കരിനിയമങ്ങൾ കാട്ടി സി.പി.ഐ(എം)നെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ബി.ജെ.പി നേതൃത്വത്തെ ഓർമിപ്പിക്കുന്നു.

മുമ്പ് ടാഡ നിയമത്തെ ദുരുപയോഗിച്ച് സി.പി.ഐ(എം)നെ അടിച്ചമർത്താൻ കോൺഗ്രസ് ഗവൺമെന്റ് ശ്രമിച്ചിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഗവൺമെന്റ് യു.എ.പി.എ നിയമവും ദുരുപയോഗിച്ച് സി.പി.ഐ(എം)നെ അടിച്ചമർത്താൻ ശ്രമിച്ചിരുന്നു അതൊന്നും വിജയിച്ചില്ല.  ഇപ്പോൾ വർഗ്ഗീയ കലാപങ്ങളും കൊലകളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ആർ.എസ്.എസിനെ രക്ഷിക്കാൻ കേന്ദ്ര ബി.ജെ.പി ഗവൺമെന്റിനെ മറയാക്കി ശ്രമങ്ങൾ നടത്തിയാലും വിജയിക്കാൻ പോകുന്നില്ല. സൈന്യത്തിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് സി.പി.ഐ(എം)നെ നേരിടുമെന്ന ബി.ജെ.പി നേതൃത്വത്തിന്റെ പ്രഖ്യാപനം ജനങ്ങൾ പുച്ഛിച്ച് തള്ളും.

സമീപ കാലത്തെയും സംഘർഷങ്ങളുടെ തുടക്കം കുറിച്ചത് ആർ.എസ്.എസുകാരാണ്. തിരശീലക്ക് പിന്നിലിരുന്ന് പയ്യന്നൂരിലെ സി.പി.ഐ(എം) പ്രവർത്തകനായ ധനരാജിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് തിരുവനന്തപുരം സ്വദേശിയായ ആർ.എസ്.എസ് പ്രചാരകനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് വന്ന് രഹസ്യ പ്രവർത്തനം നടത്തുന്ന ആർ.എസ്.എസ് പ്രചാരകരാണ് ആക്രമങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന അത്തരം പ്രചാരകരുടെ പേരുകൾ വെളിപ്പെടുത്തിയാൽ തന്നെ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള പ്രധാന നടപടിയാകും. 

അക്രമണങ്ങളിലൂടെ ബി.ജെ.പി യെ വളർത്തനാണ് ശ്രമം നടക്കുന്നത്. അതിന് വേണ്ടി ബോംബടക്കമുള്ള മാരകായുധങ്ങൾ ആർ.എസ്.എസ് പോക്കറ്റുകളിലുണ്ട് അവ പിടിച്ചെടുക്കണം. ഇത്തരം ശ്രമങ്ങൾ മറച്ചുവെക്കുന്നതിന് വേണ്ടിയാണ് സി.പി.ഐ(എം) ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നു എന്ന ബി.ജെ.പി നേതൃത്വത്തിന്റെ പ്രസ്താവന. ഇക്കാര്യത്തിൽ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾ നല്ല ജാഗ്രത പുലർത്തണമെന്ന് സി.പി.ഐ(എം) അഭ്യർത്ഥിക്കുന്നു.