കണ്ണൂർ : അഴിമതിക്കാരായ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും വൈദ്യുതി മന്ത്രിയും പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ ബഹിഷ്‌കരിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റിയും സഹകരിക്കുന്ന കക്ഷികളും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.  ഫിബ്രവരി 29ന് മട്ടന്നൂരിൽ നടക്കുന്ന കണ്ണൂർ വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കൽ, ബാരാപോൾ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം, കണ്ണൂർ യൂണിവേഴ്‌സിറ്റി ലൈബ്രറി കെട്ടിടം ഉദ്ഘാടനം, മൊയ്തു പാലം ഉദ്ഘാടനം, കണ്ണൂർ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ, കൃഷ്ണമേനോൻ സ്മാരക ഗവ: വനിതാ കോളേജിലെ പരിപാടി, അഴീക്കോട് കൈത്തറി ഗ്രാമം, അഴീക്കോട് തുറമുഖം ക്വാട്ടേഴ്‌സ് ശിലാസ്ഥാപനം പരിപാടികൾ എന്നീ എട്ട് പരിപാടികൾ നടക്കുന്ന സ്ഥലത്തിനു സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.  കറുത്ത ബാഡ്ജ് ധരിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ അഴിമതി മന്ത്രിമാർ രാജിവെക്കുക, നാടിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കൈത്തറി ഗ്രാമം പദ്ധതി ടൂറിസം മന്ത്രി ഒരു വർഷം മുമ്പ് ഉൽഘാടനം ചെയ്തതാണ്. വീണ്ടുമൊരു ഉൽഘാടന പരിപാടി പരിഹാസ്യമാണ്. 4.5 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് കൈത്തറി തൊഴിലാളികൾക്ക് യാതൊരു നേട്ടവുമില്ല. അഴീക്കോട് തുറമുഖത്ത് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നിട്ട് ഒരു വർഷത്തോളമായി. അത് ഉൽഘാടനം ചെയ്യുന്ന പരിപാടിയാണ് നിശ്ചയിച്ചിരിക്കുന്നത്. യന്ത്രം തുരുമ്പിച്ചുകഴിഞ്ഞു. മണ്ണ് മാന്തിയെടുക്കുന്നുമില്ല. 

സോളാർ അഴിമതിയും ബാർ കോഴയും പാമോയിൽ അഴിമതിയും ടൈറ്റാനിയം അഴിമതിയും എല്ലാം മുഖ്യമന്ത്രി മുഖ്യപ്രതിയായ അഴിമതിക്കേസുകളാണ്.  കോടതികളിൽ നിന്ന് നിത്യേനയെന്നോണം മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായി അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്യാനും അഴിമതിക്കെതിരായ ശക്തമായ വിമർശനങ്ങളും ഉയർന്നുവരികയാണ്. താൽക്കാലിക സ്റ്റേയിൽ കടിച്ച് തൂങ്ങുന്ന അഴിമതി മന്ത്രിമാർ നാടിനപമാനമാണ്. രാഷ്ട്രീയധാർമ്മികതയും നീതിബോധവുമുണ്ടെങ്കിൽ അഴിമതി ആരോപണങ്ങൾക്ക് വിധേയരും അഴിമതിക്കേസിൽ പ്രതികളുമായ മന്ത്രിമാർ രാജിവെക്കേണ്ടതാണ്.  കേരളമാകെ അഴിമതി വ്യാപിക്കാനുള്ള കാരണം മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്.  വിവിധ അന്വേഷണ ഏജൻസികളും അഴിമതി അന്വേഷണ കമ്മീഷനുകളും ഈ സർക്കാരിന്റെ അഴിമതിയെക്കുറിച്ച് അക്കമിട്ട് വിവരിക്കുന്നുണ്ട്.  അതുകൊണ്ടാണ് എൽഡിഎഫ്. അഴിമതി മന്ത്രിമാർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത്.  ഈ അഴിമതിക്കാരിൽ നിന്നും കേരളത്തെ രക്ഷിക്കേണ്ടതുണ്ട്.  

വികസനത്തിന് ഞങ്ങൾ എതിരല്ല.  എൽഡിഎഫിന്റെ കാലത്ത് ആരംഭിച്ചതാണ് ഇപ്പോൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പല വികസന പദ്ധതികളും.  കണ്ണൂർ വിമാനത്താവളം 1996ൽ നായനാർ മന്ത്രിസഭയുടെ കാലത്താണ് അനുമതി ലഭിച്ചത്.  ദേവഗൗഡ സർക്കാരിൽ വ്യോമയാനമന്ത്രിയായി  സിഎം ഇബ്രാഹിം ഉണ്ടായിരുന്നപ്പോഴാണ് വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചത്.  പിന്നീടുവന്ന യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുക്കാനോ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനോ തയ്യാറായില്ല. 2006ലെ എൽഡിഎഫ് സർക്കാർ വിമാനത്താവളത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്തു.  4000 മീറ്റർ റൺവേയായിരുന്നു എൽഡിഎഫിന്റെ കാലത്ത് വിഭാവനം ചെയ്തത്.  യുഡിഎഫ് 2400 ആയി വെട്ടിക്കുറച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർണമായും പൂർത്തീകരിക്കാതെ സിഗ്നൽ പോലും സ്ഥാപിക്കാതെ ഹെലികോപ്റ്ററിൽ പരീക്ഷണപ്പറക്കൽ ധൃതിപിടിച്ച് നടത്താനാണ് ഇപ്പോഴത്തെ പരിപാടി.  വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള നീക്കംമാത്രമാണിത്.  കണ്ണൂർ ജില്ലയിലെ ഏക ജലവൈദ്യുത പദ്ധതിയായ ബാരാപോൾ പദ്ധതി ഇടതുപക്ഷത്തിന്റെ കാലത്ത് ആരംഭിച്ചതാണ്. വനിത കോളജിലെ സയൻസ് ബ്ലോക്കിൽ 6 മാസം മുമ്പ് ക്ലാസുകൾ ആരംഭിച്ചതുമാണ്. എൽ ഡി എഫ് സർക്കാരിന്റെ കാലത്താണ് ഇതിന് ഫണ്ട് അനുവദിച്ചത്. ഇതും ഇപ്പോൾ ഉമ്മൻചാണ്ടി ഉൽഘാടനം ചെയ്യുകയാണ്. ഇത്തരം പദ്ധതികളാണ് ഉദ്ഘാടനമാമാങ്കത്തിലൂടെ തങ്ങളുടെ നേട്ടമായിയുഡിഎഫ് അവതരിപ്പിക്കുന്നത്.  ഇത് ജനങ്ങൾ തിരിച്ചറിയും.  വികസനത്തിനെതിരെയല്ല സമരം.  അഴിമതി മന്ത്രിമാർക്കെതിരെയാണ് സമരം. 29ന് നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ സംശുദ്ധ ഭരണം ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.  

കൺവീനർ

29.02.2016-നു മുഖ്യമന്ത്രിയുടെ ജില്ലയിലെ പൊതുപരിപാടികൾ 

9 മണി വിമാനത്താവളം - മട്ടന്നൂർ 

10 മണി ബാരാപോൾ - ഇരിട്ടി

4 മണി യൂണിവേഴ്‌സിറ്റി - കണ്ണൂർ

4.30 മണി വനിത കോളജ് - കണ്ണൂർ 

5 മണി മൊയ്തു പാലം - ധർമ്മടം

6 മണി കൈത്തറി ഗ്രാമം - അഴീക്കോട്

7 മണി ലൈറ്റ് ആന്റ് സൗണ്ട് ഷോ - കണ്ണൂർ കോട്ട