മാഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വത്സരാജിനു വേണ്ടി പണവും അരിയും മദ്യവും വിതരണം ചെയ്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും സ്ഥാനാർത്ഥി വത്സരാജിന്റെ വീട് റെയ്ഡ് ചെയ്യണമെന്നും എം.വി. ജയരാജൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.  തമിഴ്‌നാട് മാതൃകയിൽ പണം കൊടുത്ത് വോട്ട് വിലക്ക് വാങ്ങാനാണ് മാഹിയിൽ കോൺഗ്രസ് പാർട്ടി തയ്യാറായത്.  പണവും പാരിതോഷികങ്ങളും വിതരണം ചെയ്യാൻ നേതൃത്വം കൊടുത്തവർ ഷാലിമാർ സിദ്ധിഖിന്റെ വീട്ടിൽ വെച്ചാണ് വിതരണം നടത്തിയത്.  പ്രസ്തുത വീട് റെയ്ഡ് ചെയ്താൽ പണവും മറ്റു സാധനങ്ങളും പിടിച്ചെടുക്കാൻ കഴിയും. കോൺഗ്രസ്സുകാർ വീടുകളിൽ ടോക്കൺ ആണ് ആദ്യം നൽകിയത്.  ഇന്ന വീട്ടിൽ വന്നാൽ പണവും മറ്റും നൽകുമെന്ന് ടോക്കൺ നൽകുമ്പോൾ പറയുകയും ചെയ്തിരുന്നു.  കുറേപ്പേർക്ക് വത്സരാജിന്റെ തന്നെ വീട്ടിൽവെച്ചാണ് പണം നൽകിയത്.  മറ്റുള്ളവർക്ക് പണം നൽകുന്നതിനിടയിലാണ് പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.  കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.  മാഹിയിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാർത്ഥിയുടെ വിജയം ഉറപ്പായതിനെ തുടർന്നാണ് പണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി വോട്ടർമാരെ വിലയ്ക്ക് വാങ്ങാൻ പരിശ്രമിക്കുന്നത്.  ജനാധിപത്യത്തിന് ഭീഷണിയാണിത്. ഇത്തരം തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾ തടഞ്ഞേ പറ്റൂ.  രാഷ്ട്രീയപ്രബുദ്ധമായ വോട്ടർമാരെ വിലയ്ക്ക് വാങ്ങാനുള്ള കോൺഗ്രസ് നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും വത്സരാജിന്റെ പരാജയം ജനാധിപത്യവിശ്വാസികളാകെ ഉറപ്പാക്കുമെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.