6ന് തലശ്ശേരി പാലിശ്ശേരിയിൽ പരിപാടി കൈയ്യേറിയാണ് രണ്ട് പേരെ അക്രമിച്ചത്.  സമാധാനതീരുമാനങ്ങൾ ലംഘിച്ച് കൊണ്ട് ആർഎസ്എസിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങൾ നിരവധിയാണ്.  ഇതേ കുറിച്ച് ജില്ലാ ഭരണകൂടം ജാഗ്രതയോടെ അന്വേഷിച്ച് നടപടി കൈക്കൊള്ളണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.