വർഗീയവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള 'നമ്മളൊന്ന്' സാംസ്‌കാരിക ഘോഷയാത്രയിൽ അവതരിപ്പിച്ച തിടമ്പ് നൃത്ത മാതൃകയെ ചൊല്ലി ക്ഷേത്രവിശ്വാസികളിൽ സി പി ഐ എം വിരുദ്ധ വികാരം ഉണ്ടാക്കാനുള്ള സംഘപരിവാർ പരിശ്രമം വിജയിക്കാൻ പോകുന്നില്ല.

'നമ്മളൊന്ന്' പരിപാടിയിൽ പങ്കെടുത്ത ജനസഞ്ചയത്തിൽ മഹാഭൂരിപക്ഷം പേരും വിശ്വാസികളും എന്നാൽ മതഭ്രാന്തിനെതിരെ ഉറച്ച നിലപാടുള്ളവരുമാണ്. അതിനാൽ ചിദാനന്ദപുരി അടക്കമുള്ള സ്വാമിമാരെ ഇറക്കിയാലും അത് ജനങ്ങളിൽ യാതൊരു ചലനവും ഉണ്ടാക്കില്ല. ഈ സ്വാമിയാവട്ടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഏപ്രിൽ 6 ന്കോഴിക്കോട് ധർമ്മ രക്ഷാ സംഗമം എന്ന പേരിൽ നടത്തിയ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത് തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് വോട്ട് ചെയ്യണം എന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ്. വർഗീയതയിൽ ഊന്നിയ രാഷ്ട്രീയ പ്രവർത്തനമാണ് സ്വാമി ചിദാനന്ദപുരി നടത്തി കൊണ്ടിരിക്കുന്നത്. അതേ പ്രവർത്തനം നടത്താനാണ്അദ്ദേഹം തളിപ്പറമ്പിലും എത്തുന്നത്.മതഭ്രാന്ത് ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ ആത്മീയ നേതാക്കൾ ഇടപെട്ടാൽ ആത്മീയ നേതാക്കൾ എന്ന നിലയിൽ അവർക്ക് സമൂഹത്തിൽ ലഭിക്കുന്ന പദവി നഷ്ടപ്പെടും. ഇങ്ങിനെ മതഭ്രാന്ത് പ്രചരിപ്പിക്കാനെത്തുന്ന ആർ എസ് എസ് ആസാമിമാരെ ജനങ്ങൾ തിരിച്ചറിയും. ആത്മീയ മേഖലയിൽ ഉള്ളവർ സി പി ഐ എം വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയാൽ അവരെ വിരുദ്ധ രാഷ്ട്രീയക്കാരായി കണക്കാക്കി എതിർക്കും. തളിപ്പറമ്പ് പരിപാടിയിൽ ഇത്തരക്കാർ മാത്രമല്ല വർഗീയ ശക്തികളുടെ കേരളത്തമ്പുരാനായി അറിയപ്പെടുന്ന കുമ്മനം രാജശേഖരനും പങ്കെടുക്കുന്നുണ്ട്. പഴയ ജന്മിത്തമ്പുരാക്കന്മാരുടെ പുതിയ അവതാരങ്ങളെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ തമ്പുരാനിസത്തെ ജനങ്ങൾ ചെറുത്ത് പരാജയപ്പെടുത്തുക തന്നെ ചെയ്യും. ഇവരുടെ സി പി ഐ എം വിരുദ്ധ രാഷ്ട്രീയം വിജയിക്കാൻ പോകുന്നില്ല. വർഗീയതയ്‌ക്കെതിരെ സി പി ഐ എം നടത്തുന്ന പോരാട്ടം ജനങ്ങളാകെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.