കണ്ണൂർ: ശ്രീനാരായണഗുരുവിന്റെ 'നമുക്ക് ജാതിയല്ല' പ്രഖ്യാപനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ നടത്തിയ 'നമ്മളൊന്ന'് നവോത്ഥാനസദസിൽ ക്ഷേത്രാചാരങ്ങളെ അവഹേളിച്ചു എന്നനിലയിലുള്ള സംഘപരിവാറിന്റെ കുപ്രചാരണം ആത്മീയനേതാക്കൾ ഏറ്റെടുക്കുന്നത് ഖേദകരമാണെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച തളിപ്പറമ്പിൽ ഹിന്ദു ഐക്യവേദിയും മറ്റ് സംഘപരിവാർ സംഘടനകളും നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ, സ്വാമി ചിദാനന്ദപുരി അള മുട്ടിയാൽ ചേരയും കടിക്കും എന്നനിലയിൽ പ്രകോപനപരമായ പ്രസംഗം നടത്തുകയാണ് ചെയ്തത്. നിന്ദിക്കാനുള്ള ശ്രമമുണ്ടായാൽ ചെറുത്തുനിൽക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചതായി അറിയുന്നു.

സംഘപരിവാറിന്റെ സഹയാത്രികനായ ചിദാനന്ദപുരിയെപ്പോലുള്ളവർ വസ്തുതകൾ വളച്ചൊടിക്കുന്നതിൽ അസ്വാഭാവികത ഇല്ലെങ്കിലും ഇത് ഒരു മതേതരസമൂഹത്തിൽ വൻ പ്രത്യാഘാതമുണ്ടാക്കും. യഥാർഥ വസ്തുതകൾ മനസിലാക്കാത്തവരെ തെറ്റിദ്ധരിപ്പിക്കാനേ ഇത്തരം പ്രസംഗങ്ങൾ ഉതകൂ. 

തൃഛംബരം ക്ഷേത്രത്തിലെ തിടമ്പുകളല്ല, ഘോഷയാത്രയിൽ ഉപയോഗിച്ചതെന്നത് നിസ്തർക്കമാണ്. ക്ഷേത്രത്തിലെ ഒരു ആചാരവും ഇവിടെ അനുവർത്തിച്ചില്ല. എന്നാൽ, തിടമ്പ് മറയാക്കി സിപിഐഎമ്മിനെതിരെ വിദ്വേഷപ്രചാരണത്തിനാണ് ആർഎസ്എസ് ശ്രമിച്ചത്. ആത്മീയമേഖലയിൽ സംഘപരിവാരത്തിന്റെ മെഗാഫോണുകളായി പ്രവർത്തിക്കുന്നവരെ ഉപയോഗിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. ക്ഷേത്രകലകൾ പതിറ്റാണ്ടുകൾ മുമ്പേ പൊതുവേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തിടമ്പുനൃത്തവും അത്തരത്തിൽ അവതരിപ്പിക്കപ്പെടുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്ത് ഛിദ്രശക്തികൾ മുതലെടുപ്പ് നടത്തുമ്പോൾ ഇത് പ്രതിരോധിക്കേണ്ടത് പുരോഗമപ്രസ്ഥാനങ്ങളുടെ കടമയാണ്. വവോഥാനത്തിന് തുടർച്ച വേണമെന്ന മഹദ് സന്ദേശമാണ് ഘോഷയാത്രയിലൂടെ ഉദ്‌ഘോഷിച്ചത്. എന്നാൽ, സവർണമനോഭാവവും ചാതുർവർണ്യവും മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്ന സംഘപരിവാറിന് ഇത് ദഹിക്കില്ല. ദളിതരെയും പിന്നോക്കക്കാരെയും പീഡിപ്പിച്ചുകൊല്ലുകയും വേട്ടയാടുകയും ചെയ്യുന്ന ഇത്തരം ഫാസിസ്റ്റ് ശക്തികൾ നവോഥാനപരിശ്രമങ്ങൾക്ക് എപ്പോഴും എതിരാണ്. 

ഉത്തരേന്ത്യയിലും മറ്റും വർഗീയകലാപങ്ങൾക്ക് വഴിമരുന്നിടുന്ന കാഷായധാരികളുടെ തനിനിറം അടുത്ത കാലത്ത് രാജ്യം തിരിച്ചറിഞ്ഞതാണ്. ചിദാനന്ദപുരിയെപ്പോലുള്ളവരുടെ ഉള്ളിലുള്ള കമ്യൂണിസ്റ്റ് വിരോധം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇത്തരം സ്വാമിമാർ ആത്മീയനേതാക്കളെന്ന പദവി വിട്ട് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറുകയാണ്. മതത്തെയും ജാതിയെയും അടിസ്ഥാനമാക്കിയുള്ള ഇത്തരം പരീക്ഷണങ്ങൾക്ക് കേരളത്തിലും വേദിയൊരുങ്ങുമ്പോൾ മതനിരപേക്ഷത പുലരണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗവും ഇത്തരം പ്രകോപനനീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്നും പി ജയരാജൻ അഭ്യർഥിച്ചു.