ജില്ലയിൽ സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ആർഎസ്എസ് ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു.

ആസൂത്രിതമായി കൊല നടത്തി പ്രകോപനമുണ്ടാക്കിക്കൊണ്ട് 'തങ്ങളെ അക്രമിക്കുന്നേ' എന്ന മുറവിളി കൂട്ടുകയാണ് ആർഎസ്എസ് ചെയ്യുന്നത്.  നേതൃത്വത്തിന്റെ അറിവോടെ കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐ(എം) പ്രവർത്തകരെ ആർ എസ് എസ് ക്രിമിനലുകൾ ആക്രമിക്കുന്നത്.

2015 നവമ്പർ അവസാനം ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ ചേർന്ന കണ്ണൂർ ബൈഠക്കിന്റെ തീരുമാനപ്രകാരമാണ് ഈ അക്രമങ്ങളെല്ലാം നടത്തുന്നത്.  ന്യൂനപക്ഷ വിരുദ്ധ വികാരം വളർത്തുന്നതിനും സിപിഐ(എം) കേന്ദ്രങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതിനും ആർ എസ് എസിന്റെ കണ്ണൂർ ബൈഠക് തീരുമാനിച്ചതാണ്.  ചിറക്കലിൽ ക്രൈസ്തവ പാസ്റ്റർമാരെ ആക്രമിക്കുകയും തുടർന്ന് ഇവർ മതപരിവർത്തനം നടത്താൻ വന്നവരാണെന്ന് കള്ളപ്രചരണം നടത്തിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

സിപിഐ(എം) കേന്ദ്രങ്ങളിൽ ഭീതിപ്പെടുത്തും വിധം മിന്നലാക്രമണങ്ങൾ നടത്തുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ പിണറായിയിൽ വാഹനത്തിന് നേരെ ബോംബെറിഞ്ഞ് വണ്ടി കയറ്റി സ:രവീന്ദ്രനെ അതി നിഷ്ഠൂരമായി ആർഎസ്എസ് ക്രിമിനലുകൾ കൊലപ്പെടുത്തിയത്.  സിപിഐ(എം) ശക്തികേന്ദ്രമായ പയ്യന്നൂർ കുന്നരുവിൽ മിന്നലാക്രമണം നടത്തി സ:ധനരാജിനെ കൊലപ്പെടുത്തിയതും ഉന്നതതല ഗൂഡാലോചനയെ തുടർന്നാണെന്ന് വ്യക്തം.  ഈ സംഭവം ആസൂത്രണം ചെയ്തതിൽ തിരുവനന്തപുരം സ്വദേശിയായ ആർഎസ്എസ് പ്രചാരകിന്റെ പങ്കും പുറത്ത് വന്നിട്ടുണ്ട്. തില്ലങ്കേരിയിൽ ചെത്ത് തൊഴിലാളിയായ ജിജോയെ മാരകമായി ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.  പടുവിലായിയിൽ സിപിഐ(എം) ലോക്കൽ കമ്മറ്റി അംഗം സ:മോഹനനെ കൊലപ്പെടുത്തിയതിൽ സംസ്ഥാന ശാരീരിക് ശിക്ഷൺ പ്രമുഖിന്റെ പങ്കാളിത്തവും പുറത്ത് വന്നു.

ആഗസ്ത് 20 ന് കോട്ടയം പൊയിലിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനത്തിൽ ആർ എസ് എസ് ക്രിമിനൽ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിക്കുകയാണ് ആർ എസ് എസ് നേതൃത്വം ചെയ്തത്.  കൊലപാതക പരമ്പരകൾ നടത്തുന്നതിനായി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് വിവിധ പ്രദേശങ്ങളിൽ ബോംബ് നിർമ്മാണവും ആയുധശേഖരവും നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആർഎസ്എസ് നേതാക്കളുടെ പ്രസ്താവനകൾ.  അക്രമം നടത്തി ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയും ജനങ്ങളുടെ ചെറുത്ത് നിൽപ്പ് ഉണ്ടാവുമ്പോൾ സി പി ഐ എം അക്രമം നടത്തുന്നു എന്ന് ദേശവ്യാപക പ്രചരണം നടത്തുകയും ചെയ്യുക എന്നതാണ് ആർ എസ് എസ് ശൈലി.

സിപിഐ(എം) എല്ലാ കാലത്തും സമാധാനത്തിന് വേണ്ടി പരിശ്രമിച്ച പാർട്ടിയാണ്. പ്രകോപനമുണ്ടാക്കി ബോധപൂർവ്വം സംഘർഷം ക്ഷണിച്ച് വരുത്തുന്നത് ആർ എസ് എസാണ്.  ശാഖാ പ്രവർത്തനത്തിന്റെ മറവിൽ നടത്തുന്ന ആയുധ പരിശീലനവും ക്രിമിനൽ പ്രവർത്തനവും അവസാനിപ്പിക്കാൻ ആർ എസ് എസ് തയ്യാറാവണം. വർഗ്ഗീയ കലാപങ്ങളും കൊലപാതകങ്ങളും സംഘടിപ്പിച്ച് ഭീതിപരത്തി ആധിപത്യം സ്ഥാപിച്ച് രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കുക എന്ന തന്ത്രമാണ് രാജ്യമാകെ ആർ എസ് എസ് നടപ്പാക്കുന്നത്.  കണ്ണൂരിൽ പാർട്ടി കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തി സംഘർഷമുണ്ടാക്കുന്നതും ഈ തന്ത്രത്തിന്റെ ഭാഗമാണ്.  ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം.  ഇപ്പോഴുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനും ശാശ്വത സമാധാനത്തിനും വേണ്ടി നടത്തുന്ന ഏത് പരിശ്രമങ്ങളുമായും സഹകരിക്കാൻ സി പി ഐ എം ഒരുക്കമാണെന്നും ജില്ലാ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.