കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ എത്തുന്ന ബിജെപി എം പിമാരുടെ സംഘത്തിന്റെ മുൻപിൽ ചില കാര്യങ്ങൾ സിപിഐ(എം) ശ്രദ്ധയിൽപെടുത്തുന്നു. സമീപകാലത്തെ അക്രമങ്ങളുടെ തുടക്കക്കാർ ആർ എസ് എസ് ആണെന്ന് ജില്ലയിലെ വസ്തുതകൾ പഠിച്ചാൽ ആർക്കും ബോധ്യപ്പെടും.

1)തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രദേശമായ പിണറായിയിൽ യാതൊരു കാരണവും ഇല്ലാതെ സ:സി വി രവീന്ദ്രനെ ബോംബെറിഞ്ഞും വാഹനം കയറ്റിയും ആർ എസ് എസുകാർ കൊലപ്പെടുത്തിയത് ജൂലൈ 11 ന് രാത്രി സ്വന്തം വീട്ടുവളപ്പിൽ സി പി ഐ എം പ്രവർത്തകനായ സ:സി വി ധനരാജിനെ കൊലപ്പെടുത്തിയതോടെയാണ് ജില്ലയിലെ സമീപകാല രാഷ്ട്രീയ സംഘർഷം ആരംഭിച്ചത്.. ധനരാജിന്റെ സ്വദേശമായ കുന്നരുവിലോ പയ്യന്നൂരിലോ ഒരുതരത്തിലുമുള്ള സംഘർഷവും ഉണ്ടായിരുന്നില്ല.യാതൊരു ന്യായീകരണവും ഇല്ലാത്ത ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ജനങ്ങളിൽ നിന്ന് മറച്ചുവെയ്ക്കാൻ ഒട്ടേറെ നുണകളാണ് ആർ എസ് എസ് നേതൃത്വം പ്രചരിപ്പിച്ചത്.എന്നാൽ സമർത്ഥമായ പോലീസ് അന്വേഷണത്തിലൂടെ ഈ കൊലയിൽ ആർ എസ് എസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമായിരിക്കുകയാണ്.ഈ കൊലക്കേസിൽ ഗൂഡാലോചനക്കാരനായി തിരുവനന്തപുരം സ്വദേശിയായ പ്രചാരകൻ തന്നെ പ്രതിയായി വന്നിരിക്കുകയാണ്. വർഗ്ഗീയകലാപങ്ങളും കൊലകളും ആസൂത്രണം ചെയ്യുന്നത് ആർ എസ് എസ് നേതൃത്വത്തിന്റെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്.മോഹൻ ഭാഗവത് പങ്കെടുത്ത കണ്ണൂർ ബൈഠക്കിൽ സി പി ഐ എം സ്വാധീന കേന്ദ്രങ്ങളിൽ അക്രമം നടത്താനുള്ള തീരുമാനം തന്നെ കൈക്കൊണ്ടിരുന്നു.

2)ആക്രമണം നടത്താൻ വേണ്ടി ആർ എസ് എസ് കേന്ദ്രങ്ങളിൽ ബോംബ് നിർമ്മാണം ഉൾപ്പടെയുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായും വാർത്തകൾ ഉണ്ടായിരുന്നു.അതിന്റെ തെളിവാണ് ആഗസ്ത് 20 ന് കോട്ടയംപൊയിലിൽ ബോംബ് നിർമ്മാണത്തിനിടയിൽ ദീക്ഷിത്ത് എന്ന ആർ എസ് എസ് പ്രവർത്തകനായ യുവാവ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവം.സ്‌ഫോടനം നടന്ന വീട്ടുമുറിയിൽ അക്രമത്തിന് ഉപയോഗിക്കുന്ന നിരവധി വാളുകളും മഴുവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

3) മുസ്ലിം തീവ്രവാദികളായ എൻ ഡി എഫുകാർ കൊലപ്പെടുത്തിയ രക്തസാക്ഷി സ:ദിലീപന്റെ അനുസ്മരണ പരിപാടി ആഗസ്ത് 24 ന് കാക്കയങ്ങാട് വെച്ച് നടക്കുന്നതിനിടയിലാണ് പരിപാടിയിൽ പങ്കെടുത്തവരെ ആർ എസ് എസുകാർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.തടയാനെത്തിയ പോലീസുകാരെയും മർദ്ദിച്ചു.അന്ന് തന്നെ ദിലീപൻ രക്തസാക്ഷി ദിനാചരണപരിപാടി കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന സി പി ഐ എം പുല്ലാഞ്ഞിയോട് ബ്രാഞ്ച് സെക്രട്ടറി സ:സുരേഷ് ബാബുവിനെ പതിയിരുന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചു.തൊട്ടടുത്ത പ്രദേശമായ പാലപ്പുഴയിൽ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് ആർ എസ് എസുകാർ ഒളിപ്പിച്ച് വെച്ച ബോംബ് പൊട്ടി അബ്ദുൾ റസാഖ് എന്നയാൾക്ക് ദേഹമാസകലം പരിക്കേറ്റ സംഭവമുണ്ടായത്.ഒരു കണ്ണിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ അദ്ദേഹം മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലാണ്.

4)ആഗസ്ത് 24 ന് തന്നെയാണ് പാനൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ചെണ്ടയാട് ഒരു ആർ എസ് എസ് പ്രവർത്തകന്റെ വീടിനകത്ത് സൂക്ഷിച്ച് വെച്ച ബോംബ് പൊട്ടിയാണ് 10 വയസുകാരനായ കുട്ടിക്ക് കണ്ണിന് മാരകമായി പരിക്ക് പറ്റുകയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവമുണ്ടായത്.അക്രമം നടത്തുന്നതിന് വ്യാപകമായി ആർ എസ് എസുകാർ ബോംബ് ഉൾപ്പടെയുള്ള ആയുധങ്ങൾ വിവിധ കേന്ദ്രങ്ങളിൽ സംഭരിച്ചിട്ടുണ്ടെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

5)സെപ്തംബർ 3 ന് രാത്രി സി പി ഐ എം പ്രവർത്തകനും ചെത്ത് തൊഴിലാളിയുമായ സ:ജിജോവിനെ വീട്ടിലേക്ക് പോവുമ്പൊഴാണ് ആർ എസ് എസുകാർ ബോംബെറിഞ്ഞ് പരിക്കേൽപ്പിച്ചത്.ഇതാണ് തില്ലങ്കേരി സംഘർഷത്തിന്റെ തുടക്കം.

6)തങ്ങൾക്ക് നല്ല സ്വാധീനമുള്ള പ്രദേശങ്ങളിൽ ഇതരപാർട്ടിക്കാർക്ക് പ്രവർത്തനസ്വാതന്ത്ര്യം പോലും അനുവദിക്കാത്ത നിലപാടാണ് ആർ എസ് എസ് സ്വീകരിക്കുന്നത്.ചെറുവാഞ്ചേരി പ്രദേശത്ത് സി പി ഐ എം ഓഫീസ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 30 ലേറെ തവണയാണ് ആർ എസ് എസുകാർ ആക്രമിച്ച് തകർത്തത്.

7)അത്യന്തം പ്രകോപനപരമായ നീക്കങ്ങൾ നടത്തി സംഘർഷമുണ്ടാക്കാൻ ആർ എസ് എസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ധർമ്മടം പഞ്ചായത്തിലെ വെള്ളൊഴുക്കിൽ ഉണ്ടായത്.ഇവിടെ നിരന്തരമായി സിപിഐ(എം) സ്ഥാപിച്ച കൊടികൾ രാത്രികാലത്തും മറ്റും എടുത്ത് കൊണ്ട് പോയിരുന്നു.അത്തരം സന്ദർഭങ്ങളിലെല്ലാം വീണ്ടും കൊടികൾ സ്ഥാപിക്കുകയാണ് പാർട്ടി പ്രവർത്തകർ ചെയ്തത്.എന്നാൽ സെപ്തംബർ 11 ന് പട്ടാപ്പകൽ ആർ എസ് എസ് പ്രവർത്തകർ സിപിഐ(എം) സ്ഥാപിച്ച പതാക പരസ്യമായി കത്തിച്ചു.ഈ ക്രിമിനലുകളെ തള്ളിപ്പറയാൻ ആർ എസ് എസ് നേതൃത്വം ഇതേവരെ തയ്യാറായിട്ടില്ല.

8)അങ്ങേയറ്റം കാടത്തമാണ് തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ വിളക്കൊട്ടൂർ പാലിയംകണ്ടിയിൽ നടന്നത്.അവിടത്തെ സി പി ഐ എം അനുഭാവി വിനോദിനെ ഭീഷണിപ്പെടുത്തി പാർട്ടി ബന്ധം ഉപേക്ഷിപ്പിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വീട്ടുകിണറിൽ മലം കൊണ്ടുപോയി ഇടുന്ന ക്രൂരതയാണ് ആർ എസ് എസുകാർ ചെയ്തത്.കൂടാതെ വിനോദിന്റെ ഭാര്യ വിചിത്രയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തു.

9)സമീപകാലത്ത് ആർ എസ് എസ് നടത്തിയ ചില അക്രമസംഭവങ്ങൾ മാത്രമാണ് മേൽവിവരിച്ചത്.എത്രയോ കാലം സംഘപരിവാറിന്റെ ഭാഗമായിരുന്ന ഒ കെ വാസുമാസ്റ്ററും എ അശോകനും സുധീഷ് മിന്നിയും ഉൾപ്പടെ നൂറ് കണക്കിന് ആളുകളാണ് സംഘപരിവാർ ബന്ധമുപേക്ഷിച്ച് സി പി ഐ എമ്മിന്റെ കൊടിപിടിക്കാൻ മുന്നോട്ട് വന്നത്.ഇവർക്കെല്ലാം എന്തുകൊണ്ട് ഇത്തരമൊരു മാറ്റമുണ്ടായി എന്നന്വേഷിച്ചാൽ ആർ എസ് എസ് നടത്തിയ ആക്രമണങ്ങളെ കുറിച്ചാണ് ബോധ്യമാവുക.ഒരു ബിജെപി നേതാവിന്റെ പരസ്ത്രീ ബന്ധം സംബന്ധിച്ച് ബിജെപിക്കകത്ത് ഉയർന്ന് വന്ന ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കണ മെന്നാവശ്യപ്പെട്ടതിന്റെ പേരിലാണ് ആർ എസ് എസ് നേതൃത്വം വാസു മാസ്റ്ററെയും അശോകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചത്.ചുരുക്കത്തിൽ പുറത്ത് മാത്രമല്ല സംഘപരിവാറിനകത്ത് തെറ്റിനെ ചോദ്യം ചെയ്യുന്നവരെയും ആക്രമത്തിലൂടെ നേരിടുക എന്ന സമീപനമാണ് ആർ എസ് എസ് നേതൃത്വത്തിന്റേത്.

10)നാടിന്റെ സമാധാനം തകർക്കുന്നതിനായി മനപ്പൂർവ്വം അക്രമം നടത്തുന്ന സംഘപരിവാർ നേതാക്കളിൽ റിയൽ എസ്റ്റേറ്റ് മാഫിയ,കവർച്ച സംഘങ്ങൾ എന്നിവയുടെ ഭാഗമായി പ്രവർത്തിക്കുന്നവരുമുണ്ട്. ഇതേക്കുറിച്ചും ബിജെപി നേതൃത്വം അന്വേഷിക്കണം.

11)സംഘർഷങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ആർ എസ് എസ് നേതൃത്വമാണ് പ്രതിക്കൂട്ടിലാവുക.ബീഡിതൊഴിലാളികൾക്ക് നേരെയായിരുന്നു ആർ എസ് എസിന്റെ ആദ്യകാല അക്രമങ്ങൾ. 1969 മാർച്ച് 17 നാണ് ധർമ്മടം മേലൂരിലെ ദിനേശ് ബീഡിക്കമ്പനിക്ക് നേരെ ആക്രമണം നടത്തിയത്.

12)1969 ഏപ്രിൽ 27 നാണ് ഇപ്പോഴത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ:കോടിയേരി ബാലകൃ ഷ്ണനെ ആർ എസ് എസുകാർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.അന്ന് 16 വയസു കാരനായ സ:കോടിയേരി യുടെ തല തല്ലിപ്പൊളിച്ചു.ഇതേക്കുറിച്ച് 1969 ഏപ്രിൽ 28 ന്റെ മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്തത് ഇങ്ങിനെയാണ് ''ബാലകൃഷ്ണൻ ഓണിയൻ ഹൈസ്‌കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് വരുമ്പോൾ ആർ എസ് എസുകാർ എന്ന് പറയപ്പെടുന്ന ഒരു സംഘമാളുകൾ ആക്രമിക്കുകയാണത്രേ ഉണ്ടായത്. അയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നു''.ഇങ്ങിനെ എല്ലാ കാലത്തും സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത് ആർ എസ്സ് എസ് ആണെന്ന് ആദ്യകാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ ബിജെപി നേതാക്കൾക്ക് ബോധ്യമാവും. വരമ്പത്ത് നിന്ന് കൂലി വാങ്ങിച്ച് തങ്ങൾ പാടത്തേക്കല്ല പരിസരത്ത് പോലുമുണ്ടായിരുന്നില്ലെന്ന നുണ പ്രചരിപ്പിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം?

13)ആർ എസ് എസ് ആസൂത്രണം ചെയ്ത തലശ്ശേരി വർഗ്ഗീയ കലാപത്തിനെതിരെ പാർട്ടി നടത്തിയ പ്രവർത്തനവും അവരെ പ്രകോപിപ്പിച്ചു.അതിന്റെ പേരിലാണ് സിപിഐ(എം) മാങ്ങാട്ടിടം ലോക്കൽ കമ്മറ്റിയംഗമായിരുന്ന സ:യു കെ കുഞ്ഞിരാമനെ ആർ എസ് എസുകാർ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.മുസ്ലിം വിരോധത്തോടൊപ്പം കൃസ്ത്യൻ വിരുദ്ധതയും ആർ എസ് എസിന്റെ മുഖമുദ്രയാണ്.അതിന്റെ ഭാഗമായാണ് ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ കൃസ്തീയ പാസ്റ്റർമാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന നുണ പ്രചരിപ്പിച്ചായിരുന്നു ആക്രമണം. സംഘർഷങ്ങളുടെ കാരണം ആർ എസ് എസിന്റെ മതന്യൂനപക്ഷ വിരോധം കൂടി ഉണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

രാഷ്ട്രീയസംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് ആര് മുൻകൈയ്യെടുത്താലും സി പി ഐ എം അതുമായി പൂർണ്ണമനസ്സോടെ സഹകരിക്കും.ജനാധിപത്യവ്യവസ്ഥയ്ക്ക് നിരക്കാത്ത ആർ എസ് ശൈലിയാണ് സംഘർഷങ്ങളുടെ യഥാർത്ഥ കാരണം. ആർ എസ് എസ് ആയുധം താഴെ വെച്ചാൽ നാട്ടിൽ സമാധാനം പുലരും.