കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ചത് കോൺഗ്രസിന് മേയർ സ്ഥാനം കിട്ടാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാൽ കോൺഗ്രസിനകത്ത് സുധാകരനെപ്പോലെയുള്ള നേതാക്കന്മാരുടെ എകാധിപത്യ പ്രവണതകൾക്കെതിരെയുള്ള സമരം ശക്തിപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി.കെ. രാഗേഷിനെ കോർപ്പറേഷൻ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും യു.ഡി.എഫ് പരാജയപ്പെടുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ശ്രീ. രാഗേഷ് യു.ഡി.എഫിനെതിരായ നിലപാടാണ് കൈക്കെണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത ഐക്യ ജനാധിപത്യ സംരക്ഷണ സമിതി ഇപ്പോൾ എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇത്തരമെരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫിന്റെ ഭാഗമായി വിജയിച്ച ഡപ്യൂട്ടി മേയർക്കെതിരെ അവശ്വാസ പ്രമേയം കൊണ്ടുവന്നത്. തുടർന്ന് എൽ.ഡി.എഫ് പിന്തുണയോടെ ശ്രീ. രാഗേഷ് ഡപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. രാഗേഷിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരാതെതന്നെ എൽ.ഡി.എഫുമായി സഹകരിക്കാനാകും എന്നതിന്റെ തെളിവാണിത്. കോൺഗ്രസുകാരുമായി മാത്രമല്ല ബി.ജെ.പി, മുസ്ലീം ലീഗ് തുടങ്ങിയ എല്ലാ പാർട്ടികളിലുള്ളവരുമായി ജനസേവന പ്രവർത്തനങ്ങളിൽ സി.പി.എം സഹകരിക്കും അതിനായി എല്ലാവരും മുന്നോട്ട് വരണം. ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ നയം സുവ്യക്തമാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ അതിന്റെ പരിധിയിലുള്ള ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനുള്ളതാണ്. അതത് പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സമീപനങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ എല്ലാവരുമായി വികസന പ്രവർത്തനങ്ങളിൽ സഹകരിക്കുക എന്നതാണ് പാർട്ടിയുടെ നയം. അഴിമതി രഹിതമായ ഒരുഭരണം കാഴ്ച്ചവെയ്ക്കുന്നതിന് മേയർക്കും ഡപ്യൂട്ടി മേയർക്കും കൗൺസിലിനാകെയും  കഴിഞ്ഞാൽ കണ്ണൂരിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താനാവും. അതിന് വേണ്ടി എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.