കേരളീയരുടെ റേഷൻ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും, അർഹരായ മുഴുവൻ മുൻഗണനാ കുടുംബങ്ങളെയും സംസ്ഥാന സർക്കാർ നടപടികൾക്ക് സാവകാശം നൽകുക, യു.ഡി.എഫ് കാലത്ത് തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റ് കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്‌ടോബർ 31 ന് ജില്ലയിൽ പ്രാദേശികമായുള്ള പ്രധാന കേന്ദ്രങ്ങളിലുള്ള റേഷൻ ഷാപ്പുകൾക്ക് മുന്നിൽ ധർണ്ണയും പൊതുയോഗവും സംഘടിപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചു. കേരള ജനസംഖ്യയുടെ ഭൂരിപക്ഷത്തെയും റേഷൻ സമ്പ്രദായത്തിൽ നിന്ന് നിയമപരമായി ഒഴിവാക്കുന്നതാണ് കേന്ദ്രനയം. അപാകതകൾ കഴിയുന്നത്ര പരിഹരിച്ച് സബ്ബ്‌സിഡി റേഷന് അർഹതയുള്ളവരുടെ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതടക്കമുള്ള നടപടികൾ സംസ്ഥാന ഗവൺമെന്റ് സ്വീകരിച്ച് വരികയാണ്. യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് പട്ടിക തയ്യാറാക്കാനുള്ള നീക്കം തുടങ്ങിയത് പക്ഷെ സമയത്ത് പൂർത്തീകരിക്കാൻ സാധിച്ചില്ല എന്നുമാത്രമല്ല പട്ടികയിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ പുറന്തള്ളപ്പെട്ടിരിക്കുകയുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് 31 ന്റെ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ജില്ലയിലെ സമാധാന ശ്രമങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എല്ലാവിധ പിന്തുണയും യോഗം പ്രഖ്യാപിച്ചു. യോഗത്തിൽ പി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി. സഹദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു.  സി.പി. മുരളി, സി. രവീന്ദ്രൻ, പനോളി ലക്ഷ്മണൻ, കെ.സി ജേക്കബ്,  ഇ.പി.ആർ വേശാല, വി.വി. കുഞ്ഞികൃഷ്ണൻ, ഹമീദ് ഇരിണാവ്, സി.കെ. നാരായണൻ, താജുദ്ദീൻ മട്ടന്നൂർ, രാജൻ ആമ്പിലോത്ത്,  എം. ഉണ്ണികൃഷ്ണൻ, സിനജ് തയ്യിൽ, സി.വി. ശശീന്ദ്രൻ, കെ. സുരേശൻ, കളരിയിൽ ശുക്കൂർ തുടങ്ങിയവർ സംസാരിച്ചു.