കണ്ണൂർ : കതിരൂർ സംഭവത്തിൽ നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണമാണ് വേണ്ടതെന്ന് സി പി ഐ (എം) ആവശ്യപ്പെടുന്നു.

അന്വേഷണം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. കതിരൂർ സംഭവത്തെ തുടർന്ന് സി പി ഐ (എം) വിരുദ്ധ രാഷ്ട്രീയ ഗൂഡാലോചനയാണ് കോൺഗ്രസും ബി ജെ പിയും നടത്തിക്കൊണ്ടിരിക്കുന്നത്.

കതിരൂർ കേസിലെ എഫ് ഐ ആറിൽ തന്നെ ദേശവിരുദ്ധ നിയമത്തിലെ വകുപ്പ് ചേർത്തത് ദുരൂഹമാണ്. മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിർദ്ദേശമനുസരിച്ചാണ് യു എ പി എ 13 (എ) വകുപ്പ് കൂടി ഉൾപ്പെടുത്തിയതെന്ന് വ്യക്തമാണ്. സപ്തംബർ 3-ന്റെ ജില്ലാ സമാധാന യോഗത്തിൽ കോൺഗ്രസ് നേതാവ് കോൺഗ്രസ് (ഐ)-ബി ജെ പി ബന്ധം തുറന്ന് പറയുകയുണ്ടായി. എം എൽ എ മാരും ജില്ലാ ഭരണകൂടവും കോൺഗ്രസ് ഒഴികെയുള്ള രാഷ്ട്രീയ പാർടി പ്രതിനിധികളും സമാധാന യോഗം ബഹിഷ്‌കരിച്ച ബി ജെ പി-ആർ എസ് എസ് നടപടി തെറ്റാണെന്ന് വ്യക്തമാക്കി. കോൺഗ്രസ് നേതാവാകട്ടെ ബി ജെ പി നേതാക്കൾ മുഖ്യമന്ത്രിയെ കാണാൻ പോയത് കാരണമാണ് സമാധാന യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് പറഞ്ഞ് ബി ജെ പിയെ ന്യായീകരിക്കുകയാണ് ചെയ്തത്. ബി ജെ പി നേതാക്കൾ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട ഉടൻ സി ബി ഐ അന്വേഷണത്തിന് തയ്യാറാണെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കൽ മുതൽ മുഖ്യമന്ത്രിയുടെ സന്ദർശനം വരെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ കോൺഗ്രസ്-ബി ജെ പി രാഷ്ട്രീയ ഗൂഡാലോചന പകൽ വെളിച്ചം പോലെ വ്യക്തമാണ്. യു എ പി എ നിയമത്തിലെ വകുപ്പ് ചേർക്കണമെങ്കിൽ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും തകർക്കുന്ന രാജ്യദ്രോഹ കുറ്റമാവണം. കതിരൂർ സംഭവമാവട്ടെ പ്രഥമവിവര റിപ്പോർട്ടിലെ വിവരണമനുസരിച്ച് ഒരാൾ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ്. സാധാരണ ഐ പി സി കുറ്റകൃത്യങ്ങളെ യു എ പി എ നിയമമനുസരിച്ച് നിരപരാധികളായവരെ ഭീകരവാദികളാക്കി മാറ്റിയ നിരവധി സംഭവങ്ങൾ ഉത്തരേന്ത്യയിലുണ്ടായിട്ടുണ്ട്.

ന്യൂനപക്ഷ വേട്ടക്കായി ദുരുപയോഗം ചെയ്ത നിയമമാണ് യു എ പി എ. സി പി ഐ (എം) ഈ നിയമം കൊണ്ടുവരുന്നതിനെ അന്നുതന്നെ എതിർത്തിരുന്നു. ഏഫ് ഐ ആറിൽ രാജ്യദ്രോഹ കുറ്റത്തെ വിവരിക്കുന്നില്ല. എന്നിട്ടും യു എ പി എ അനുസരിച്ച് കേസെടുത്തു. മുഖ്യമന്ത്രിയാവട്ടെ 15-ാം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണ് കതിരൂർ സംഭവമെന്നാണ് പറഞ്ഞത്. ബി ജെ പി നേതാക്കളുമായുള്ള കൂടികാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 15-ാം വകുപ്പാവട്ടെ ഡയനാമിറ്റ് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഭീകര പ്രവർത്തനമാണ്. ഇത്തരത്തിൽ യു എ പി എ വകുപ്പ് ചേർത്ത് സർക്കാർ നടത്തുന്ന രാഷ്ട്രീയ പ്രേരിത അന്വേഷണത്തിലൂടെ ബി ജെ പിയെ തൃപ്തിപെടുത്തുകയാണ് ലക്ഷ്യം. ഒരു മാസത്തിനിടയിൽ ആർ എസ് എസ്‌കാർ നടത്തിയ ക്രൂരമായ അക്രമണങ്ങളിലാണ് നാരായണൻ നായർ, ഷാഹുൽ (തിരുവനന്തപുരം) ദീപു (പാലക്കാട്) ഫാസിൽ (ചാവക്കാട്) എന്നിവരെ കൊലപ്പെടുത്തിയത്. പള്ളിയിൽ നിസ്‌കാരം കഴിഞ്ഞ് പുറത്തേക്ക് പോകുമ്പോഴാണ് അബ്ദുൾ ഷെഫീക്കിനെ (കാസർഗോഡ്) ആർ എസ് എസ്‌കാർ കൊലപ്പെടുത്തിയത്. എൻ ഡി എഫ് പ്രതികളായ നാറാത്തെ ആയുധ പരിശീലന കേസ് പോലും ലോക്കൽ പോലീസാണ് അന്വേഷിക്കുന്നത്. ഇത്തരം കേസുകളിലൊന്നും യു എ പി എ വകുപ്പ് ചേർത്തിട്ടില്ല.

 

കതിരൂർ സംഭവം ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും നിഷ്പക്ഷവും നീതിപൂർവ്വവുമാവണം. ബി ജെ പിയോടുള്ള കൂറ് കാട്ടാൻ സി പി ഐ (എം) വിരോധം അടിസ്ഥാനമാക്കി നടത്തുന്ന അന്വേഷണത്തെ ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയും. ഭീകരവാദ നിയമമനുസരിച്ച് കേസെടുത്ത നടപടിയെ ന്യായീകരിക്കാനാവില്ല. കതിരൂർ സംഭവം സംബന്ധിച്ച് നിഷ്പക്ഷവും നിയമവ്യവസ്ഥകളനുസരിച്ചുമുള്ള അന്വേഷണമാണ് നടേത്തണ്ടത്. അല്ലാതെ സി പി ഐ (എം) നേതാക്കളെയും പ്രവർത്തകരെയും വേട്ടയാടാനുള്ള ഏത് നീക്കവും പ്രതിഷേധാർഹമാണ്.