സംഘർഷത്തിന് തുടക്കം കുറിച്ച് നിഷ്ഠൂരമായ കൊലനടത്തിയ ആർ.എസ്.എസിനെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തല ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കണ്ണൂരിൽ സി.പി.ഐ(എം) അക്രമമാണെന്ന് നിയമസഭയിൽ ചെന്നിത്തല പ്രസ്താവന നടത്തിയത്. വിവരക്കേട് പറയുന്ന ചെന്നിത്തല പ്രബുദ്ധമായ കേരള നിയമ സഭയ്ക്ക് അപമാനമാണ്.
സമാധാനം നിലനിൽക്കെയാണ് പയ്യന്നൂരിൽ സി.പി.ഐ(എം) പ്രവർത്തകനായ ധനരാജിനെ ആർ.എസ്.എസുകാർ വീട്ടിൽ കയറി കൊലപ്പെടുത്തിയത്. നേതൃത്വം ആസൂത്രണം ചെയ്ത കൊലയാണിതെന്ന് ഏവർക്കും വ്യക്തമാണ്. ഇതാണ് തുടർന്നുള്ള അനിഷ്ട സംഭവങ്ങൾക്കിടയാക്കിയത്. ഇങ്ങനെയിരിക്കെ സി.പി.ഐ(എം) നേതൃത്വത്തെ കുറ്റപ്പെടുത്തുന്നത് നിഷ്ഠൂരമായ കൊല ആസൂത്രണം ചെയ്ത ആർ.എസ്.എസ് നേതൃത്വത്തിന്റെ പങ്ക് മറച്ച് വെക്കാനാണ്. ഇതുവഴി ആർ.എസ്.എസിന്റെ കൊലക്കത്തിക്ക് മൂർച്ച കൂട്ടുകയാണ് ചെന്നിത്തല ചെയ്യുന്നത്.
മെയ് 23 ന് സ: ധനരാജിന്റെ വീട്ടിൽ ആർ.എസ്.എസുകാർ അക്രമം നടത്തുകയും കൊല നടന്നതിന്റെ തലേ ദിവസം പയ്യന്നൂർ ടൗണിൽ ഏരിയ സെക്രട്ടറി മധുസൂദനന്റെ പേര് വിളിച്ച് കൊലവിളി പ്രകടനം നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല ജില്ലയിൽ പലയിടത്തും ഈ അടുത്ത ദിവസങ്ങളിലായി നിരവധി ആക്രമണങ്ങളാണ് ആർ.എസ്.എസുകാർ നടത്തിയത്. രാത്രി 2 മണിക്കാണ് സി.പി.ഐ(എം) അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം സ: പി. ചന്ദ്രന്റെ വീട് മാരകമായ പ്രഹരശേഷിയുള്ള ബോമ്പെറിഞ്ഞ് തകർത്തത്. ഇതെല്ലാം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. മോഹൻ ഭാഗവത് പങ്കെടുത്ത കണ്ണൂർ ബൈഠക്ക് തീരുമാനം അനുസരിച്ച് സി.പി.ഐ(എം) സ്വാധീന കേന്ദ്രങ്ങളിൽ ആക്രമണം നടത്താനാണ് പദ്ധതി. ഇതിന്റെ ഭാഗമാണ് തെരഞ്ഞെടുപ്പ് വിജായാഹ്ലാദ പ്രകടന നടക്കുമ്പോൾ പിണറായിയിൽ പാർട്ടി പ്രവർത്തകനായ സ: സി.വി രവീന്ദ്രനെ ബോമ്പെറിഞ്ഞ് വാഹനം കയറ്റി കൊലപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ആർ.എസ്.എസ് നടത്തിയ മൂന്നാമത്തെ കൊലപാതകമാണ് ധനരാജിന്റേത്.
യു.ഡി.എഫ് ഭരണകാലത്ത് പോലീസിനെ കോൺഗ്രസിന്റെ ആജ്ഞാനുവർത്തിയാക്കി നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെന്നിത്തല ഓർക്കുന്നത് നന്ന്. പോലീസിനെ ആശ്രയിച്ചല്ല സി.പി.ഐ(എം) പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ്് പോലീസിന്റെ എല്ലാ അടിച്ചമർത്തൽ നടപടികളെയും അതിജീവിച്ച് പാർട്ടിക്ക് മുന്നോട്ട് വരാൻ കഴിഞ്ഞത്. യു.ഡി.എഫ് ഭരണത്തിൽ പോലീസ് സ്റ്റേഷനിൽ കയറി കണ്ണൂരിലെ മുൻ എം.പിയായ കോൺഗ്രസ് നേതാവ് സബ്ബ് ഇൻസ്‌പെക്ടറുടെ യൂണിഫോം അഴിപ്പിക്കും എന്ന് ആക്രോശിച്ചത് ജനങ്ങൾ മറന്നിട്ടില്ല എന്നത് ചെന്നിത്തല ഓർക്കണം. ഏതായാലും ചെന്നിത്തലയുടെ ഖദർ കുപ്പായത്തിനടിയിൽ ഒളിപ്പിച്ചുവെച്ച ആർ.എസ്.എസിന്റെ കാക്കി നിക്കർ അഴിച്ച് വെയ്ക്കുന്നതാണ് നാടിന് നല്ലത്.