കണ്ണൂർ : ആറളം ഫാമിലെ 11-ാം ബ്ലോക്കിൽ ഇന്നു പുലർച്ചെ കാട്ടാനയുടെ കുത്തേറ്റ് മരണപ്പെട്ട ആദിവാസി മാധവിയുടെ കുടുംബത്തിന് 5 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണം. കഴിഞ്ഞ 2 മാസമായി കാട്ടാന ശല്ല്യം ഒഴിവാക്കുന്നതിനായി ആദിവാസികൾ മുറവിളി ഉയർത്തുകയാണ്. ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സമരവും നടത്തിയിരുന്നു.ഇതൊന്നും കേട്ട ഭാവം നടിക്കാൻ വനം വകുപ്പോ സർക്കാരോ തയ്യാറായിട്ടില്ല പുനരധിവാസ മേഖലയിൽ പട്ടയം ലഭിച്ച ഭൂമിയിൽ വീടുകൾ നിർമ്മിച്ച് നൽകാത്തതിന്റെ ഫലമായി പ്ലാസ്റ്റിക്ക് ഷീറ്റുകൾ കെട്ടിയാണ് ആദിവാസികൾ കഴിയുന്നത്. ഇതിന്റെ ഫലമായി വന്യമൃഗങ്ങളിൽ നിന്നുള്ള അക്രമം ഏത് സമയത്തും ഉണ്ടാവാം.

എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് കാട്ടാനകൾ പുനരധിവാസ മേഖലയിൽ കടക്കുന്നത് തടയാൻ കരിങ്കൽ ഉപയോഗിച്ച് മതിൽ നിർമ്മിച്ചിരുന്നു. ഇതിൽ ബാക്കിയുള്ള 6.5 കി. മീറ്റർ സ്ഥലത്തും  ഉടൻ തന്നെ മതിൽ നിർമ്മിക്കുക എന്നതാണ് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം. എന്നാൽ ഇപ്പോഴത്തെ യു ഡി എഫ് സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ല. അതിനാൽ അടിയന്തിരമായും മതിൽ നിർമ്മിക്കാനാവശ്യമായ ഫണ്ട് അനുവദിക്കണം. കൂടാതെ രാത്രി കാലത്ത് ആദിവാസികളിൽ നിന്നുള്ള വാച്ചർമാരെ സുരക്ഷക്കായി ചുമതലപ്പെടുത്തി ഉടൻ നിയമിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.