പയ്യന്നൂരിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമല്ല അരാഷ്ട്രീയതയാണ് കാരണം എന്നാണ് ശ്രീ:സി ആർ നീലകണ്ഠനെ പോലുള്ളവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ ആർ എസ് എസിനെ വെള്ളപൂശുന്ന നിലപാടാണ് അദ്ദേഹത്തെ പോലുള്ളവർ കൈക്കൊള്ളുന്നത്. ആർഎസ്എസ്സിന്റെ അക്രമങ്ങളെ മറച്ച് പിടിക്കാൻ അരാഷ്ട്രീയതയെ ഉപയോഗിക്കുകയാണ്. അന്നൂരിലെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ശ്രീ: നീലകണ്ഠൻ കുന്നരുവിലെ സിപിഐ(എം) പ്രവർത്തകൻ സ: സി വി ധനരാജിനെ ആർ എസ് എസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയതിനെകുറിച്ച് മിണ്ടുന്നേയില്ല. അരാഷ്ട്രീയതയ്‌ക്കെതിരായ നിലപാടെടുക്കുന്നു എന്ന നാട്യത്തിൽ സി പി ഐ എം വിരുദ്ധ രാഷ്ട്രീയമാണ് നീലകണ്ഠൻ പ്രചരിപ്പിക്കുന്നത്.

ആർ.എസ്.എസിന്റേത് സംഘർഷങ്ങളുടെ രാഷ്ട്രീയമാണ്.  ഉത്തരേന്ത്യയിൽ മുസ്ലിം, കൃസ്ത്യൻ, ദളിത് വിഭാഗങ്ങളാണ് ശത്രുപക്ഷത്ത് എങ്കിൽ കേരളത്തിലത് കമ്മ്യൂണിസ്റ്റുകാരാണ്. കണ്ണൂരിലെ സി പി ഐ എം ശക്തികേന്ദ്രങ്ങളിൽ അക്രമം നടത്തുക എന്നത് ആർ.എസ്.എസ് അഖിലേന്ത്യാ തലത്തിൽ എടുത്ത തീരുമാനമാണ്. അതിന്റെ ഭാഗമാണ് ജില്ലയിൽ നടന്ന അക്രമ പ്രവർത്തനങ്ങൾ എല്ലാം.

സമാധാനം നിലനിൽക്കെയാണ് പയ്യന്നൂരിൽ സി പി ഐ എം പ്രവർത്തകനായ സ:സി വി ധനരാജിനെ ആർ എസ് എസുകാർ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയത്. ആർ എസ് എസ് നേതൃത്വം ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് വ്യക്തമാണ്. ഇതാണ് തുടർന്നുള്ള അനിഷ്ടസംഭവങ്ങൾക്ക് ഇടയാക്കിയത്. ഇങ്ങനെയിരിക്കെ നിഷ്ഠൂരമായ കൊലപാതകം നടത്തിയ ആർ.എസ്.എസ് നേതൃത്വത്തിന്റെ പങ്ക് മറച്ച് വെക്കാനാണ് സി.പി.ഐ(എം)നെ കുറ്റപ്പെടുത്തുന്നത്. ഇതുവഴി ആർ.എസ്.എസിന്റെ കൊലക്കത്തിക്ക് മൂർച്ച കൂട്ടുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.

പയ്യന്നൂരിലെയും കണ്ണൂരിലെയും രാഷ്ട്രീയം കേരളത്തിന്റെയും ദേശീയ രാഷ്ട്രീയത്തിന്റെയും ഭാഗമാണ്. കമ്മ്യൂണിസ്റ്റുകാരെ ആക്രമിക്കാൻ രാഷ്ട്രീയമായി ചിന്തൻ ബൈഠക്കിൽ തീരുമാനമെടുക്കുകയും അതിന്‌ശേഷം അരാഷ്ട്രീയത പ്രചരിപ്പിക്കുകയും ചെയ്യുകയാണ് ഇക്കൂട്ടർ. അതിന്റെ ഭാഗമാണ് ജില്ലയിൽ നിരന്തരം നടക്കുന്ന അക്രമങ്ങൾ. ഇത്തരം പ്രചാരവേലകൾ ജനം തിരിച്ചറിയും.