ബിജെപി- ആർഎസ്എസ് സംഘം ജില്ലയിൽ നടത്തിക്കൊണ്ടിരിക്കുന്ന വൻ ആയുധ ശേഖരണവും ക്ഷേത്ര പരിസരത്തും പൊതുസ്ഥലങ്ങളിലുമുള്ള ആർഎസ്എസിന്റെ ആയുധപരിശീലന പരിപാടിയും തുറന്നുകാട്ടിയപ്പോഴാണ് ബിജെപി നേതാക്കൾ  സിപിഐ(എം) നെതിരെ പ്രസ്താവനയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

മഹത്തായ ഒക്‌ടോബർ വിപ്ലവത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് രാജ്യത്തെമ്പാടും സിപിഐഎംന്റെ നേതൃത്വത്തിൽ ആകർഷകമായ നിലയിൽ പരിപാടികൾ നടത്തുന്നുണ്ട്. ലോകത്താദ്യമായി തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് സ്ഥാപിതമായതിന്റെ നൂറാം വാർഷിക പരിപാടികൾക്ക് ഈ വരുന്ന നവംമ്പർ എഴിന് തുടക്കം കുറിക്കപ്പെടുകയാണ്. വളണ്ടിയർ മാർച്ചുകൾ, ബഹുജന റാലികൾ, വിവിധ സേവന പ്രവർത്തനങ്ങൾ ഇവയെല്ലാം ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.  ജില്ലയിലെ വിവിധ പാർട്ടി ഘടകങ്ങളുടെ നേതൃത്വത്തിൽ അതിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. എല്ലാ ലോക്കലുകളിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഒരിടത്തും യാതൊരുവിധ ആയുധപരിശീലനവും നൽകുന്നില്ല. വളണ്ടിയർ മാർച്ചും പരിശീലനവും മുൻകൂട്ടി പ്രഖ്യപിച്ചാണ് സംഘടിപ്പിക്കുന്നത്. 

പരിപാടികളും വളണ്ടിയർ പരിശീലനവും കാണുന്നതിന് രാഷ്ടീയ എതിരാളികൾക്കുൾപ്പെടെ യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രസ്താവന പുറപ്പെടുവിച്ച നേതാവുൾപ്പെടെ ആർക്കെങ്കിലും പ്രസ്തുത പരിശീലനം കാണണമെന്നുണ്ടെങ്കിൽ അതിനാവശ്യമായ സൗകര്യം ഞങ്ങൾതന്നെ ഒരുക്കിക്കൊടുക്കുന്നതാണ്. ആവശ്യമുണ്ടെങ്കിൽ അറിയിച്ചാൽ ചെയ്തുകൊടുക്കുന്നത് ഞങ്ങൾക്ക് സന്തോഷമുളള കാര്യവുമാണ്. മുൻകാലങ്ങളിൽ സിപിഐ(എം) ന്റെ പ്രവർത്തനങ്ങൾ കണ്ടും നിരീക്ഷിച്ചും തന്നെയാണ് ഞങ്ങളിലേക്ക് ജനങ്ങൾ എത്തിച്ചേർന്നത്. ജനങ്ങളിൽ നിന്നും മറച്ചുവയ്‌ക്കേണ്ടുന്ന യാതൊന്നും  ഞങ്ങളുടെ പാർട്ടിക്കില്ല. 

ക്രിമിനലുകൾക്ക് നൽകുന്ന ആയുധപരിശീലനവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും വെളിച്ചത്തായിക്കൊണ്ടിരിക്കുന്നതിന്റെ വെപ്രാളത്തിലാണ് ബിജെപി-ആർഎസ്എസ് നേതാക്കൻമാർ. അതുകൊണ്ടാണ് സിപിഐഎം നെതിരായി അവർ അത്തരത്തിലുള്ള നുണകൾ പ്രസ്താവനകളാക്കി വിതരണം നടത്തുന്നത്. ഇത് പൊതുസമൂഹം തിരിച്ചറിയും.