ഭീകരതയ്ക്ക് മതമില്ല, രാജ്യദ്രോഹികളെ ഒറ്റപ്പെടുത്തുക ''എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ പാനൂർ ബ്ലോക്ക് കമ്മറ്റി പെരിങ്ങത്തൂരിൽ സംഘടിപ്പിച്ച ജാഗ്രതാ പരേഡിൽ ഞാൻ നടത്തിയ പ്രസംഗം ഉദ്ദേശിച്ച രീതിയിലല്ല ചിലർ മനസ്സിലാക്കിയതും മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയതും.

സലഫി ചിന്താധാര ഉൾക്കൊള്ളുന്ന മുജാഹിദ് വിഭാഗങ്ങളെ മുഴുവൻ അടച്ചാക്ഷേപിക്കുക എന്നത് എന്റെ ലക്ഷ്യമല്ല.എന്നാൽ സലഫിസത്തിന്റെ പേരിൽ കേരളത്തിൽ പുതുതായി രൂപപ്പെട്ടുവന്ന നവസലഫിസമെന്ന് പറയാവുന്ന, തീവ്ര സങ്കുചിത മതവാദത്തെയാണ് ഞാൻ എതിർത്തത്. അതിനെയാണ് നമ്മൾ എതിർക്കേണ്ടതും. കേരളീയ മുസ്ലീങ്ങളിലെ നവോത്ഥാന പ്രവർത്തനങ്ങൾക്കും, അന്ധവിശ്വാസ അനാചാര വിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മുജാഹിദ് പ്രസ്ഥാനങ്ങളുടെ കഴിഞ്ഞകാലം ആർക്കും മറക്കാൻ കഴിയില്ല. എന്നാൽ പിന്നീട് ആ വിഭാഗത്തിനകത്തേക്കുണ്ടായ അറബ് വൽക്കരണത്തിന്റെയും സലഫി തീവ്രചിന്തയുടെ നുഴഞ്ഞുകയറ്റത്തെയും ആധിക്യത്തെയും ചെറുക്കുന്നതിൽ അവർ പരാജയപ്പെട്ടു എന്ന് വേണം കരുതാൻ.

പാരമ്പര്യമായി ഇവിടെ നിലനിന്നിരുന്ന സാമുദായിക-സാംസ്‌കാരിക കൊടുക്കൽ വാങ്ങലുകൾ മുഴുവൻ അനിസ്ലാമികമെന്ന് പറഞ്ഞ് മുസ്ലിം സമുദായത്തെ ഒറ്റത്തുരുത്താക്കി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ മുഴുവനാളുകളും തിരിച്ചറിയണം. അതിന് മുസ്ലിം സമുദായത്തിലെ മുഴുവൻ സംഘടനകളും ജാഗ്രതയോടെ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. അത്തരം ജാഗ്രത പ്രവർത്തനങ്ങളുടെ കാവൽക്കാരും സംഘാടകരുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ പ്രവർത്തകരും എന്നുമുണ്ടാകും. മതഭ്രാന്തിനെതിരായി നാനാ മത വിശ്വാസികൾ ഒന്നിക്കേണ്ട കാലഘട്ടം കൂടിയാണിത്. ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഐ എസ്സിലേക്ക് ഒറ്റപ്പെട്ട നിലയിൽ യുവാക്കൾ ആകർഷിക്കപ്പെടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.  ഇത് ചൂണ്ടിക്കാട്ടി സംഘപരിവാരം ''ഭീകരതയ്ക്ക് മതമുണ്ട്'' എന്ന് പ്രഖ്യാപിച്ച് മുസ്ലിങ്ങളെ ഒന്നടങ്കം ആക്ഷേപിക്കാനാണ് മുതിരുന്നത്.  ഇതിനെ എതിർത്ത് തോൽപ്പിക്കാനും സി പി ഐ എം ജാഗ്രത പുലർത്തും.