കണ്ണൂർ   സി പി ഐ (എം) പ്രവർത്തകനായ കിഴക്കെ കതിരൂരിലെ എം കെ സുരേന്ദ്രനെ 1997-ൽ കൊലപ്പെടുത്തിയ ആർ എസ് എസ്-ബി ജെ പി അക്രമി സംഘത്തെ വെള്ളപൂശാനുള്ള നീക്കം അപലപനീയമാണെന്ന് സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

 

നിഷ്ഠൂരവും ഏകപക്ഷീയവുമായ അക്രമമാണ് 1997-ൽ ആർ എസ് എസ് നടത്തിയത്. എം കെ സുരേന്ദ്രൻ മരണപ്പെടുകയും 4 സി പി ഐ (എം) പ്രവർത്തകർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. മാരകമായി പരിക്കേറ്റ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞു. അക്രമത്തിൽ എം കെ സുരേന്ദ്രന്റെ കുടൽമാല പോലും പുറത്തായി. 17 വർഷത്തിന് ശേഷമാണ്  എം കെ സുരേന്ദ്രന്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പ്രചരണം ബി ജെ പി നടത്തുന്നത്. സുരേന്ദ്രൻ ഉൾപ്പെടെ 56 പ്രവർത്തകരെ ജില്ലയിൽ മാത്രം കൊലപ്പെടുത്തിയത് ആർ എസ് എസ് ആണ്. എല്ലാ കേസിലും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഉന്നയിക്കുന്ന വാദമാണ് തങ്ങൾ നിരപരാധികളാണെന്നത്. ആ വാദം ബി ജെ പി ആവർത്തിച്ചാൽ കൊലപാതകികൾ വിശുദ്ധരാവില്ല. പ്രകോപനം ഉണ്ടോക്കാൻ ലക്ഷ്യമാക്കിയാണ് രക്തസാക്ഷിദിന പരിപാടികൾ നടക്കുന്ന പ്രദേശങ്ങളിൽ ആർ എസ് എസ് പോസ്റ്റർ ഒട്ടിച്ച് നുണ പ്രചരിപ്പിച്ച് മിടുക്കന്മാരാവുന്നത്. അത്തരം നുണകൾ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം അപവാദ പ്രചരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്ന് ജനങ്ങളോടും സംഘപരിവാർ സൃഷ്ടിക്കുന്ന പ്രകോപനങ്ങളിൽ കുടുങ്ങി പോകരുതെന്ന് പാർടി പ്രവർത്തകരോടും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു.