സിപിഐ(എം) നേതാക്കന്മാരുടെ ഗൺമാൻമാരെ പിൻവലിച്ചതിൽ പ്രതിഷേധിക്കുന്നു. യുഡിഎഫ് സർക്കാർ ആർഎസ്എസ്സുമായി ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കം.  പി. ജയരാജനു നേരെ നിരവധി തവണ ആർ.എസ്.എസ്സുകാരിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നു.  17 വർഷം മുമ്പ് തിരുവോണനാളിൽ വീട്ടിൽ കയറി ഭീകരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതാണ്.  ആർഎസ്എസ്സ് വിട്ടതോടെ ഒ.കെ. വാസുമാസ്റ്റർക്കും എ. അശോകനും നേരെ ആർഎസ്എസ്സിൽ നിന്നും വധഭീഷണിയും വധശ്രമവുമുണ്ടായി.  ആർഎസ്എസ്സും കോൺഗ്രസ്സും തമ്മിൽ വോട്ടുകച്ചവടം ഉറപ്പിച്ചതിനെ തുടർന്നാണ് വധഭീഷണിയുള്ള നേതാക്കളുടെ ഗൺമാൻമാരെ പിൻവലിച്ചതും. സിപിഐ(എം) നേതാക്കന്മാർക്കുനേരെ എന്തെങ്കിലും അക്രമമുണ്ടായാൽ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കും.  ആർ.എസ്.എസ്സ്. ജില്ലയിൽ അക്രമത്തിനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. വീടുകൾക്കും ഓഫീസുകൾക്കും സിപിഐ(എം) പ്രവർത്തകന്മാർക്കും നേരെ തെരഞ്ഞെടുപ്പുകാലത്ത് അക്രമം നടത്തിയതിനാൽ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ ആർഎസ്എസ്സുകാരുടെ പേരിൽ 30 ഓളം കേസുകൾ ചാർജ്ജ് ചെയ്തിട്ടുണ്ട്.  ആർ.എസ്.എസ്സിന്റെ ഈ അക്രമങ്ങളെ അപലപിക്കാതെ ജില്ലയിൽ തെരഞ്ഞെടുപ്പു പ്രചരണ യോഗങ്ങളിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സിപിഐ(എം)നെ അക്രമകാരികളായി ചിത്രീകരിക്കുകയാണ് ചെയ്തത്.  ആർഎസ്എസ്സിനെ വെള്ളപൂശി സിപിഐ(എം)നെ വേട്ടയാടുന്ന മുഖ്യമന്ത്രിയുടെ നയമാണ് ഗൺമാൻമാരെ പിൻവലിച്ചതിന്റെ പിന്നിലുമുള്ളത്.  സിപിഐ(എം) നേതാക്കളെ സംരക്ഷിക്കാൻ ജനങ്ങളുണ്ടാകും.  സർക്കാരിന്റെയും പോലീസിന്റെയും ആർഎസ്എസ്സിനെ സഹായിക്കുന്ന നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.

എം.വി. ജയരാജൻ