കോട്ടയംപൊയിൽ സ്‌ഫോടനത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു. സ്‌ഫോടനത്തിൽ ആർ എസ് എസ് പ്രവർത്തകൻ ദീക്ഷിത്ത് കൊല്ലപ്പെടുക മാത്രമല്ല കൂടെയുണ്ടായിരുന്ന ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. നിർമ്മിച്ച ബോംബുകൾ അവിടെ നിന്നും ആർ എസ് എസ് കേന്ദ്രത്തിലേക്ക് മാറ്റിയതായും നാട്ടുകാർ പറയുന്നുണ്ട്. ബോംബ് നിർമ്മിച്ച വീടിനകത്ത് നിന്നും 7 വാളുകൾ 1 മഴു തുടങ്ങിയ ആയുധങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്.  ജില്ലയെ കലാപഭൂമിയാക്കാനയുള്ള ആർ എസ് എസ് നീക്കത്തിന്റെ ഭാഗമാണിതെന്ന് വേണം കരുതാൻ. അതിനാൽ ഈ ആയുധനിർമ്മാണത്തിന് നേതൃത്വം നൽകിയ ആർ എസ് എസ് പ്രചാരകന്മാർ ഉൾപ്പടെയുള്ളവർക്കെതിരെ പോലീസ് കേസെടുക്കണം.

ആഗസ്ത് 24 ന് വിശ്വാസികളെ മതഭ്രാന്തിലേക്ക് നയിക്കാനുള്ള സംഘപരിവാരത്തിന്റെ പ്രകടനങ്ങൾ നടക്കാൻ പോവുകയാണ്. അതിന് മുന്നോടിയായി വ്യാപകമായ ആക്രമണങ്ങൾ നടത്താൻ ആർ എസ് എസ് തീരുമാനിച്ചിട്ടുണ്ടെന്ന് വേണം അനുമാനിക്കാൻ. ഈ ഘോഷയാത്രയിൽ അവർ മുന്നോട്ട് വെക്കുന്ന 'വിത്തുനടൽ' എന്ന മുദ്രാവാക്യം എന്തിന് വേണ്ടിയുള്ളതാണെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കുകയാണ്. ബോംബിന്റെയും സംഘർഷത്തിന്റെയും വിത്തുകളാണ് ആർ എസ് എസ് നട്ടുകൊണ്ടിരിക്കുന്നത്. സി പി ഐ എം കോടിയേരി നോർത്ത് ലോക്കൽ കമ്മറ്റി ഓഫീസിന് നേരെയും നടുവിലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെയും ചിറക്കലിൽ കൃസ്ത്യൻ കുടുംബത്തിന് നേരെയുമുണ്ടായ ആക്രമണങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അതിനാൽ സമാധാനജീവിതം ആഗ്രഹിക്കുന്ന മുഴുവനാളുകളും ഇതിനെതിരായി രംഗത്ത് വരണമെന്ന് അഭ്യർത്ഥിക്കുന്നു