കണ്ണൂർ : ജില്ലയിൽ യുഡിഎഫിന് കനത്ത പരാജയമാണ് ജനങ്ങൾ സമ്മാനിക്കാൻ പോകുന്നത്.  എൽഡിഎഫ് ചരിത്രവിജയം നേടും.  ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലും പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലും എൽഡിഎഫിന് അനുകൂലമായ ജനമുന്നേറ്റം പ്രകടമാണ്. സമ്പൂർണ്ണ പരാജയം ഉറപ്പായ യുഡിഎഫ് ഭരണസംവിധാനം ദുരുപയോഗം ചെയ്തും അക്രമം സംഘടിപ്പിച്ചും ജനവിധിയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് സിപിഐം(എം) നേതാക്കളുടെയും പ്രവർത്തകരുടെയും പേരിൽ പോലീസ് 107-ാം വകുപ്പു പ്രകാരം കേസെടുക്കുന്നത്. നൂറുകണക്കിന് സിപിഐ(എം) പ്രവർത്തകരുടെ പേരിലാണ് ഇതിനകം കേസെടുത്തിട്ടുള്ളത്.  തെരഞ്ഞെടുപ്പിന്റെ തലേ ദിവസം പോലും കോടതിയിൽ ഹാജരാവണമെന്ന നോട്ടീസാണ് സിപിഐ(എം) പ്രവർത്തകരുടെ വീടുകളിൽ പോലീസ് നൽകിവരുന്നത്.  മരണപ്പെട്ടവരുടെ പേരിൽ പോലും 107-ാം വകുപ്പുപ്രകാരം കേസ്സെടുത്തിരിക്കുന്നു. സിപിഐ(എം) പ്രവർത്തകരായ ശ്രീകണ്ഠപുരം മുയിപ്രയിലെ എം. പ്രഭാകരൻ ഒന്നരവർഷം മുമ്പും കണ്ണൂർ ചാലാട്ടെ ടി. രാജൻ ഒരു വർഷം മുമ്പും മരണപ്പെട്ടിരുന്നു. കോൺഗ്രസ്സുകാർ കൊടുത്ത ലിസ്റ്റ്് പ്രകാരം നിയമമോ ചട്ടമോ ജീവിച്ചിരിക്കുന്നോ മരണപ്പെട്ടോ എന്നു നോക്കാതെ സിപിഐ(എം) പ്രവർത്തകരുടെ പേരിൽ വ്യാപകമായി 107-ാം വകുപ്പുപ്രകാരം കേസെടുക്കുകയാണ് പോലീസ്.  ഒരാളുടെ പേരിൽ രണ്ടുതവണ ഒരേ ദിവസം വ്യത്യസ്തകേസ് നമ്പറുകളിലായി 107-ാം വകുപ്പുപ്രകാരം കേസെടുത്തു.  ഒരു മാസത്തിനിടയിൽ ഒരേ ആളുടെ പേരിൽ വ്യത്യസ്ത നമ്പറുകളിലായി കേസെടുത്തു.  അമ്മയുടെയും മകന്റെയും പേരിൽ കേസെടുത്തു.  പ്രായപൂർത്തിയാവാത്ത കുട്ടിയുടെ പേരിൽ പോലും കേസെടുത്തു.  ഇത്തരത്തിൽ നിയമവ്യവസ്ഥകളെല്ലാം കാറ്റിൽപറത്തിക്കൊണ്ടാണ് പോലീസ് നടപടികൾ.  

ജനങ്ങൾക്കും സമൂഹത്തിനാകെയും ഭീഷണി ഉയർത്തുന്ന വിധത്തിൽ അക്രമങ്ങൾ നടത്താനിടയുണ്ടെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പോലീസിന് ബോധ്യം വന്നാൽ മാത്രമേ 107-ാം വകുപ്പുപ്രകാരം കേസെടുക്കാൻ നിയമം അനുവദിക്കുന്നുള്ളൂ. ഒരു കേസിലും പ്രതിയല്ലാത്തവരുടെ പേരിൽ പോലും 107-ാം വകുപ്പുപ്രകാരം കേസെടുത്ത പോലീസ് നടപടി കോൺഗ്രസ്സിന്റെ രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാൻ മാത്രമാണ്.  മരണപ്പെട്ടവരുടെ പേരിൽ 107-ാം വകുപ്പുപ്രകാരം കേസെടുത്ത പോലീസുദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കണം.  

എൽഡിഎഫിന്റെ പ്രചരണ സാമഗ്രികൾ ജില്ലയിൽ വ്യാപകമായി നശിപ്പിക്കാൻ യുഡിഎഫിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണ് ആർഎസ്എസ്സ്. പിണറായിയിലെ പ്രചരണ ബോർഡുകൾ തീയിട്ട് നശിപ്പിച്ച ആർഎസ്എസ്സ് ക്രിമിനൽ പ്രേംജിത്ത് ജില്ലയിലെ അറിയപ്പെടുന്ന ക്വട്ടേഷൻ സംഘത്തിലെ കണ്ണിയാണ്. പ്രധാനമന്ത്രി മോഡിയുടെ കേരള സന്ദർശനത്തെ തുടർന്നാണ് ആർഎസ്എസ്സുകാർ വ്യാപകമായി ബോർഡുകൾ നശിപ്പിച്ചത്.  കണ്ണൂർ അഴീക്കോട് മണ്ഡലങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒറ്റ ദിവസം കൊണ്ട്  27 ബോർഡുകൾ നശിപ്പിക്കുകയുണ്ടായി. നീർക്കടവിൽ മുഴുവൻ പ്രചരണ ബോർഡുകളും നശിപ്പിക്കുകയും എടുത്ത് കൊണ്ട് പോയി കടലിലെറിയുകയും ചെയ്തു. പിണറായിയിലാണെങ്കിൽ ഫ്‌ളക്‌സ് കത്തിക്കുകയും ചെയ്തു. എൽഡിഎഫ് പ്രചരണ ബോർഡുകളുടെ സമീപത്ത് സ്ഥാപിച്ച യുഡിഎഫ് ബിജെപി ബോർഡുകൾക്ക് യാതൊന്നും സംഭവിച്ചിട്ടുമില്ല. എൽഡിഎഫിന്റെ പ്രചരണ ബോർഡുകൾ തെരഞ്ഞുപിടിച്ച് നശിപ്പിക്കുകയാണ്. കല്ല്യാശ്ശേരിയിലെ പാറക്കടവിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയായ വൈഷ്ണവിനെ മാരകമായി ഇരുമ്പുവടി ഉപയോഗിച്ച് മർദ്ദിക്കുകയുണ്ടായി. കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ കോൺഗ്രസുകാരും ആർ.എസ്.എസുകാരും സി.പി.ഐ(എം) പ്രവർത്തകരെ അക്രമിച്ച 32 കേസുകളുണ്ടായി. വോട്ടുകച്ചവടത്തിലൂടെ രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കിയ കോൺഗ്രസും ബിജെപിയും എൽഡിഎഫ്  പ്രചരണ സാമഗ്രികൾ നശിപ്പിക്കുന്നതിലും അക്രമം അഴിച്ചുവിടുന്നതിലും  ഒന്നിച്ചാണ്.

ഭരണവിലാസം സർവ്വീസ് സംഘടനകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുപ്പ് പ്രവൃത്തിക്ക് നിയോഗിക്കുകയും എൽഡിഎഫ് അനുകൂല മുന്നേറ്റത്തെ തകർക്കാനുമുള്ള ശ്രമവും യുഡിഎഫ് സ്വീകരിക്കുകയാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധമായി കാര്യങ്ങൾ നടത്താനാണ് ശ്രമിക്കുന്നത്. ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് കണ്ണൂരിലേക്ക് മാത്രമായി പ്രത്യേക ഉത്തരവുകൾ ഇറക്കിയിരുന്നു. നിയമത്തിനും ചട്ടത്തിനും വിരുദ്ധമായ നടപടിയാണിത്.  രാജ്യത്താകെ പൊതുവായി ബാധകമാണ് ജനപ്രാതിനിധ്യ നിയമവും തെരഞ്ഞെടുപ്പ് ചട്ടങ്ങളും. ഒരു പ്രദേശത്തേക്ക് മാത്രമായി പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് വിവേചനപരമാണ്. ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മർദ്ദത്തിന് കീഴടങ്ങേണ്ടവരല്ല ഉദ്യോഗസ്ഥന്മാർ. ഏത് കക്ഷിയുടെ ഭരണം വന്നാലും ഭരണഘടനയും നിയമവും അനുസരിച്ച് പ്രവർത്തിക്കേണ്ടവരാണ് ഉദ്യോഗസ്ഥന്മാർ.  രാഷ്ട്രീയ താല്പര്യമല്ല നിയമവ്യവസ്ഥയാണ് സംരക്ഷിക്കേണ്ടത്. നിയമവിരുദ്ധമായ ഉത്തരവുകൾ പക്ഷപാതപരമായി ഇറക്കുന്നതുമൂലമാണ് കോടതി പല ഉത്തരവുകളും റദ്ദാക്കുകയോ താല്ക്കാലികമായി മരവിപ്പിക്കുകയോ ചെയ്യുന്നത്.  ഇതിൽ നിന്നൊന്നും പാഠം പഠിക്കാതെ മരിച്ചവരുടെ പേരിൽ പോലും കേസെടുക്കുന്ന പോലീസ് രാജ് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ഇത്തരം ഹീന നടപടികൾ കൊണ്ടൊന്നും എൽഡിഎഫിന് അനുകൂലമായ ജനമുന്നേറ്റത്തെ തടയാനാവില്ല.  ജനഹിതം എൽഡിഎഫ് അധികാരത്തിൽ വരണമെന്നാണ്.  പ്രകോപനങ്ങളുണ്ടാക്കാൻ ആർ.എസ്.എസ്സും കോൺഗ്രസ്സും പോലീസും ശ്രമിക്കുമ്പോൾ അതിലൊന്നും കുടുങ്ങാതെ ജാഗ്രതയോടെ എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പോലീസ് രാജിലും ജനാധിപത്യവിരുദ്ധ നടപടിയിലും പ്രതിഷേധമുയർത്തിക്കൊണ്ടുവരണമെന്ന് മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

എം വി ജയരാജൻ