കണ്ണൂർ : തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥന്മാർ ഉപയോഗിക്കുന്ന ടാക്‌സി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വോട്ടുചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് ജില്ലാകലക്ടറോട് എം.വി. ജയരാജൻ ആവശ്യപ്പൈട്ടു.  ജില്ലയിൽ 300ഓളം ടാക്‌സി വാഹനങ്ങളാണ് തെരഞ്ഞെടുപ്പ് ജോലിക്കായി പോലീസ് ഉൾപ്പെടെയുള്ള അധികാരികൾ ഇതിനകം ഏറ്റെടുത്തിട്ടുള്ളത്. മുൻ തെരഞ്ഞെടുപ്പുകളിൽ ഇത്തരം വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വോട്ട്‌ചെയ്യാൻ സാധിക്കാറില്ല. ഡ്രൈവർമാരെ അവരവരുടെ മണ്ഡലങ്ങളിൽ തന്നെ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചാൽ കൃത്യമായി അവർക്ക് വോട്ടുചെയ്യാൻ കഴിയും. വിദൂരസ്ഥലങ്ങളിൽ ജോലി നിശ്ചയിക്കുന്നതുകൊണ്ടാണ് വോട്ടുചെയ്യാൻ കഴിയാതെ വരുന്നത്.  പോസ്റ്റൽ ബാലറ്റ് ഇവർക്ക് അനുവദിക്കുന്നുമില്ല. എല്ലാവരെയും പോളിങ്ങ്ബൂത്തിലെത്തിക്കാൻ പരിശ്രമിക്കുന്ന കലക്ടർ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കുന്ന ടാക്‌സി വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വോട്ടുചെയ്യാനുള്ള അവസരമൊരുക്കണം.  

ഇതിനകം തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർക്ക് ടി.എ. കൊടുത്തിട്ടില്ല. ഇത് നീതീകരിക്കാവുന്നതല്ല. അടിയന്തിരമായും ടി.എ. നൽകാനുള്ള നടപടിയുണ്ടാവണം. ബൂത്ത്‌ലെവൽ ഓഫീസർമാർ പലയിടത്തും വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണം ചെയ്ത് കഴിഞ്ഞിട്ടില്ല. ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിൽ പോകുമ്പോൾ ജോലിക്കും മറ്റും പോയ വോട്ടർമാരുടെ സ്ലിപ്പ് തിരിച്ചേൽപിക്കുകയാണ്. എല്ലാ വോട്ടർമാർക്കും സ്ലിപ്പ് നൽകാനുള്ള നടപടി ഉണ്ടാകണം.