പി ജയരാജനെ കസ്റ്റഡിയിയിൽ വിട്ടുതരണമെന്ന സി ബി ഐ ഹരജി പിൻവലിച്ചത് സി പി ഐ (എം) ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുകയാണെന്ന് സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ പറഞ്ഞു.  

നാലുതവണ ആൻജിയോപ്ലാസ്റ്റി നടത്തിയ ഹൃദ്രോഗിയായ പി. ജയരാജനോട് മനുഷ്യത്വരഹിതമായി പെരുമാറുകയായിരുന്നു ബി ജെപിയും സി ബി ഐയും യു ഡി എഫ് സർക്കാരും. പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സുഖവാസത്തിനാണെന്നുപോലും ബിജെപി പ്രചരിപ്പിച്ചു. ഇപ്പോൾ കോഴിക്കോട് ഗവ: മെഡിക്കൽ കോളേജിൽ ഹൃദ്രോഗ വിഭാഗം ഐ സി യു വാർഡിൽ പ്രവേശിപ്പിച്ച പി ജയരാജൻ ചികിത്സക്കുവേണ്ടി മാത്രമാണ് കോടതിയോട് അപേക്ഷിച്ചത്. ഹൃദ്രോഗം ഉൾപ്പെടെയുള്ള മാരകരോഗം ബാധിച്ചവർ സാധാരണനിലയിൽ തന്നെ ചികിത്സിച്ച ഡോക്ടറെയും ആശുപത്രിയെയുമാണ് തുടർചികിത്സയ്ക്കായി ആശ്രയിക്കുക. ആർഎസ്എസ്സിന് കീഴടങ്ങി അക്കാര്യം പോലും ഉമ്മൻചാണ്ടി സർക്കാർ ജയരാജന് നിഷേധിച്ചു.  ജയരാജനെ ചികിത്സിച്ച ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ആശുപത്രികളിൽ പോയി ഭീഷണിപ്പെടുത്തി ജയരാജന് ഒരു അസുഖവുമില്ലെന്ന സർട്ടിഫിക്കറ്റ് നേടാൻ സിബിഐ ഉദ്യോഗസ്ഥന്മാർ പരിശ്രമിച്ചു. ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗവിഭാഗമില്ലെന്നറിഞ്ഞിട്ടും അവിടുത്തെ ഡോക്ടർമാരോട് നിങ്ങൾ എന്തുകൊണ്ട് ഇവിടെ കിടത്തിയില്ല എന്ന ചോദ്യം സിബിഐ ഉദ്യോഗസ്ഥന്മാർ ചോദിക്കുന്നിടം വരെ കാര്യമെത്തി. പരിയാരം മെഡിക്കൽ കോളേജിലെ ഹൃദ്രോഗവിഭാഗം തലവൻ ഡോ. എസ് എം അഷറഫിനെ കുറ്റവാളിയെപ്പോലെ സി ബി ഐ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു. ഇതെല്ലാം സി ബി ഐയെക്കൊണ്ട് ചെയ്യിച്ചത് ആർ എസ് എസ്സാണ്. ഇത്തരം ഹീന നീക്കങ്ങളെല്ലാം നടത്തിയിട്ടും ഹൃദ്രോഗിയെ മൂന്നാംമുറക്ക് വിധേയമാക്കാനുള്ള സി ബി ഐ നീക്കമാണ് മെഡിക്കൽ രേഖകൾ ഹാജരാക്കണമെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് പൊളിഞ്ഞത്. പി ജയരാജനെ വേട്ടയാടുന്ന ആർ എസ് എസ്-കോൺഗ്രസ്-സി ബി ഐ നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും ഇതിനെതിരായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നും എം വി ജയരാജൻ അഭ്യർത്ഥിക്കുന്നു.