കണ്ണൂർ : പാപ്പിനിശ്ശേരി കൊലപാതകെത്ത രാഷ്ട്രീയ വൽക്കരിക്കുന്ന ബി ജെ പി നടപടി പ്രതിഷേധാർഹമാണ്. അരോളി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയെ ശല്യം ചെയ്ത  പ്രശ്‌നത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. തികച്ചും പ്രാദേശികമായ ഒരു പ്രശ്‌നം മാത്രം.. പോലീസിനും ഇക്കാര്യം അറിയാം. പ്രമുഖ മാധ്യമങ്ങൾ രാഷ്ട്രീയ തർക്കമല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനെ ആർ എസ് എസ്-ബി ജെ പി നേതൃത്വം രാഷ്ട്രീയവൽക്കരിക്കുന്നത് ബോധപൂർവ്വമാണ്. ആർ എസ് എസ് മുൻ മണ്ഡലം കാര്യവാഹായ സുജിത്തിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. സത്യസന്ധമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തുകയും വേണം. 

പി ജയരാജനെ യു എ പി എ ചുമത്തി കള്ള കേസിൽ കുടുക്കിയതിലും 4 തവണ ആൻജിയോപ്ലാസ്റ്റി നടത്തിയ ജയരാജനെ ചികിത്സിച്ച ഡോക്ടറുടെ തുടർ ചികിത്സ നിഷേധിച്ചതും ആർ എസ് എസ്-കോൺഗ്രസ് ഗൂഢാലോചനയാണെന്നും ജനങ്ങൾക്കറിയാം. യു ഡി എഫ് സർക്കാർ ജയരാജന് അർഹതപ്പെട്ട നീതി നിഷേധിച്ചു. ഹൃദ്‌രോഗിയായ ഒരു തടവുകാരനെന്ന പരിഗണന പോലും നൽകാതെ വ്യാപകമായി അപവാദങ്ങൾ പ്രചരിപ്പിച്ച ബി ജെ പിയാണ് ജാള്യരായത്. സി പി ഐ (എം) നു യാതൊരു ജാള്യതയുമുണ്ടായില്ല. നീതി നിഷേധത്തിന് കാരണം സംസ്ഥാന സർക്കാർ-ആർ എസ് എസ് ഗൂഢാലോചനയാണെന്ന് പൊതുസമൂഹം തിരിച്ചറിയുകയാണ്.   ആർ എസ് എസ്-ബി ജെ പി നേതൃത്വം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടതിന തുടർന്നാണ് ഇത്തരം പ്രാദേശിക പ്രശ്‌നങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത്. സി പി ഐ (എം) നു യാതൊരു ബന്ധവുമില്ലാത്ത പ്രശ്‌നത്തിൽ സി പി ഐ (എം) നെ കുറ്റം പറയുക മാത്രമല്ല സി പി ഐ (എം) പ്രവർത്തകരുടെ വീടുകൾ അക്രമിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി വേണുഗോപാലൻ, ബാലചന്ദ്രൻ എന്നിവരുടെ വീടുകൾ തകർത്ത നടപടി പ്രതിഷേധാർഹമാണ്. ആർ എസ് എസ് നേതൃത്വത്തിന് സംഭവത്തിന്റെ നിജസ്ഥിതി കൃത്യമായി അറിയുന്നതുകൊണ്ടാണ് പഞ്ചായത്തിൽ മാത്രം പ്രാദേശിക ഹർത്താൽ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് ഹർത്താൽ മണ്ഡലാടിസ്ഥാനത്തിലാക്കിയത് നേതൃത്വമാണ്. പെൺകുട്ടിയെ ശല്യപ്പെടുത്തിയ പ്രാദേശിക സംഭവമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യം അരോളിയിലെ ജനങ്ങൾക്കാകെ അറിയാം.  

ആർ എസ് എസ് സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് സംഘർഷം വ്യാപിപ്പിക്കാനാണ്. ഈ പ്രകോപനങ്ങളിൽ പാർടി പ്രവർത്തകർ കുടുങ്ങിപോകരുത്. സമാധാനവും ശാന്തിയും നിലനിർത്താൻ പാർടി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും സെക്രട്ടറിയേറ്റ് അറിയിക്കുന്നു.