ആർ എസ് എസ് തങ്ങളുടെ കൊലക്കത്തി താഴെ വെക്കാൻ തയ്യാറാവു ന്നില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ചെറുവാഞ്ചേരിയിൽ ഉണ്ടായ സംഭവം. അർദ്ധരാത്രിയോടെ മാരകായുധങ്ങളുമായെത്തിയ ആർ എസ് എസ് ക്രിമിനൽ സംഘമാണ് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് സി പി ഐ എം പ്രവർത്തകനായ സജിത്തിനെയും മാതാവ് രജനിയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സജിത്തിന് കൈക്കും കാലിനും ഡോക്ടർമാർ ഓപ്പറേഷൻ നിർദ്ദേശിച്ചിരിക്കുകയാണ്. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന അക്രമികളെ പ്രതിരോധിക്കാൻ അമ്മ രജനി മുന്നോട്ട് വന്നത് കൊണ്ട് മാത്രമാണ് സജിത്തിന് ജീവൻ നഷ്ടപ്പെടാതിരുന്നത്. 

ഏകപക്ഷീയമായ ആക്രമണങ്ങളാണ് മേഖലയിൽ സംഘപരിവാർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ചെറുവാഞ്ചേരിയിലെ പാർട്ടി ഓഫീസ് മുപ്പതോളം തവണ തകർക്കപ്പെട്ടു. സംഘപരിവാറിന്റെ ശക്തികേന്ദ്രമായ ചെറുവാഞ്ചേരിയിൽ സി പി ഐ എമ്മിന്റെ പ്രവർത്തനം നടത്താൻ അനുവദിക്കില്ല എന്ന ആക്രോശമാണ് അവർ നടത്തുന്നത്.ചെറുവാഞ്ചേരി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് നിരവധി പേരാണ് അടുത്തകാലത്ത് സി പി ഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. അത്‌കൊണ്ട് തന്നെ കാൽച്ചുവട്ടിലെ മണ്ണൊലിച്ച് പോകുമ്പോഴുള്ള വിഭ്രാന്തിയാണ് ഇവർ പ്രകടിപ്പിക്കുന്നത്.

ജില്ലയിലാകെ വ്യാപകമായ ആക്രമണങ്ങൾ സംഘടിപ്പിക്കുകയും അതിന് ശേഷം തങ്ങളാണ് ഇരകൾ എന്ന രീതിയിലുള്ള പ്രചരണവും നടത്തുകയാണ് സംഘപരിവാർ സംഘടനകൾ. ചില മാധ്യമങ്ങളും ഈ സി പി ഐ എം വിരുദ്ധ പ്രചാരവേലയ്ക്ക്കൂട്ട് നിൽക്കുകയാണ്. സി പി ഐ എം പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ഇക്കൂട്ടർ.

പുറത്ത് നിന്നെത്തുന്ന പ്രചാരകന്മാരാണ് ജില്ലയിലെ ആക്രമണങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത്. അക്രമികൾക്കും അത് ആസൂത്രണം ചെയ്യു ന്നവർക്കെതിരെയും പോലീസ് കർശന നടപടിയെടുക്കണം. ജില്ലയിലാകെ ആർഎസ്എസ് നടത്തുന്ന അക്രമണങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അഭ്യർത്ഥിക്കുന്നു.