കണ്ണൂർ : ജില്ലയിൽ വ്യാപകമായ ബി ജെ പി-ആർ എസ് എസ് അക്രമത്തിനെതിരെ പ്രതിഷേധം ഉയർത്തികൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.

സമാധാന അന്തരീക്ഷം തകർക്കാനുള്ള  ആർ എസ് എസിന്റെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ് ഈ അക്രമണങ്ങൾ. അക്രമത്തിലൂടെ ജനങ്ങളെ ഭീതിയിലാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണിത്. 3 ദിവസങ്ങളിലായി 7 സ്ഥലങ്ങളിൽ 12 സി പി ഐ (എം) പ്രവർത്തകരെയും 2 വീടുകൾക്ക് നേരെയുമാണ് അക്രമണം നടത്തിയത്. വയത്തൂരിലും ധർമ്മടത്തും വീടുകൾക്കും വീട്ട്കാർക്ക് നേരെയും അക്രമണം നടത്തി. വയത്തൂരിൽ വീട്ടിൽ കയറി ഒരു കുടുംബത്തെ മുഴുവൻ അക്രമിച്ചു. ജാതി പേര് വിളിച്ചാക്ഷേപിച്ചായിരുന്നു അക്രമണം. വീട്ടമ്മയുടെ വസ്ത്രം പിടിച്ച് കീറി അപമാനിച്ചു. ധർമ്മടത്താവട്ടെ പഞ്ചായത്ത് മെമ്പറെയും മകളെയും അക്രമിക്കുകയും വീടിന്റെ ജനലുകൾ മുഴുവൻ തകർക്കുകയുമായിരുന്നു. വീട്ടിൽ കരി ഓയിൽ ഒഴിച്ച് നാശനഷ്ടമുണ്ടാക്കി. ആർ എസ് എസിന്റെ പുതിയ ഒരു ആയുധമാണിപ്പോൾ കരി ഓയിൽ. ചാലയിൽ സി പി ഐ (എം) ലോക്കൽ കമ്മിറ്റി അംഗത്തെ ബൈക്ക് തടഞ്ഞ് അക്രമിച്ചു. ബൈക്ക് അഗ്നിക്കിരയാക്കി. 3.2 ലക്ഷം രൂപ കവർന്നെടുക്കുകയും ചെയ്തു. പാനൂർ-പിലാക്കൂലിൽ 2 സി പി ഐ (എം) പ്രവർത്തകരെയാണ് അക്രമിച്ചത്. ചെറുവാഞ്ചേരിയിൽ സി പി ഐ (എം) ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ഒരു വർഷത്തിനിടയിൽ 25-ാം മത്തെ തവണയാണ് അക്രമണമുണ്ടാവുന്നത്. ഇടത് മുന്നണി സ്ഥാനാർത്ഥികളുടെ പ്രചരണങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്. 

ഈ അക്രമണം നടത്തുന്ന പ്രദേശങ്ങളിലൊന്നും യാതൊരു സംഘർഷവും ഉണ്ടായിട്ടില്ല. ഏകപക്ഷീയമായി ആർ എസ് എസ് അക്രമണം അഴിച്ച് വിടുകയാണ്. ആർ എസ് എസ്് അക്രമത്തിൽ പ്രകോപിതരാവാതെ പാർടി പ്രവർത്തകർ ജാഗ്രത പാലിക്കണം. ഈ അക്രമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം ഉയർത്തികൊണ്ടുവരണം. യു ഡി എഫ് ഭരണത്തിൽ കീഴിൽ പോലീസ് ആർ എസ് എസ് ക്രിമിനലുകളെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് അക്രമണം വ്യാപിപ്പിച്ച് ജില്ലയിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുന്ന ആർ എസ് എസിനെ തിരിച്ചറിയണമെന്നും ജനാധിപത്യ വിശ്വാസികൾ ഇത്തരം അക്രമണങ്ങളെ അപലപിക്കണമെന്നും അഭ്യർത്ഥിക്കുന്നു. 

എം.വി. ജയരാജൻ