കണ്ണൂർ- കേന്ദ്രബഡ്ജറ്റിലും, റെയിൽ ബഡ്ജറ്റിലും സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് മാർച്ച് 9 ന് ബുധനാഴ്ച എല്ലാ അസംബ്ലിമണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ സായാഹ്നധർണ്ണ സംഘടിപ്പിക്കാൻ  എൽ.ഡി.എഫിന്റെയും സഹകരിക്കുന്ന കക്ഷികളുടെയും ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു. പയ്യന്നൂർ, തളിപ്പറമ്പ്, ശ്രീകണ്ഠപുരം,കണ്ണൂർ, പെരളശ്ശേരി, തലശ്ശേരി,പാനൂർ, ഇരിട്ടി, പഴയങ്ങാടി, പുതിയതെരു,മട്ടന്നൂർ എന്നീ പതിനൊന്ന് കേന്ദ്രങ്ങളിലാണ് സായാഹ്നധർണ്ണ സംഘടിപ്പിക്കുന്നത്.

കാർഷിക മേഖലയെ മാത്രമല്ല പരമ്പരാഗത-വ്യാവസായിക മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും കേന്ദ്ര ബഡ്ജറ്റ് അവഗണിച്ചിരിക്കുകയാണ്. ആധുനിക വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള ഒരു പദ്ധതിയും കേരളത്തിനില്ല. ഇ.പി.എഫിന് നികുതി ഉൾപ്പെടെ വിവിധ മേഖലകളിൽ ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നു. ദേശീയ നേതാക്കൾക്കെതിരെ രാജ്യദ്രോഹകുറ്റമുൾപ്പെടെ ചുമത്തുന്ന കേന്ദ്രസർക്കാർ നടപടിയിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു.ഭരണകൂട ഭീകരതക്കും വർക്ഷീയതക്കുമെതിരായി വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ സി.പി.മുരളി  അദ്ധ്യക്ഷത വഹിച്ചു. കെ.പി.സഹദേവൻ, എം.വി ജയരാജൻ, വിവി.കുഞ്ഞികൃഷ്ണൻ, ഇ.ജനാർദ്ദനൻ, കെ.സി ജേക്കബ്, കെ.കെ.ജയപ്രകാശ്, ജേക്കബ് ചൂരനോലിൽ, ഹമീദ് ഇരിണാവ്, വി.രാജേഷ് പ്രേം കെ.സുരേശൻ, സി.കെ.നാരായണൻ, അഷ്‌റഫ് പൂറവൂർ, ഡി.മുനീർ, അഡ്വ.ടി.മനോജ്കുമാർ, കെ.എം.ബാലകൃഷ്ണൻ  എന്നിവർ സംസാരിച്ചു