കണ്ണൂർ: സംഘപരിവാർ നേതാക്കളുടെ പയ്യന്നൂർ പ്രസംഗം നടപ്പിലാക്കാനുള്ള ഒരുക്കത്തിനിടയിലാണ് കോട്ടയം പൊയിലിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനത്തിൽ ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ സംഘപരിവാർ നേതാക്കൾക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കണം.

ശനിയാഴ്ച പുലർച്ചെ 3.30 നാണ് കോടിയേരി നോർത്ത് സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ഉഗ്രസ്‌ഫോടന ശക്തിയുള്ള ബോംബ് എറിഞ്ഞത്. തൊട്ട് തലേദിവസമാണ് നടുവിൽ ഒരു പ്ലസ് വൺ വിദ്യാർത്ഥിയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവിടെയൊന്നും എന്തെങ്കിലും സംഘർഷം ഉണ്ടായിരുന്നില്ല. ബോധപൂർവ്വം വൻ ആക്രമണത്തിന് ആർ.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. കേരളത്തിലെ സംഘപരിവാർ നേതൃത്വം ആസൂത്രണം ചെയ്ത ആക്രമണ പദ്ധതിയുടെ പ്രഖ്യാപനമാണ് ആഗസ്ത് 18-ാം തീയ്യതി പയ്യന്നൂരിൽ നടന്ന സംഘപരിവാര പൊതുയോഗത്തിൽ നേതാക്കൾ നടത്തിയത്. പാടത്ത് പൊന്നുവിളയിക്കണമെന്നാണ് അവർ ആഹ്വാനം ചെയ്തത്. അതിന്റെ അർത്ഥം മാരകമായ പ്രഹരശേഷിയുള്ള ബോംബുകൾ ഉണ്ടാക്കിയും മിന്നലാക്രമണം നടത്തിയും സി.പി.ഐ(എം) സ്വാധീന കേന്ദ്രങ്ങളിലുള്ള ജനങ്ങളെ ഭയപ്പെടുത്തുമെന്നാണ്. ജില്ലയെ കലാപഭൂമിയാക്കാനുള്ള ആർ.എസ്.എസ് നീക്കം സമാധാനകാംക്ഷികളായ ജനങ്ങൾ തിരിച്ചറിയണം. 

ജില്ലയിൽ സംഘർഷം വിതക്കാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. കോട്ടയം പൊയിലിൽ ബോംബുകൾ നിർമ്മിക്കാൻ ആസൂത്രണം ചെയ്ത ആർ.എസ്.എസ് നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.