പയ്യന്നൂരിലെ ധനരാജിന്റെ കൊലപാതകം മോഹൻ ഭാഗവത് പങ്കെടുത്ത കണ്ണൂർ ബൈഠക്കിന്റെ തീരുമാനം അനുസരിച്ചാണെന്ന് വ്യക്തമായിരിക്കുകയാണ്. ജൂലൈ 11 ന് വീട്ടിൽ കയറി നടത്തിയ ഈ കൊലപാതകത്തിൽ ആസൂത്രകരായ ആർ.എസ്.എസ് നേതാക്കൾക്കെതിരെ ഗൂഢാലോചനയ്ക്ക് കേസ് എടുക്കണണം.

രഹസ്യമായി വർഗ്ഗീയ കലാപങ്ങളും കൊലകളും നടത്തി ഇവയുടെ ഉത്തരവാദിത്ത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെയ്ക്കുന്നതിന് നല്ല മെയ്‌വഴക്കം ആർ.എസ്.എസുകാർ പ്രകടിപ്പിക്കാറുണ്ട്. ഇതാണ് ധനരാജിന്റെ കൊലപാതകത്തെ തുടർന്നും ഉണ്ടായത്. ധനരാജിന് മറ്റ് പാർട്ടിക്കാരുമായെല്ലാം ശത്രുത ഉണ്ടായിരുന്നെന്നും സി.പി.ഐ(എം) നേതാക്കന്മാരുമായി അകൽച്ചയിലായിരുന്നു എന്നും മറ്റുമുള്ള നുണകളാണ് ആർ.എസ്.എസുകാർ പ്രചരിപ്പിച്ചത്. എന്നാൽ ആർ.എസ്.എസ് ക്രിമിനലുകൾ ഈ കേസിൽ അസ്റ്റിലായതോടെ ഈ നുണ പ്രചാരണങ്ങളുടെ കള്ളി വെളിച്ചത്തായിരിക്കുകയാണ്. സമാധാനം നിലനിന്ന പയ്യന്നൂരിൽ കൊലപാതകത്തിന്റെ തലേദിവസം ബി.ജെ.പിക്കാർ നടത്തിയ കൊലവിളി പ്രകടനം കാങ്കോലിൽ ഒരു ആർ.എസ്എസ് ക്രിമിനലിന്റെ വീടിന് നേരെ സി.പി.ഐ(എം) കാർ ബോംമ്പെറിഞ്ഞ സംഭവം ധനരാജിന്റെ കൊലപാതകത്തിന് പശ്ചാത്തലമൊരുക്കാൻ ആർ.എസ്.എസുകാർ തന്നെ സ്വയം ചെയ്തതാണെന്ന് വ്യക്തമാണ്. ഈ ബോബേറ് സംഭവത്തെ കുറിച്ച് പോലീസ് സമഗ്രമായി അന്വേഷിക്കണം.  ആർ.എസ്.എസുകാരുടെ വീടുകൾക്കെതിരെ അക്രമം നടത്തിയതായി പരാതിപ്പെട്ട് സി.ഐ(എം) പ്രവർത്തകർക്കെതിരെ നൽകിയ മറ്റ് പരാതികളും തുടരന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്ത് കൊണ്ട് വരണം. ഇത്തര ആക്രമണങ്ങളെല്ലാം കണ്ണൂർ ബൈഠക്കിന്റെ തീരുമാനം അനുസരിച്ചാണ്. ഒരു ഭാഗത്ത് മുസ്ലീം - ക്രിസ്ത്യൻ വിരോധം പരത്തുക, അതിന് വേണ്ടി ന്യൂനപക്ഷങ്ങക്കെതിരായി നുണ പ്രചാരണങ്ങൾ നടത്തുക. ഹിന്ദു ആരാധനാലയങ്ങളുടെ പരിസരത്തുള്ള മുസ്ലീ - ക്രിസ്ത്യൻ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് ഉതകുന്ന ഭീഷണിയും അക്രമവും നടത്തുക എന്നിവയെല്ലാം ൈബഠക്കിൽ ആസൂത്രണം ചെയ്യപ്പെട്ടു. അതോടൊപ്പം സി.പി.ഐ (എം) സ്വാധീന കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ജനങ്ങളെ ഒറ്റപ്പെടുത്തുക എന്നതും ബൈഠക്കിന്റെ തീരുമാനമായിരുന്നു. അതനുസരിച്ച് ആർ.എസ്.എസ് നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ധനരാജിന്റെ കൊലപാതകം നടത്തിയത് നേരത്തെ പലതവണ കൊലപാതക ശ്രമം നടന്നതായും വ്യക്തമായിട്ടുണ്ട്.

ഇത്തര കൊലപാതകങ്ങളും ആക്രമണങ്ങളും തിരശീലയ്ക്ക് പിന്നിൽ ഇരുന്ന് ആസൂത്രണം ചെയ്യുന്നത് മറ്റ് ജില്ലകളിൽ നിന്ന് വന്ന് പ്രവർത്തിക്കുന്ന ആർ.എസ്.എസ് നേതാക്കളാണ്. ഇങ്ങനെ ക്രിമിനൽ കുറ്റങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ആർ.എസ്.എസ് നേതാക്കളെ കുറിച്ച് ആഭ്യന്തര വകുപ്പ് വിവരങ്ങൾ ശേഖരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളണം. ഒറ്റപ്പാലം കോടതി വളപ്പിൽ മാധ്യമ പ്രവർത്തകരെ ആക്രമിക്കാൻ നേതൃത്വം കൊടുത്തത് തിരുവനന്തപുരത്ത് നിന്ന് വന്ന് ഒറ്റപ്പാലം കേന്ദ്രീകരിച്ച് രഹസ്യമായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് പ്രചാരക്  ആയിരുന്നെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ബി.ജെ.പി ഗവൺമെന്റിന്റെ തണലിൽ രാജ്യത്തുടനീളം സംഘപരിവാരം മതനിരപേക്ഷത തകർക്കുന്നതിന് വേണ്ടി ആപൽക്കരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുകയാണ്. കേരളീയ സമൂഹത്തിൽ പിടിമുറുക്കുന്നതിന് വേണ്ടി വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.  കോൺഗ്രസിനെ അതിവേഗം കീഴ്‌പ്പെടുത്താമെന്ന് അവർ കരുതുന്നു എന്നാൽ സി.പി.ഐ(എം) നെ കായികമായി ആക്രമിച്ച് തകർക്കാമെന്നാണ് അവർ വ്യാമോഹിക്കുന്നത്. അതിന്റെ ഭാഗമായാണ്. സമാധാനം നിലനിന്നിരുന്ന പയ്യന്നൂരിൽ നിഷ്ഠൂരമായ കൊലപാതകത്തിലൂടെ അക്രമത്തിന് തുടക്കമിട്ടത്. സി.പി.ഐ(എം) സ്വാധീന കേന്ദ്രമായ കുന്നരുവിലെ മൊട്ടക്കുന്ന് എന്ന ആർ.എസ്.എസ് പോക്കറ്റിലെ ക്രിമിനലുകളാണ് ധനരാജിന്റെ കൊലപാതകത്തിൽ പങ്കാളികളായത്.

ഇതോടൊപ്പം ബി.ജെ.പിയുടെ സംഘടനാ സംവിധാനമാകെ ആർ.എസ്.എസ് കൈയ്യടക്കുകയാണ്.  ബി.ജെ.പിക്കകത്ത് കാര്യങ്ങൾ തീരുമാനിക്കുന്നത് ആർ.എസ്.എസ് ആണെന്ന നില വന്നിരിക്കുന്നു.  ഇതിനെതിരായി സംഘപരിവാരത്തിനകത്ത് അമർഷം പുകയുന്നുണ്ട്.  സി.പി.ഐ(എം) നെ തകർക്കുന്നതിന് ആർ.എസ്.എസ് നേതൃത്വം ക്വട്ടേഷൻ മാഫിയകളെ ആശ്രയിക്കുന്നതിനെതിരെയും എതിർപ്പ് വളർന്ന് വരുന്നുണ്ട്. സമീപ ഭാവിയിൽ തന്നെ ഒ.കെ വാസു മാസ്റ്ററും, എ.അശോകനും ഉൾപ്പെടെയുള്ള ആളുകൾ പുറത്ത് വന്നത് പോലെ സംഘപരിവാരത്തിൽ ഇനിയും പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ചുരുക്കത്തിൽ  സി.പി.ഐ(എം) നെ ദുർബലപ്പെടുത്താനാണ് ആർ.എസ്.എസ് ആക്രമണങ്ങളെങ്കിലും ഫലത്തിൽ സംഘപരിവാരത്തെയാണ് അത് ക്ഷീണിപ്പിക്കാൻ പോകുന്നത്.

ആർ.എസ്.എസ് ഉൾപ്പെടെ എല്ലാ ജാതി - മത വർഗ്ഗീയ-ഭീകര പ്രസ്ഥാനങ്ങൾക്കെതിരെയും ജനങ്ങളെ അണിനിരത്താൻ സി.പി.ഐ(എം) തീരുമാനിച്ചിട്ടുണ്ട് ശ്രീനാരായണഗുരു  നടത്തിയ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാർഷികം ആചരിക്കുന്ന വേളയാണിത്. 'നമ്മളൊന്ന്' എന്ന പേരിൽ വർഗ്ഗീയ വിരുദ്ധ പ്രചാരണ പരിപാടി ആഗസ്ത് 24ന് ചട്ടമ്പിസ്വാമിയുടെ ജയന്തി ദിനം മുതൽ ആഗസ്ത് 28 അയ്യങ്കാളി ജയന്തി വരെ നടത്തുന്നതാണ്. കണ്ണൂർ ജില്ലയിൽ 206 കേന്ദ്രങ്ങളിൽ വർണ്ണശബളമായ മതനിരപേക്ഷ ഘോഷയാത്രകളും പ്രഭാഷണവും നടത്തും. ഈ പരിപാടിയിൽ മതനിരപേക്ഷ വാദികളായ എല്ലാ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരെയും ഒരു രാഷ്ട്രീയ പാർട്ടിയിലും ഉൾപ്പെടാത്തവരെയും ക്ഷണിച്ച് പങ്കെടുപ്പിക്കുന്നതാണ്. അതിനായി ആഗസ്ത് 19 ന് കൃഷ്ണപിള്ള ദിനത്തിന് വീടുകൾ കയറി പ്രചാരണം നടത്തും. ഈ പരിപാടികളാകെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.