കണ്ണൂർ : പാനൂർ മേഖലയെ ആർ എസ് എസി-ന്റെ നേതൃത്വത്തിൽ മോഡിയിസത്തിന്റെ പരീക്ഷണ ശാലയാക്കാൻ ശ്രമിക്കുന്നതിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ശക്തമായി പ്രതിഷേധിക്കുന്നു.

ലോകസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം വ്യാപകമായ അക്രമ സംഭവങ്ങളാണ് ആർ എസ് എസ് നേതൃത്വത്തിൽ നടന്നത്. ചെറുവാഞ്ചേരിയിൽ സി പി ഐ (എം) ഓഫീസും എ കെ ജി സാംസ്‌കാരിക കേന്ദ്രവും പൂർണ്ണമായി തകർത്തു. പൊയിലൂരിൽ ഒ കെ വാസു മാസ്റ്റർക്ക് നേരെ വധ ഭീഷണി ഉയർത്തുകയും വീട് ആക്രമിക്കാൻ മുതിരുകയും ചെയ്തു. അവിടെയുള്ള 4 മുസ്ലീം വീടുകൾ അക്രമിച്ചു. ആർ എസ് എസിന്റെ താവളമാണിതെന്നും പാക്കിസ്ഥാനിൽ പോയികൊള്ളണമെന്നും ഭീഷണി മുഴക്കിയായിരുന്നു അക്രമം. വീട്ടുകാർ സ്ഥലം വിട്ടതിനെ തുടർന്ന് പൂട്ടിയിട്ട വീട്ടിനകത്തെ ഉപകരണങ്ങൾ ആർ എസ് എസ്-കാർ എടുത്ത്‌കൊണ്ടുപോയി. ഇത് സംബന്ധിച്ച് പാനൂർ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. അക്രമികൾക്ക് സംരക്ഷണം നൽകുകയാണ് ഇവിടെ പോലീസ് ചെയ്യുന്നത്. ഇതിന്റെ തുടർച്ചയായി മെയ് 27-നു രാത്രി 10 മണിയോടെ ലോഡിങ്ങ് തൊഴിലാളിയും ബി ജെ പിയിൽ നിന്നും രാജിവെച്ച് സി പി ഐ (എം) മായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന വർഗ്ഗീസിനെ മാരകമായി അക്രമിച്ച് പരിക്കേൽപ്പിച്ചു. തലശ്ശേരി സർക്കാർ ആശുപത്രിയിൽ കഴിയുന്ന വർഗ്ഗീസിനെ കണ്ടപ്പോൾ ബി ജെ പി വിട്ടത് മുതൽ തനിക്ക് നേരെ നിരന്തര ഭീഷണി ഉള്ളതായാണ് വർഗ്ഗീസ് പറഞ്ഞത്.

 

മോഡി അധികാരത്തിൽ വന്നതോടെ ആർ എസ് എസ് കേന്ദ്രങ്ങളിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപെട്ടവർക്ക് ജീവിക്കാനുള്ള അവകാശം പോലും നൽകില്ലെന്ന സന്ദേശമാണ് പൊയിലൂർ അക്രമങ്ങളിലൂടെ കാണുന്നത്. ഇത് ആപൽക്കരമായ സ്ഥിതി വിശേഷം ഉണ്ടാക്കും. ഇങ്ങനെ  ഭീഷണി ഉയർത്തുന്ന അക്രമി സംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഭരണകൂട സംവിധാനം മടിച്ച് നിന്നാൽ നമ്മുടെ നാടിന്റെ സ്ഥിതി എന്താകും. പൊയിലൂർ മേഘലയിലെ അക്രമ സംഭവങ്ങൾ തടയാനും സമാധാനപരമായ സാമൂഹ്യ ജീവിതം ഉറപ്പ് വരുത്താനും സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.