കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാത്ത ബിജെപി-ആർ എസ് എസ് നിലപാട് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പ്രസ്താവനയിലൂടെ ജനങ്ങൾക്ക് കൂടുതൽ ബോധ്യമായിരിക്കുകയാണ്

ആക്രമണത്തിൻറെ ശൈലി ഉപേക്ഷിക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാർ നടത്തുന്നത്. സംഘർഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ആർ എസ് എസ് ആണെന്ന സിപിഐ(എം) നിലപാട് ശരിവെക്കുന്നതാണ് ബിജെപി അധ്യക്ഷന്റെ വാക്കുകൾ.

ജില്ലയിലെ അക്രമസംഭവങ്ങൾ പഠിക്കാനെന്ന പേരിലുള്ള ബിജെപി കേന്ദ്ര നേതാക്കളുടെ സന്ദർശനം അക്രമം നടത്തുന്ന ആർ എസ് എസുകാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ളതാണ്. അതാണ് കോടിയേരി മേഖലയിൽ സി പി ഐ(എം) പ്രവർത്തകരുടെ ഏഴോളം വീടുകൾ ആക്രമിച്ച് തകർത്തതിലൂടെ തെളിയുന്നത്. ഇത് മാത്രമല്ല ബോംബ് നിർമ്മാണത്തിനിടെ  ആർ എസ് എസുകാരൻ കൊല്ലപ്പെട്ട കോട്ടയംപൊയിൽ  സന്ദർശിക്കുകയും യോഗം വിളിച്ച് ചേർത്ത് അത്യന്തം പ്രകോപനപരമായ പ്രസംഗം നടത്തുകയും ചെയ്തത് വഴി അക്രമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന സമീപനമാണ് തങ്ങൾക്ക് എന്ന് ഒന്ന് കൂടി അവർ വ്യക്തമാക്കിയിരിക്കുകയാണ്. സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും നാട്ടിൽ കലാപം നടത്താനുള്ള സംഘപരിവാരത്തിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണം എന്നഭ്യർത്ഥിക്കുന്നു.