പി. ജയരാജനെ കള്ളക്കേസിൽ പ്രതിയാക്കിയത് കോൺഗ്രസ്സും ബി.ജെ.പി.യുമാണെന്ന് രണ്ടു പാർട്ടികളുടെയും ജില്ലാ പ്രസിഡന്റുമാരുടെ പ്രസ്താവനകൾ സാക്ഷ്യപ്പെടുത്തുകയാണ്. നേതാക്കളുടെ പേരിൽ കേസ്സെടുത്തതിനെ ന്യായീകരിക്കുന്ന ഡിസിസി പ്രസിഡന്റ്, കണ്ണൂർ സേവറി ഹോട്ടൽ തൊഴിലാളിയായ നാണുവിനെയും കർഷകതൊഴിലാളിയായ നാൽപാടി വാസുവിനെയും കൊലപ്പെടുത്തിയ കൊലക്കേസിലും മറ്റു നിരവധി വധശ്രമക്കേസുകളിലും പ്രതിയായിരുന്നു മുൻ ഡി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ.  യുഡിഎഫ് ഭരണത്തിൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സുധാകരനെ രക്ഷപ്പെടുത്തിയത് തെറ്റായിരുന്നെന്ന് ഡിസിസി പ്രസിഡന്റ് സമ്മതിക്കുമോ?  സുധാകര ഗുണ്ടാസംഘത്തിന്റെ ഇരകളായത് കമ്മ്യൂണിസ്റ്റുകാർ മാത്രമല്ല, പി. രാമകൃഷ്ണനും, പുഷ്പരാജുമടക്കമുള്ള കോൺഗ്രസ് നേതാക്കൾകൂടിയാണ്.  ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് തൃശ്ശൂരിലെ മൂന്നു കോൺഗ്രസ് പ്രവർത്തകരെ ഗ്രൂപ്പ്തിരിഞ്ഞ് കൊലപ്പെടുത്തിയത്.  ഈ കേസിൽ ഗൂഢാലോചനക്കാരായ മന്ത്രി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പേരിൽ കേസ്സെടുത്തിട്ടില്ലെന്ന് കൊലചെയ്യപ്പെട്ട ഹനീഫയുടെ ഉമ്മ പറഞ്ഞത് ഡിസിസി പ്രസിഡന്റ് മറന്നുപോയോ?  

ചിറ്റാരിപ്പറമ്പ് പ്രേമനും പൊയിലൂർ വിനോദനും മനോജ് സം‘വത്തിനുശേഷം ആർ.എസ്.എസ്സുകാർ കൊലപ്പെടുത്തിയ സിപിഐ(എം) പ്രവർത്തകരാണ്.  എന്തുകൊണ്ട് രണ്ടുകേസിലും ബിജെപി ആർഎസ്എസ് ജില്ലാനേതാക്കളെ ഗൂഢാലോചനയിൽ പ്രതിചേർത്തില്ല.  ഈ ചോദ്യത്തിന് കോൺഗ്രസ്സും ബിജെപിയുമാണ് മറുപടി പറയേണ്ടത്.  രണ്ടുകൂട്ടരുടെയും ഒത്തുകളിയല്ലേ നേതാക്കളെ  രക്ഷപ്പെടുത്തിയത്.  പൊയിലൂർ കേസിൽ 85-ാം ദിവസമാണ് പ്രതികൾക്ക് ജാമ്യം നൽകിയത്.  യുഎപിഎ വകുപ്പുചേർത്തിട്ടും ചിറ്റാരിപ്പറമ്പ്, പൊയിലൂർ കേസുകളിൽ ആർഎസ്എസ്സുകാരായ പ്രതികൾക്ക് ജാമ്യം കിട്ടിയപ്പോൾ സിപിഐ(എം) പ്രവർത്തകർക്ക് കതിരൂർ കേസിൽ ജാമ്യം നിഷേധിച്ചു.  കതിരൂർ കേസിൽ പെട്ടെന്ന് കുറ്റപത്രം നൽകിയപ്പോൾ, ചിറ്റാരിപ്പറമ്പ്, പൊയിലൂർ കേസിൽ കുറ്റപത്രമേ നൽകിയില്ല.  കതിരൂർ കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആർ.എസ്.എസ്. ആവശ്യപ്പെട്ടപ്പോൾ നിയോഗിച്ചു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചിറ്റാരിപ്പറമ്പ് പ്രേമന്റെ അമ്മയും പൊയിലൂർ വിനോദന്റെ ഭാര്യയും സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ നിഷേധിക്കുകയാണ് ഉണ്ടായത്.  ഇത്തരത്തിൽ ആർഎസ്എസ്സിനെ പ്രീണിപ്പിക്കുകയും സിപിഐ(എം)നെ വേട്ടയാടുകയും ചെയ്യുന്ന നടപടി കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടിനെ തുറന്നുകാട്ടുകയാണ്.  17 വർഷം മുമ്പ് ജയരാജനെ ഇല്ലാതാക്കാൻ നോക്കിയ ബിജെപിയും ജയിലിലായതിൽ ആഹ്ലാദിക്കുന്ന കോൺഗ്രസ്സും ഒരേ തൂവൽപക്ഷികളാണിവിടെ.  ആർ.എസ്എസ് നൽകിയ കത്തിൽ പറയുന്നതുപോലെ ജില്ലയിലെ എല്ലാ കൊലപാതകങ്ങളുടെയും സൂത്രധാരൻ പി. ജയരാജനാണെന്ന ബിജെപി ജില്ലാപ്രസിഡന്റിന്റെ പ്രസ്താവന തെളിയിക്കുന്നത് ആർഎസ്എസ്സിന്റെ കത്ത് ബിജെപി പ്രസിഡന്റിന്റെ അറിവോടെയാണെന്നാണ്.  ഇതെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.  ആർ.എസ്.എസ്. ബിജെപി ഗൂഢാലോചനയാണ് ജയരാജനെ കള്ളക്കേസിൽ കുടുക്കിയതെന്ന് വ്യക്തമായിക്കഴിഞ്ഞു.