ഇന്ന് ജില്ലയിലുണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങളും പോലീസ് സമഗ്രമായി അന്വേഷിക്കണം. കാക്കയങ്ങാട് പാലപ്പുഴയിൽ പറമ്പിലെ പുല്ല് നീക്കം ചെയ്യുന്നതിനിടെയിലാണ് ബോംബ് പൊട്ടി സ്ഥലമുടമ അബുൾ റസാക്കിന് മാരകാമായി പരിക്കേറ്റത്.  ഉഗ്ര ശേഷിയുള്ള ബോംബാണ് അവിടെ പൊട്ടിയത്. പാലപ്പുഴ ആർ എസ് എസിന്റെ കേന്ദ്രമാണ്. നേരത്തേ കൂത്തുപറമ്പിൽ ശ്രീകൃഷ്ണജയന്തിക്ക് വേണ്ടി വീട്ടിൽ വെച്ച് ബോംബ് ഉണ്ടാക്കുന്നതിനിടയിൽ സ്‌ഫോടനത്തിൽ ഒരു ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ ഗണേശോൽസവം ആർ എസ് എസുകാർ നടത്താൻ പോവുകയാണ്. ഗണേശോൽസവത്തിന് വേണ്ടി ഉണ്ടാക്കിയ ബോംബുകളാണ് പാലപ്പുഴയിലെ കാട് പിടിച്ച് നിൽക്കുന്ന പ്രദേശത്ത് ആർ എസ് എസുകാർ നിക്ഷേപിച്ചത്. ആ ബോംബുകൾ പൊട്ടിയാണ് നിരപരാധിയായ സ്ഥലമുടമ അബ്ദൂൾ റസാക്കിന് ഗുരുതരമായി പരിക്കേറ്റത്.

വൈകീട്ടോടെയാണ് പാനൂർ ചെണ്ടയാടിലെ ഹിന്ദു ഐക്യവേദി താലൂക്ക് ഭാരവാഹി ചന്ദ്രന്റെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് പത്ത് വയസുകാരൻ ദേവനന്ദിന് ഗുരുതരമായി പരിക്കേറ്റത്. കാക്കയങ്ങാട് സ്‌ഫോടനത്തെ തുടർന്ന് ആർ എസ് എസുകാർ ബോംബുകൾ മാറ്റുന്നതിനിടയിലാണ് ചെണ്ടയാട് സ്‌ഫോടനമുണ്ടായത്. ജില്ലയിലാകെ കലാപം നടത്താൻ സംഘപരിവാർ ആസൂത്രണം നടത്തുന്നുണ്ട്.

സമൂഹത്തിൽ സമാധാനം ആഗ്രഹിക്കുന്ന മുഴുവനാളുകളും ചിന്തിക്കേണ്ട വിഷയമാണിത്. വലിയതോതിൽ മാരകപ്രഹരശേഷിയുള്ള ബോംബുകൾ ആർ എസ് എസുകാർ സംഭരിച്ച് വെച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ രണ്ട് സംഭവങ്ങളും. പോലീസ് ഇത് സമഗ്രമായി അന്വേഷിക്കണം. ജില്ലയിലെ മുഴുവൻ ആർ എസ് എസ് കേന്ദ്രങ്ങളും റെയ്ഡ് ചെയ്യണം. ഇത്തരത്തിൽ ബോംബുകൾ നിർമ്മിക്കുന്ന മുഴുവനാളുകളെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കണം. സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ആർ എസ് എസിന്റെ ഇത്തരം കലാപ ശ്രമങ്ങൾക്കെതിരായി പ്രതികരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.