എം.വി.ജയരാജന്റെ പ്രസ്താവന

കണ്ണൂരിനെ പൂർണ്ണമായും അവഗണിച്ചതാണ് യുഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ്.  കണ്ണൂർ നഗരവികസനത്തിന് 10 കോടി രൂപ മാത്രമാണ് അനുവദിച്ചത്.  കോർപ്പറേഷൻ സമർപ്പിച്ച സമഗ്രവികസന പദ്ധതിയോ, രണ്ടു ഫ്‌ളൈഓവറുൾപ്പെടെ കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിക്കോ ആവശ്യമായ  തുക അനുവദിച്ചില്ല. 950 കോടി രൂപ ചിലവുവരുന്ന പദ്ധതിയാണ് ഇത്.  പഴയ പ്രഖ്യാപനങ്ങൾ മാത്രം 3000 കോടി രൂപ ചെലവുവരുന്ന അഴീക്കൽ തുറമുഖ പദ്ധതിക്ക് 10 കോടി രൂപ അനുവദിച്ചാൽ പ്രാഥമിക കാര്യങ്ങൾ പോലും നിറവേറ്റാനാവില്ല.  വിമാനത്താവളം റൺവേ 4000 മീറ്ററാക്കുമെന്ന പ്രഖ്യാപനം നടത്തേണ്ടിവന്നത് ജനകീയസമരത്തെ തുടർന്നാണ്.  എന്നാൽ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കാനോ വിമാനത്താവള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനോ ആവശ്യമായ ഫണ്ട് വകയിരുത്തിയില്ല.  ബീഡിയുടെ മേൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 14.5 ശതമാനം നികുതി പിൻവലിക്കാതെ തൊഴിലാളികളെ വഞ്ചിച്ചു.  ദിനേശ് ബീഡി വ്യവസായത്തെ തകർച്ചയിലേക്ക് നയിച്ചു.  കൈത്തറിയെ പൂർണമായും മറന്നു.  കാർഷിക അനുബന്ധ വ്യവസായങ്ങൾക്കും പദ്ധതികളില്ല.  കാർഷികോല്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഫുഡ്പാർക്കിന് ബജറ്റിൽ ഇടമേ കിട്ടിയില്ല.  നിർദ്ദിഷ്ട കേന്ദ്ര കൈത്തറി-കരകൗശല സ്ഥിരം പ്രദർശന വിപണനകേന്ദ്രത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താനോ സംസ്ഥാന വിഹിതമനുവദിക്കാനോ തയ്യാറായില്ല.  പ്രസ്തുത പദ്ധതി തന്നെ നഷ്ടപ്പെടുകയാണ്. മാങ്ങാട്ടുപറമ്പിലെ ഇൻലാന്റ് കണ്ടയിനർ കേന്ദ്രം വെയർഹൗസിങ്ങ് കോർപ്പറേഷൻ ഉപേക്ഷിച്ച രീതിയിലാണ്.  സംസ്ഥാന തുറമുഖവകുപ്പ് അത് ഏറ്റെടുക്കണമെന്ന നിർദ്ദേശത്തിനും യാതൊരു പരിഗണനയും ബജറ്റ് നൽകിയില്ല.  കണ്ണൂർ ജില്ലയുടെ സമഗ്രവികസനത്തിനാവശ്യമായ പാക്കേജ് അനുവദിക്കാൻ ബജറ്റ് ചർ്ച്ചയെത്തുടർന്നെങ്കിലും സർക്കാർ തയ്യാറാകാണമെന്നും കണ്ണൂരിനെ അവഗണിച്ച സർക്കാർ നടപടിയിൽ വികസനതല്പരരായ ജനങ്ങൾ പ്രതിഷേധിക്കണമെന്നും അഭ്യർത്ഥിക്കുന്നു.