പി. ജയരാജനെ വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകാൻ വൈകിയതിനും അർദ്ധരാത്രി യാത്രതിരിക്കാൻ ഇടയാക്കിയതുമായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണം. ഫിബ്രവരി 20നാണ് കോഴിക്കോട് മെഡിക്കൽ ബോർഡ് ജയരാജന് അടിയന്തിരമായും വിദഗ്ദ്ധചികിത്സ നൽകണമെന്ന് ജയിലധികൃതർക്ക് ശുപാർശ നൽകിയത്.  എന്നാൽ മൂന്നുദിവസത്തിനുശേഷം മാത്രമാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ശ്രീചിത്രയിലേക്ക് അയക്കുന്നത്.   പി. ജയരാജനോട് മനുഷ്യത്വപരമായ സമീപനം സർക്കാരും സിബിഐയും ജയിലധികൃതരും സ്വീകരിച്ചില്ല. സിബിഐ കള്ളക്കേസിൽ പ്രതിയാക്കി.  കോടതി നിർദ്ദേശിച്ചിട്ടും പരിയാരത്ത് വിദഗ്ദ്ധചികിത്സ നിഷേധിച്ചു.  ചികിത്സ നൽകാനുള്ള ഉത്തരവാദിത്തം ജയിലധികൃതർക്കാണ്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കിട്ടിയാൽ കഴിയുന്നതും വേഗത്തിൽ ശുപാർശ ചെയ്ത ആശുപത്രിയിൽ എത്തിക്കാനുള്ള ബാധ്യത ജയിലധികൃതർ നിറവേറ്റേണ്ടതാണ്.  ദീർഘദൂര യാത്രക്ക് സാധാരണ പാലിക്കേണ്ട സുരക്ഷയൊന്നും ജയരാജന്റെ കാര്യത്തിൽ ഉണ്ടായില്ല. റോഡ് മാർഗം ഒഴിവാക്കി ട്രെയിൻ മാർഗം സ്വീകരിക്കാമായിരുന്നു.  ഹൃദ്രോഗിയായ ജയരാജന്റെ ആശുപത്രിയിലേക്കുള്ള യാത്ര അർദ്ധരാത്രിയാക്കിയതും ശരിയായില്ല.  അകമ്പടി പോലീസ് രാവിലെ തന്നെ ആവശ്യപ്പെട്ടിട്ടും രാത്രി 8.15ന് ശേഷം പുറപ്പെട്ടത് ദുരൂഹമാണ്.  ജയിൽ സൂപ്രണ്ടാകട്ടെ കാര്യമായ അസുഖമൊന്നും ജയരാജന് ഇല്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.  ആംബുലൻസിന് ദീർഘദൂര യാത്രയായതുകൊണ്ടുതന്നെ ഒന്നിലധികം ഡ്രൈവർമാരെ വിളിക്കാമായിരുന്നു.  1999ൽ ആർ.എസ്.എസ്സുകാർ വെട്ടിനുറുക്കിയ ജയരാജനെ വീണ്ടും വേട്ടയാടുകയാണ്.  ഈ വേട്ടയാടലിന് പിന്നിൽ ആർഎസ്എസ്-കോൺഗ്രസ് ഗൂഢാലോചനയാണ്.  ആ രാഷ്ട്രീയ ഗൂഢാലോചനയിൽ ഒരു ജയിലുദ്യോഗസ്ഥൻ ഏർപ്പെടുന്നത് ഒട്ടും ആശാസ്യമല്ല.  ഈ ജയിലുദ്യോഗസ്ഥൻ തന്റെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് ജയരാജന് വിദഗ്ദ്ധചികിത്സ ലഭ്യമാക്കാൻ വൈകിച്ചതും ആവശ്യമായ സുരക്ഷാക്രമീകരണങ്ങളൊരുക്കാതെ അർദ്ധരാത്രി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ്ജ്‌ചെയ്ത് തിരുവനന്തപുരത്തേക്ക് അയച്ചതും.  ഇതു സംബന്ധിച്ച് ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരിൽ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണം.