കണ്ണൂർ : തളിപ്പറമ്പിലെ ലീഗ് ക്രിമിനലുകൾ ആയുധം താഴെ വെക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് ഏഴോം പഞ്ചായത്തിലെ പാറമ്മലിൽ സി പി ഐ (എം) പ്രവർത്തകർക്ക് നേരെ നടന്ന അക്രമം തെളിയിക്കുന്നതെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

ശനിയാഴ്ച രാത്രി ഫുട്‌ബോൾ ടൂർണ്ണമെന്റ് നടക്കുന്നതിനിടയിലാണ് പരിയാരം കോരൻ പീടികയിലെ അറിയപ്പെടുന്ന ലീഗ് ക്രിമിനലുകൾ ഒരു സ്‌കോർപ്പിയോ വാഹനത്തിൽ വന്ന് സി പി ഐ (എം) പ്രവർത്തകരെ അക്രമിച്ചത്. ഇതിന്റെ ഫലമായി ഹനീഫ, ഷഫീഖ്, ബിജു എന്നീ 3 പ്രവർത്തകർക്ക് പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേർക്കും തലക്കാണ് പരിക്കേറ്റത്. അടുത്തകാലത്തായി ഈ മേഖലയിൽ മുസ്ലീം സമുദായത്തിൽപെട്ട യുവാക്കൾ സി പി ഐ (എം) മായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഇതാണ് ലീഗുകാരെ പ്രകോപിപ്പിച്ചത്.

 

ഫുട്‌ബോൾ കളിക്കിടെ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. തങ്ങളുടെ താവളത്തിൽ ലീഗുകാരല്ലാത്തവരെ ജീവിക്കാൻ പോലും വിടില്ലെന്ന ദാർഷ്ട്യമാണ് ലീഗുകാർ പ്രകടിപ്പിക്കുന്നത്. തളിപ്പറമ്പ മേഖലയിൽ അടുത്തകാലത്തായി ലീഗുകാർ നടത്തിയ നിരവധി അക്രമ സംഭവങ്ങളുണ്ടായി. ഇതേ തുടർന്നാണ് റവന്യൂ അധികൃതരും പോലീസും ചേർന്ന് സമാധാന സംഭാഷണം നടത്തിയത്. തങ്ങൾ യാതൊരു സമാധാനത്തിനും ഇല്ല എന്നാണ് ഈ അക്രമ സംഭവങ്ങളിലൂടെ ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്. ഇതിനെ പോലീസ് കർശനമായി നേരിട്ട് നിയമ നടപടി സ്വീകരിച്ചില്ലയെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സമാധാനം തകർക്കുന്നതിനുള്ള ലീഗ് ശ്രമത്തിനെതിരായി ജനങ്ങൾ അണിനിരക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.