കണ്ണൂർ: ആദിവാസി മേഖലകളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും കൊഴിഞ്ഞ് പോക്കും തടയുന്നതിന് സാന്ത്വനപരിചരണ രംഗത്തെ സജീവ സാനിധ്യമായ ഐ ആർ പി സി യുടെ നേതൃത്വത്തിൽ അധ്യാപക സംഘടനകളുടെ സഹായത്തോടെ നടത്തുന്ന വിദ്യാഭ്യാസ പദ്ധതി 'ഉണർവ്വ് 2016'ന് ഞായറാഴ്ച്ച തുടക്കമാകും.ആറളം ഫാം ബ്ലോക്ക് ഏഴിൽ സി പി ഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്യും.ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ മോഹനൻ അധ്യക്ഷനാകും.

അധ്യാപക സംഘടനകളായ കെഎസ്ടിഎ, എകെപിസിടിഎ, എകെജിസിടിഎ, യൂണിവേഴ്‌സിറ്റി ടീച്ചേർസ് കളക്ടീവ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട ആദിവാസി വിദ്യാർത്ഥികൾക്ക് ആഴ്ച്ചയിൽ രണ്ട് ദിവസം ക്ലാസ്സുകൾ നൽകും.ഭക്ഷണവും പാഠപുസ്തകങ്ങളും ഐ ആർ പി സിയും അധ്യാപകസംഘടനകളും ചേർന്ന് നൽകും. പഠനം മുടങ്ങിയവരും പിന്നോക്കാവസ്ഥയിലുള്ളതുമായ നിരവധി കുട്ടികളാണ് ആറളം ആദിവാസി മേഖലയിൽ ഉള്ളത്. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.