നാടിന്റെ സമാധാനം തകർക്കുന്നതാരാണെന്ന് ജനങ്ങൾക്ക് ഇന്നലത്തെ സംഭവത്തോടെ ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. കൂത്തുപറമ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ(എം) ചെറുവാഞ്ചേരി ലോക്കൽ കമ്മറ്റി അംഗവുമായ സ:എ അശോകന്റെ വീടിനു നേരെ നടന്ന ആർ.എസ്.എസ് ആക്രമണം അങ്ങേയറ്റം നിന്ദ്യമാണ്. അശോകന്റെ ഗൺമാനെ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ച ശേഷം അശോകനെ അപായപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. പരിക്കേറ്റെങ്കിലും റിവോൾവർ ഉയർത്തി വെടിവെക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് അക്രമികൾ ഓടിപ്പോയത്.

ഒക്‌റ്റോബർ 24 ന് സംസ്ഥാന സെക്രട്ടറി സ:കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത് കൊണ്ട് നടക്കുന്ന ചെറുവാഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന പരിപാടി തടയുകയായിരുന്നു ഈ ആക്രമണത്തിന്റെ ഉദ്ദേശം. സി.പി.ഐ(എം) രൂപം കൊണ്ടതിനു ശേഷം ഇതുവരെ ചെറുവാഞ്ചേരിയിൽ പാർട്ടിക്ക് ഓഫീസ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി വാടകകെട്ടിടത്തിൽ ഓഫീസ് പ്രവർത്തിച്ചു വരികയാണ്.  ഈ ഓഫീസിനു നേരെ 33 തവണയാണ് ആർ എസ് എസുകാർ അക്രമം നടത്തിയത്. ഇപ്പോൾ സ്വന്തമായി ഓഫീസ് കെട്ടിടത്തിനുള്ള ശ്രമം നടത്തുന്നതാണ് ആർ.എസ്.എസിന്റെ അസഹിഷ്ണുതയ്ക്ക് കാരണം.

ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിയെ ഈവിധം ആക്രമിച്ചാൽ  ഈ നാടിന്റെ സമാധാനമാണ് തകരാൻ പോകുന്നത്. വീടാക്രമണത്തെ അപലപിക്കാൻ എല്ലാ പാർട്ടികളിലും പെട്ട ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. അശോകന്റെ വീടാക്രമണ വാർത്തയറിഞ്ഞ് ഒട്ടേറെ ബിജെപിക്കാരുൾപ്പടെ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുകയുണ്ടായി. ഇത് വ്യക്തമാക്കുന്നത് തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് ഇത്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ആർ.എസ്.എസ് പ്രചാരകന്മാരുടെ ചെയ്തികളെ ബിജെപിക്കാർ പോലും അംഗീകരിക്കുന്നില്ലെന്നാണ്. സ: അശോകനെ അപായപ്പെടുത്താൻ ആസൂത്രണം ചെയ്ത ആർ.എസ്.എസ് നേതാക്കളെ ഉൾപ്പടെ വെളിച്ചത്ത് കൊണ്ട് വരാൻ പോലീസ് കർശന നടപടികൾ സ്വീകരിക്കണം. അതോടൊപ്പം ആർ.എസ്.എസ് ഉണ്ടാക്കുന്ന പ്രകോപനങ്ങളിൽ കുടുങ്ങാതിരിക്കാനും മുഴുവനാളുകളോടും അഭ്യർത്ഥിക്കുന്നു.