കണ്ണൂർ: ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള മലയോര ഹൈവേ പദ്ധതി ഉപേക്ഷിച്ചെന്ന നിലയിൽ മുൻമന്ത്രി കെ സി ജോസഫും യുഡിഎഫും നടത്തുന്ന പ്രചാരണം വാസ്തവവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണ്.  പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഇതിനകം ഉറപ്പു നൽകിയിട്ടുണ്ട്. പ്രവൃത്തി ഊർജിതമായി മുന്നോട്ടുപോവുകയാണെന്നും നിർത്തിവച്ചിട്ടില്ലെന്നും കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രവൃത്തി നിർത്തിയെന്നു പറഞ്ഞ് സമരകോലാഹലങ്ങളുമായി മുന്നോട്ടുപോകുന്നത് ദുരുപദിഷ്ടമാണ്. 

തെരഞ്ഞെടുപ്പു മുന്നിൽകണ്ട് ഉമ്മൻചാണ്ടി സർക്കാർ ജനങ്ങളോടു കാണിച്ച വഞ്ചനയാണ് പദ്ധതി സംബന്ധിച്ച് താൽക്കാലികമായെങ്കിലുമുണ്ടായ ആശയക്കുഴപ്പത്തിനു കാരണം. ഒരു രൂപ പോലും നീക്കിവയ്ക്കാതെയാണ് മുൻ സർക്കാർ 237.2 കോടിയുടെ ബൃഹദ് പദ്ധതിക്ക് ഭരണാനുമതിയും പ്രത്യേകാനുമതിയും നൽകിയത്. യുഡിഎഫിന്റെ പതിവു വികസനവാചകക്കസർത്തു മാത്രമായിരുന്നു മലയോര ഹൈവേ അടക്കമുള്ള ജില്ലാ ഫ്‌ളാഗ്ഷിപ്പ്‌ പദ്ധതികൾ.

2015-16ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി കെ എം മാണി ഡിസ്ട്രിക്ട് ഫഌഗ്ഷിപ്പ് ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട്(ഡിഎഫ്‌ഐപി) എന്ന പേരിൽ പുതിയൊരു വികസന  പദ്ധതി പ്രഖ്യാപിച്ചത്. ഓരോ ജില്ലയിലും ഒന്നു വീതം 14 പദ്ധതികൾ. മതിപ്പു ചെലവ് 1400 കോടി. ഫണ്ട് പൊതുവിപണിയിൽനിന്നു കണ്ടെത്തുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് പദ്ധതികളുടെ എണ്ണം 21ഉം തുക 3771.47 കോടിയുമായി ഉയർത്തി. പണം കേരള റോഡ് ഫണ്ട് ബോർഡിൽനിന്ന് കണ്ടെത്താനും അതിനായി പെട്രോൾ/ഡീസൽ സെസ്സിൽനിന്ന് അമ്പതു പൈസ വീതം അനുവദിക്കാനും തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് 2016 ഫെബ്രുവരി 20നാണ് ഇതിൽ മലയോര ഹൈവേ ഉൾപ്പെടെ പത്തു പദ്ധതികൾക്ക്(മതിപ്പു ചെലവ് 1620.30 കോടി)സർക്കാർ ഭരണാനുമതിയും പ്രത്യേകാനുമതിയും നൽകിയത്.

എന്നാൽ പെട്രോൾ/ഡീസൽ സെസ്സിൽനിന്ന് അമ്പതു പൈസ വീതം സമാഹരിച്ചാൽ പ്രതിവർഷം ഏകദേശം 200 കോടിയാണ് ഈയിനത്തിൽ ലഭിക്കുകയെന്ന് ഉത്തരവിൽ തന്നെ പറയുന്നുണ്ട്. ഇതുപ്രകാരം എട്ടുവർഷം വേണ്ടിവരും 1620 കോടിയുടെ പദ്ധതികൾക്ക് പണം കണ്ടെത്താൻ. പുതിയ സർക്കാരിന്റെ കാലാവധി കഴിഞ്ഞാൽ പോലും പണം കണ്ടെത്താൻ കഴിയില്ലെന്നർഥം. ഇത്തരമൊരു പദ്ധതിക്ക് എങ്ങനെയാണ് അധികാരമൊഴിയാൻ പോകുന്ന ഒരു സർക്കാർ ഭരണാനുമതിയും പ്രത്യേകനാനുമതിയും നൽകുക? ഇതുവരെ ഈയിനത്തിൽ നയാപൈസ ധനവകുപ്പിൽനിന്നു ലഭിച്ചിട്ടില്ലെന്നും റോഡ് ഫണ്ട് ബോർഡ് പറയുന്നു. യഥാർഥത്തിൽ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു യുഡിഎഫ് സർക്കാർ.

34 വർഷമായി എംഎൽഎയും മന്ത്രിയുമൊക്കെയായി തുടരുന്ന കെ സി ജോസഫ്, വർഷങ്ങളായി മലയോര ഹൈവേയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഒരിക്കൽപോലും മതിയായ ഫണ്ട് വകയിരുത്താൻ കഴിഞ്ഞിരുന്നില്ല. ആവശ്യമായ തുക നീക്കിവയ്ക്കാതെ പദ്ധതിക്ക് അനുമതി നൽകുകയായിരുന്നു. എങ്ങനെ ഫണ്ട് കണ്ടെത്തുമെന്നുപോലും തിട്ടമില്ലാതെ പുതിയ സർക്കാരിനുമേൽ ഭീമമായ ബാധ്യതയുണ്ടാക്കി അധികാരത്തിൽനിന്ന് ഇറങ്ങിപ്പോയ ശേഷമാണ് ഇപ്പോൾ കെ സി ജോസഫ് തൊടുന്യായവുമായി രംഗത്തു വരുന്നത്. കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്ക് വലിയ ആസ്തിയുള്ളതിനാൽ പണം ഇപ്പോൾ കൊടുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതായി കണ്ടു. എന്തൊരു അസംബന്ധ വാദമാണിത്. കരാറുകാർക്ക് ആസ്തിയുള്ളതുകൊണ്ട് സർക്കാർ പദ്ധതികൾ പണമില്ലാതെ നടപ്പാക്കാൻ കഴിയുമോ.

ഏതെങ്കിലും രീതിയിൽ ഫണ്ട് കണ്ടെത്തി മാത്രമേ ജില്ലാ ഫഌഗ്ഷിപ്പ് പദ്ധതികളുമായി മുന്നോട്ടു പോകാൻ കഴിയൂവെന്ന നിലപാട് തെറ്റാണെന്ന് പറയാനാവില്ല. അതേസമയം, മലയോര ഹൈവേയുടെ പ്രധാന്യം ഉൾക്കൊണ്ടുകൊണ്ട് ഈ പ്രവൃത്തി നിലയ്ക്കാതിരിക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുകയുമാണ്. കന്നി ബജറ്റിൽ തന്നെ മാന്ദ്യവിരുദ്ധ പാക്കേജിൽ ഉൾപ്പെടുത്തി 5700 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികളാണ് ഈ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ സാഹചര്യത്തിൽ മലയോര ഹൈവേ നഷ്ടപ്പെടാൻ പോകുന്നു എന്ന തരത്തിലുള്ള അസത്യപ്രചാരണങ്ങൾ മലയോര ജനതയെ സ്വാധീനിക്കില്ലെന്ന് ഉത്തമവിശ്വാസമുണ്ട്. കെ സി ജോസഫും യുഡിഎഫും നടത്തുന്ന ഹർത്താൽ അടക്കമുള്ള രാഷ്ട്രീയപ്രേരിത സമരപരിപാടികൾ തള്ളിക്കളയണമെന്നും അഭ്യർഥിക്കുന്നു.