കണ്ണൂരിൽ മന്ത്രിമാർ ഉൾപ്പടെ പങ്കെടുത്ത് കൊണ്ട് നടന്ന സമാധാനയോഗത്തിന് ശേഷം കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ താഴെ കുന്നോത്ത്പറമ്പിൽ ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ ആർഎസ്എസുകാർ ബോംബെറിഞ്ഞ സംഭവം അതീവഗൗരവത്തോടെ കാണണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.  സമാധാനയോഗത്തിൽ സംഘപരിവാർ നേതൃത്വം ആവർത്തിച്ച് പറഞ്ഞത് തങ്ങളുടെ പ്രവർത്തകർക്ക് സമാധാനം സ്ഥാപിക്കുന്നതിന് വേണ്ട കർശന നിർദേശം നൽകിയെന്നാണ്.  അതിനാൽ നേതൃത്വത്തിന്റെ നിർദ്ദേശം അംഗീകരിക്കാതെ അക്രമം നടത്തിയ ക്രിമിനലുകളെ തള്ളിപ്പറയാൻ ആർഎസ്എസ്-ബിജെപി നേതൃത്വം തയ്യാറാവണം.  പോലീസിന്റെ ഭാഗത്ത് നിന്നും അക്രമികൾക്കെതിരെ കർശന നടപടിയുണ്ടാവണം.

ഒക്‌റ്റോബർ 24 ന് ജില്ലാ കളക്ടർ വിളിച്ച് ചേർത്ത സമാധാനയോഗത്തിന് ശേഷം കാക്കയങ്ങാട് ശബരിമലക്ക് പോകാൻ വ്രതമെടുത്ത വിദ്യാർത്ഥികളെ ഉൾപ്പടെ ആർഎസ്എസ് സംഘം ആക്രമിച്ചു.  28 ന് കൂത്തുപറമ്പ് ആമ്പിലാട്ടെ രാഘവന്റെ വീടിന് നേരെയും ആർ എസ് എസുകാർ ആക്രമണം നടത്തി.  30 ന് തലശ്ശേരി ടെമ്പിൾ ഗേറ്റിലെ സി പി ഐ എം തിരുവങ്ങാട് വെസ്റ്റ് ലോക്കൽ കമ്മറ്റി ഓഫീസിൽ കയറിയാണ് ആർ എസ് എസുകാർ ആക്രമണം നടത്തിയത്.  ഇതിന്റെ തുടർച്ചയായാണ് ഇപ്പൊഴത്തെ ആർ എസ് എസിന്റെ പ്രകോപനപരമായ നീക്കവും.  നമ്മുടെ നാടിന്റെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി ക്കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.