കണ്ണൂർ: അഴീക്കൽ തുറമഖ പ്രദേശത്ത് നടക്കുന്ന മണലെടുപ്പും വിതരണവും ഇ-മണൽ സംവിധാനത്തിലേക്ക് മാറ്റണമെന്ന് സി.പി.ഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു. അഴീക്കൽ തുറമുഖ പ്രദേശത്തെ മണലെടുപ്പ് നിരവധി ആക്ഷേപങ്ങൾക്ക് വിധേയമായിട്ടുള്ളതാണ്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിന്റെ കാലത്ത് മണലെടുപ്പും വിതരണവും സുതാര്യമായി നടപ്പാക്കിയിരുന്നതാണ്. എന്നാൽ യു.ഡി.എഫ് ഗവൺമെന്റിന്റെ കാലത്ത് ഈ സംവിധാനമാകെ തകർക്കുകയും ബിനാമി സൊസൈറ്റികൾ യഥേഷ്ടം മണെലെടുത്ത് വിൽപ്പന നടത്തി അനധികൃത സമ്പത്ത് കുന്നുകൂട്ടുന്ന അവസ്ഥയാണ് ഉണ്ടായത്. ജനങ്ങൾക്കാകട്ടെ ന്യായമായ വിലക്ക് മുൻഗണനാക്രമമനുസരിച്ച് മണൽ കിട്ടാൻ സംവിധാനമില്ല. ജില്ലയിലാകെ മണൽക്ഷാമം നേരിടുന്ന ഈ സന്ദർഭത്തിൽ അഴീക്കൽ പ്രദേശത്ത് നിന്നും ശേഖരിക്കുന്ന മണൽ സുതാര്യമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടികൾ ഉണ്ടാകണം. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ഇ-മണൽ സംവിധാനത്തിലേക്ക് അഴീക്കൽ പ്രദേശത്തെ മണലെടുപ്പും വിതരണവും മാറ്റിയാൽ മണലെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയും വിതരണത്തിലെ ആക്ഷേപങ്ങളും അവസാനിപ്പിക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ അഴീക്കൽ തുറമുഖ പ്രദേശത്തെ മണലെടുപ്പും മണൽ വിതരണവും ഇ-മണൽ സംവിധാനത്തിലേക്ക് ഉടൻ തന്നെ മാറ്റണമെന്നും ന്യായമായ വിലക്ക് ജനങ്ങൾക്ക് മണൽ ലഭ്യമാക്കാൻ നടപടികളുണ്ടാവണമെന്നും അധികൃതരോട് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.