പയ്യന്നൂർ-കുന്നരുവിലെ പാർട്ടി പ്രവർത്തകനായ സി.വി ധനരാജിന്റെ നിഷ്ഠൂരമായ കൊലപാതകത്തിൽ സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.

ആർ.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിത്. ആസൂത്രിതമായ ഈ കൊലപാതകത്തിന് പിന്നിലുള്ള നേതാക്കന്മാരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം. ഇക്കഴിഞ്ഞ മെയ് 23 നും ആർ.എസ്.എസ് ക്രിമിനിൽ സംഘം സ: ധനരാജിന്റെ വീട് ആക്രമിച്ചിരുന്നു. ഇതേ കുറിച്ചുള്ള കേസ് നിലവിലുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പയ്യന്നൂർ ടൗണിൽ ബി.ജെ.പിക്കാർ കൊലവിളി മുഴക്കി പ്രകടനം നടത്തുകയുണ്ടായി. ഇതിന്റെ തുടർച്ചയാണ് ഈ കൊലപാതകം.

വളരെ സമാധാനപരമായിരുന്ന പയ്യന്നൂർ കുന്നരു മേഖലയിൽ ഈ കൊലപാതകത്തിലൂടെ അക്രമണത്തിന് തുടക്കം കുറിച്ചത് ആർ.എസ്.എസ്- ബി.ജെ.പി യാണ്.  സംഘർഷം പടർത്താനുള്ള ആർ.എസ്.എസ് നീക്കത്തെ ജനങ്ങൾ ഒറ്റപ്പെടുത്തണം. സ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരത്തിൽ വന്നതിനെ തുടർന്ന് അരക്ഷിതാവസ്ഥയാണെന്ന് വരുത്താനാണ് ബി.ജെ.പി ശ്രമം. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രവർത്തനങ്ങൾക്കിടയിൽ സി.വി. രവീന്ദ്രനെ പിണറായിയിൽ ആർ.എസ്.എസുകാർ കൊലപ്പെടുത്തിയിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആർ.എസ്.എസ് നടത്തിയ ജില്ലയിലെ രണ്ടാമത്തെതും സംസ്ഥാനത്തെ മൂന്നാമത്തേതുമായ കൊലപാതകമാണിത്. സംഘർഷം അവസാനിപ്പിച്ച് സമാധാനപരമായ നില കൈവരുത്താനുള്ള എല്ലാ ശ്രമങ്ങളിലും സി.പി.ഐ(എം) പങ്കാളികളാവുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.