കണ്ണൂർ : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവായ സ: കൃഷ്ണപിള്ളയുടെ 68-ാം അനുസ്മരണ ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാൻ സി.പി.ഐ(എം) കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എല്ലാ പ്രദേശത്തും പ്രഭാതഭേരിയും തുടർന്ന് പതാക ഉയർത്തലും സംഘടിപ്പിക്കും. പാർട്ടി ഓഫീസുകൾ അലങ്കരിക്കുകയും അനുസ്മരണ പരിപാടികൾ നടത്തുകയും ചെയ്യും. ചിന്ത വാരികയ്ക്ക് ്രബാഞ്ചുകളിൽ ചേർത്ത വാർഷിക വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും അനുസ്മരണ പരിപാടികളിൽ വെച്ച് ഏറ്റുവാങ്ങും.

ജില്ലയിലെ കിടപ്പിലായ മുഴുവൻ രോഗികളെയും അന്നേദിവസം പാർട്ടി നേതാക്കളും സാന്ത്വന വളണ്ടിയർമാരും ചേർന്ന് സന്ദർശിക്കും. പാർട്ടിയുടെ എല്ലാതലത്തിലുള്ള നേതാക്കളും ഇതിൽ പങ്കെടുക്കും. ഐ.ആർ.പി.സി വളണ്ടിയർമാരും ഇതിൽ അണിചേരും. രോഗികൾക്കാവശ്യമായ സഹായങ്ങൾ വീടുകളിൽ എത്തിക്കുവാനും സാധിക്കണം.

ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ല മഹാവിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെയും നവോത്ഥാന നായകരായിരുന്ന ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി എന്നിവരുടെ ജന്മദിനാചരണങ്ങളുടെയും ഭാഗമായി ആഗസ്ത് 24 മുതൽ 28 വരെ നടത്തുന്ന 'നമ്മളൊന്ന്'് ക്യാമ്പയിനിന്റെ ഭാഗമായ ഗൃഹസന്ദർശനം ആഗസ്ത് 19ന് ആരംഭിക്കും.  21-ാം തീയ്യതിവരെ ഗൃഹസന്ദർശനം തുടരും. ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിലൊരാളായ കൃഷ്ണപിള്ളയുടെ സ്മരണകൾക്ക് ഇന്നത്തെ കാലത്ത് വളരെ പ്രസക്തിയുണ്ട്. വർഗ്ഗീയതയ്‌ക്കെതിരെ വർഗ്ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും വർത്തമാനകാല കടമകൾ ഏറ്റെടുക്കാനും സാധിക്കത്തക്ക നിലയിൽ കൃഷ്ണപിള്ള ദിന പരിപാടികൾ സംഘടിപ്പിക്കാനും അവയിൽ പങ്കെടുക്കാനും മുഴുവൻ ഘടകങ്ങളോടും പാർട്ടി ബന്ധുക്കളോടും ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

യോഗത്തിൽ എം.വി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് എന്നിവരും പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി. ജയരാജൻ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു.