മൂന്ന് യു ഡി എഫ് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും കോടതി വിധികളുടെയും ലംഘനമാണ്. 

തലശ്ശേരി സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടി വ്യാജ സത്യവാങ്ങ്മൂലമാണ് സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായിട്ടും വിശദാംശങ്ങളൊന്നും സത്യവാങ്ങ്മൂലത്തിൽ രേഖപ്പെടത്തിയിട്ടില്ല. സരിത കേസ് ആയതിനാലാണോ സത്യം ജനങ്ങളിൽ നിന്നും മറച്ചുവെച്ചത്. ഒരേ സമയത്ത് കണ്ണൂർ ഐ ടി ഐയിലും കണ്ണൂർ എസ് എൻ കോളജിലും പഠിച്ചതായിട്ടാണ് രേഖപ്പെടുത്തിയത്. ഇത്തരം അപാകതകളുള്ള സത്യവാങ്ങ്മൂലമാണ് സമർപ്പിച്ചതെന്ന് റിട്ടേണിങ്ങ് ഓഫീസർ രേഖപ്പെടുത്തിയിട്ടുണ്ട്.

അഴീക്കോട് സ്ഥാനാർത്ഥി കെ എം ഷാജി ആവട്ടെ 2 പാൻ കാർഡുകൾ കൈവശമുള്ളയാളാണ്. 2 പാൻ കാർഡുകൾ കൈവശം വെക്കുന്നത് നിയമമനുസരിച്ച് കുറ്റകരമാണ്. ഇപ്പോഴും 2 പാൻ കാർഡുകൾ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പ് രേഖകൾ വ്യക്തമാക്കുന്നത്. നികുതി വെട്ടിപ്പിന് ഇത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാമനിർദ്ദേശ പത്രികയിൽ 2 ഇടത്തായി ബി ബി എം, ബി ബി എ എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിട്ടുള്ളത്. ഷാജി ബി ബി എം പാസായിട്ടുമില്ല. 2011-ൽ ഷാജിയുടെ കൈവശമുള്ള സ്ഥലത്തിന് 26 ലക്ഷം രൂപയാണ് ആസ്തി വിലയായി കാണിച്ചിരുന്നത്. അതേ സ്ഥലത്തിന് 2016-ൽ 3 ലക്ഷം രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. സ്വന്തം രാഷ്ട്രീയ പാർടിയായ ഐ യു എം എൽ ദേശീയ പാർടിയെന്നോ സംസ്ഥാന പാർടിയെന്നോ പോലും രേഖപ്പെടുത്തിയിട്ടില്ല. ഷാജിയുടെ പാർടി ഏതെന്ന് ഷാജിക്ക് അറിയില്ലെ?. ഇത്തരത്തിൽ 15 ഓളം തെറ്റുകൾ സത്യവാങ്ങ്മൂലത്തിലുണ്ട്. 

ധർമ്മടം സ്ഥാനാർത്ഥി മമ്പറം ദിവാകരനാവട്ടെ ബീഡി തൊഴിലാളിയായ കൊളങ്ങരേത്ത് രാഘവനെ കൊലപ്പെടുത്തിയ കേസിൽ 1979-ൽ 7 വർഷം കോടതി ശിക്ഷിച്ച കാര്യം സത്യവാങ്ങ്മൂലത്തിൽ മറച്ച് പിടിച്ചു. സത്യവാങ്ങ്മൂലത്തിൽ രേഖപ്പെടുത്തിയത് തനിക്ക് ശിക്ഷ ലഭിച്ചിട്ടില്ലെന്നാണ്. സുപ്രീം കോടതി വരെ കേസ് നടത്തിയിട്ടും ശിക്ഷ റദ്ദാക്കിയിരുന്നില്ല. മമ്പറം ദിവാകരൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കാര്യം കെ പി സി സി പ്രസിഡണ്ടിന് പോലും അിറയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കെ പി സി സി പ്രസിഡണ്ട് പറഞ്ഞ പച്ചക്കള്ളം ദിവാകരൻ സത്യവാങ്ങ്മൂലത്തിൽ രേഖപ്പെടുത്തുകയാണോ ചെയ്തത്.  

മന്ത്രി പി കെ ജയലക്ഷ്മി 2011-ൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യാജവും അപൂർണ്ണവുമായ സത്യവാങ്ങ്മൂലം സമർപ്പിച്ചാൽ നാമനിർദ്ദേശ പത്രിക തിരസ്‌കരിക്കണമെന്നാണ് ചട്ടം അനുശാസിക്കുന്നത്.

സൂഷ്മ പരിശോധന വേളയിൽ രേഖകൾ സഹിതം റിട്ടേണിങ്ങ് ഓഫീസർമാർക്ക് ഇക്കാര്യങ്ങൾ എൽ ഡി എഫ് സമർപ്പിച്ചെങ്കിലും വ്യാജവും അപൂർണ്ണവുമായ നാമനിർദ്ദേശ പത്രികകൾ തള്ളിയിട്ടില്ല. ഇത് നിയമവിരുദ്ധമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച പരാതി എൽ ഡി എഫ് നർകിട്ടുണ്ട്. കോടതിയിലും കേസ് സമർപ്പിക്കും. അതോടൊപ്പം കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട വസ്തുതകൾ മറച്ച് വെച്ചതും 2 പാൻ കാർഡുകൾ നിയമവുരുദ്ധമായി കൈകാര്യം ചെയ്യുന്നതും സരിത കേസിൽ നിയമ നടപടികൾ നേരിടുന്ന വസ്തുതകളുമെല്ലാം ജനങ്ങളുടെ മുമ്പാകെ തുറന്ന് കാട്ടും. ജനപ്രതിനിധികൾ ഒരിക്കലും സത്യം ജനങ്ങളിൽ നിന്നും മറച്ച് വെക്കാൻ പാടില്ല. 

എം വി ജയരാജൻ