കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന അഴീക്കോട് അസംബ്ലി മണ്ഡലത്തിൽ ഇതോടൊപ്പം അടക്കം ചെയ്ത കോപ്പിയിൽ വ്യക്തമാക്കിയത് പോലെ സഹപാഠിക്കൊരു കാരുണ്യ ഭവനം എന്ന പരിപാടി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുകൊണ്ട് 2016 മാർച്ച് 8-നു രാവിലെ 12 മണിക്ക് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിത കോളജിൽ സംഘടിപ്പിക്കുകയാണ്. നിലവിലുള്ള അഴീക്കോട് എം എൽ എ കെ എം ഷാജിയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്നത് അതീവ ഗൗരവമാണ്. 

2011-ലെ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥിയായിരുന്ന കെ എം ഷാജി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റചട്ടം ലംഘിച്ചതിന്റെ നിരവധി പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. ഇപ്പോൾ വീണ്ടും പെരുമാറ്റചട്ടം ലംഘിക്കുകയാണ്. ആസന്നമായ നിയമസഭ തെരഞ്ഞിപ്പിൽ മുസ്ലീം ലീഗ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി ലിസ്റ്റിൽ കെ എം ഷാജിയുടെ പേരും ഉണ്ട്. 

പണവും വീടും മറ്റ് പാരിതോഷിങ്ങളും വോട്ടർർമാർക്ക് പ്രഖ്യാപിച്ചുകൊണ്ടാണ് വോട്ട് ക്യാൻവാസ് ചെയ്യുന്നത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിലൂടനീളം എം എൽ എയായ കെ എം ഷാജി ഒരു പര്യടന പരിപാടി സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച ആ പര്യടന പരിപാടിയിൽ നിരവധി വാഗ്ദാനങ്ങൾ നൽകി. മാത്രല്ല വോട്ടർമാർക്ക് പാരിതോഷികം പണമായും നൽകി. 

മാർച്ച് 8-നു നടത്തുന്ന ബൈത്തുറഹ്മ പ്രഖ്യാപനം എം എസ് എഫ് ദുബായ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പേരിൽ സർക്കാരിന്റെ സ്ഥാപനമായ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിത കോളജിലാണ് സംഘടിപ്പിക്കുന്നത്. ഇത്തരമൊരു പരിപാടിക്ക് കോളജ് അനുവദിച്ച അധികൃതരും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് കൂട്ട് നിൽക്കുകയാണ്. ഈ കോളജ് കെ എം ഷാജിയുടെ നിർദ്ദിഷ്ട  മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ്. ഇദ്ദേഹം ഗൾഫിൽ പര്യടനം നടത്തി വൻ തുക തെരഞ്ഞെടുപ്പിന് വേണ്ടി പിരിച്ചതായി അറിയുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ ഈ തുക ഉപയോഗിച്ചാണ് മാർച്ച് 8-നു ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്ന് അനുമാനിക്കാം. ഈ തുക ഉപയോഗിച്ച് ഇനിയും ഇത്തരം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങൾ വ്യാപകമായി സംഘടിപ്പിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായും ഈ ചട്ട ലംഘനത്തിനെതിരെ ഇടപെടുകയും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ
എം  വി ജയരാജൻ
(സെക്രട്ടറിക്കുവേണ്ടി)