കണ്ണൂർ ജില്ലയിൽ എൽ.ഡി.എഫ് തരംഗം തെരഞ്ഞെടുപ്പിൽ പ്രകടമായെന്ന് എം.വി.ജയരാജൻ വ്യക്തമാക്കി. അഴിമതി സർക്കാരിനെ പുറത്താക്കാനും, വർഗ്ഗീയതയെ തുടച്ച് നീക്കാനുമുള്ള ജനഹിതമാണ് ഇടതുപക്ഷ മുന്നേറ്റത്തിന് അടിസ്ഥാനം. കള്ളവോട്ടെന്ന കള്ളപ്രചരണവും കേന്ദ്രസേനയെ കൊണ്ട്‌വന്ന ഭീകരത സൃഷ്ടിച്ചുമാണ് യു.ഡി.എഫ് സർക്കാർ ഇടതുപക്ഷ അനുകൂല ജനമുന്നേറ്റത്തെ തകർക്കാൻ പരിശ്രമിച്ചത്. നിർഭയമായി വോട്ട് ചെയ്യാനുള്ള സൗകര്യം പോലും നിഷേധിച്ചു. തികച്ചും സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ജില്ലാ കലക്ടർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസേനയെ കൊണ്ടുവന്നത് ഭീകരത സൃഷ്ടിക്കാനായിരുന്നോ?

ജില്ലയിൽ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനു വേണ്ടി കൊണ്ടുവന്ന കേന്ദ്രസേന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർക്കുനേരെ പോലും അതിക്രമങ്ങളാണ് കാട്ടിയത്.  പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളിയിൽ കേന്ദ്രസേനാംഗങ്ങൾ പോളിങ്ങ് ഓഫീസറുടെ ബൈക്ക് മറിച്ചിടുകയും ഹെൽമറ്റ് തകർക്കുകയും വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.  ധർമ്മടം മണ്ഡലത്തിലെ 42-ാം നമ്പർ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറും കേന്ദ്രസേനാംഗങ്ങളും തമ്മിലുള്ള തർക്കം മൂലം പോളിംഗ് പോലും കുറേസമയം തടസ്സപ്പെട്ടു.  അന്ധരും അവശരുമായ വോട്ടർമാരുടെ സഹായിയായി പോളിംഗ്‌സ്‌റ്റേഷനിലേക്ക് വന്നവരെപ്പോലും കേന്ദ്രസേനാംഗങ്ങൾ മർദ്ദിച്ചു.  കൂത്തുപറമ്പ് മണ്ഡലത്തിലെ 34-ാം നമ്പർ പോളിംഗ്‌സ്‌റ്റേഷനിൽ അവശയും വൃദ്ധയുമായ നാരായണിയുടെ വോട്ട് മകൻ സുരേഷ് ആണ് സഹായിയായി ചെയ്യാനായി വന്നത്.  അമ്മയുടെ കൺമുന്നിൽ വെച്ച് സുരേഷിനെ കേന്ദ്രസേന മർദ്ദിക്കുകയാണ് ചെയ്തത്.  ക്യൂവിൽ നിർത്താതെ ഇത്തരം വോട്ടർമാരെ അകത്ത് കയറ്റാൻ പ്രിസൈഡിംഗ് ഓഫീസർമാർ നിർദ്ദേശം നൽകിയിട്ടുപോലും കേന്ദ്രസേനാംഗം അംഗീകരിച്ചില്ല. ഇത്തരത്തിൽ നിരവധി അനുഭവങ്ങളാണ് കേന്ദ്രസേനാംഗങ്ങളിൽ നിന്നുമുണ്ടായത്.  ചെറുതാഴത്ത് പോളിംഗ് ഏജന്റുമാരെയും വോട്ടർമാരെയും മർദ്ദിക്കുകയുണ്ടായി.  പരിക്കേറ്റവർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കടന്നപ്പള്ളിയിൽ ഗർഭിണിയായ സഹോദരിയോടും അമ്മയോടുമൊപ്പം വോട്ടുചെയ്യാൻ പോയ സഹജനെ അകാരണമായി മർദ്ദിക്കുകയുണ്ടായി.  കേന്ദ്രസേനാംഗങ്ങളിൽ പലരും മദ്യവും പാൻപരാഗ് പോലുള്ള ലഹരിവസ്തുക്കളും ഉപയോഗിച്ചതായി വ്യാപകമായി പരാതിയുണ്ട്.  ചില പ്രിസൈഡിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തി വെടിവെക്കാനുള്ള ഉത്തരവ് നൽകാൻ പ്രേരിപ്പിക്കുക പോലും ചെയ്തു.  കേന്ദ്രസേനയെപ്പോലെ പെരുമാറിയ ചില പോലീസ് ഉദ്യോഗസ്ഥരുമുണ്ട്.  ഇരിട്ടി ഡിവൈഎസ്പി പായം 18-ാം നമ്പർ പോളിംഗ് സ്‌റ്റേഷനിലെ എൽഡിഎഫിന്റെ പോളിങ്ങ് ഏജന്റ് ഷിജു സി.യെ അകാരണമായി അറസ്റ്റുചെയ്യുകയും ഏജന്റായി പ്രവർത്തിക്കാനും വോട്ടുചെയ്യാനുമുള്ള അവകാശം കവർന്നെടുക്കുകയും ചെയ്തു.  അഴീക്കോട് പള്ളിക്കുന്നുമ്പ്രത്ത് സിപിഐ(എം) പ്രവർത്തകരായ സുഗേഷ്, രാഹുൽ എന്നിവരെ പോലീസ് നോക്കിനിൽക്കേ ലീഗുകാർ ഭീകരമായി മർദ്ദിച്ചു.  മട്ടന്നൂരിൽ വീട്ടമ്മയായ നാരായണിയെ വീട്ടിൽ കയറി വാതിൽ ചവിട്ടിപ്പൊളിക്കുകയും വീട്ടമ്മയെ മർദ്ദിക്കുകയും ചെയ്തു.  മൈലുള്ളിമെട്ടയിൽ എൽഡിഎഫ് ബൂത്ത് ഏജന്റായ യു. സുജിനെ പോലീസ് അകാരണമായി മർദ്ദിച്ചു.  മുഴക്കുന്നിൽ റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ജനങ്ങൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിനെ തുടർന്ന് ബൈക്കിൽ വരികയായിരുന്ന പ്രതാപനും കൂടെയുണ്ടായിരുന്ന 65 വയസ്സ് പ്രായമുള്ള കുമാരനും ഗുരുതരമായ പരിക്കുപറ്റി.   അഴീക്കോട് 55-ാം നമ്പർ പോളിങ് സ്‌റ്റേഷനിൽ ക്യൂവിലുണ്ടായിരുന്ന എൽഡിഎഫ് വോട്ടർമാരെ ലീഗുകാർ ക്യൂവിൽ നിന്ന് അടിച്ചോടിച്ചു.

അഴീക്കോട് മണ്ഡലത്തിൽ പലയിടങ്ങളിലും ആർഎസ്എസ്-ലീഗ് കൂട്ടുകെട്ടാണ് തെരഞ്ഞെടുപ്പു ദിവസം വ്യക്തമായത്. 35 ബൂത്തുകളിൽ ബിജെപി ഏജന്റുമാർ ഉണ്ടായിരുന്നില്ല. ബൂത്ത് ഏജന്റുമാർ ഉണ്ടായിരുന്ന  6 ബൂത്തുകളിൽ ഉച്ചക്ക് മുമ്പുതന്നെ ഇറങ്ങിപ്പോവുകയും ചെയ്തു. പോലീസ് അതിക്രമങ്ങളും അവിശുദ്ധ കൂട്ടുകെട്ടും കണ്ണൂരിലെ ജനവിധിയെ അട്ടിമറിക്കാനായിരുന്നു. എന്നാൽ കേരളത്തിലെ അഴിമതി സർക്കാറിനെ അധികാരത്തിൽ നിന്നും പുറത്താക്കണമെന്ന ജനഹിതത്തെ കുഴിച്ചുമൂടാൻ ഇതുകൊണ്ടൊന്നും സാധിക്കില്ലെന്ന് തെളിയിക്കുന്നതായിരിക്കും മെയ് 19ന്റെ എൽഡിഎഫിന്റെ ചരിത്രവിജയം.