കണ്ണൂർ : സി പി ഐ (എം) ജില്ലാ സെക്രട്ടറി സ : പി ജയരാജനെ കള്ള കേസിൽ പ്രതി ചേർത്ത് യു എ പി എ എന്ന കരിനിയമത്തിൽ ഉൾപ്പെടുത്തി ജയിലിലടച്ചതിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിക്കുന്നു. 

ഇതിൽ പ്രതിഷേധിച്ച് ഫിബ്രവരി 13-നു എല്ലാ ലോക്കലുകളിലും പ്രതിഷേധ പ്രകടനങ്ങളും പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗവും സംഘടിപ്പിക്കാൻ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്യുന്നു.

ആർ എസ് എസ്-കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണ് നിരപരാധിയായ സ : പി ജയരാജനെ കള്ള കേസിൽ കുടുക്കിയത്. ഒന്നര വർഷത്തിലേറെ അന്വേഷണം നടത്തിയിട്ടും യാതൊരു തെളിവും കിട്ടാത്ത സാഹചര്യത്തിൽ ആർ എസ് എസ് നേതൃത്വത്തിന്റെ ആജഞ അനുസരിച്ചാണ് ഇപ്പോൾ സി ബി ഐ-യെ കൊണ്ട് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർ എസ് എസിന്റെ നീക്കത്തിന് എല്ലാവിധ സഹായവും ചെയ്ത് കൊടുക്കുകയാണ് കേരളത്തിലെ കോൺഗ്രസ് സർക്കാർ. 17 വർഷം മുമ്പ് വെട്ടി നുറുക്കിയിട്ടും കലിയടങ്ങാത്ത ആർ എസ് എസ് ഇപ്പോൾ കോൺഗ്രസ് സഹായത്തോടെ സി ബി ഐ-യെ ഉപയോഗിച്ച് കള്ള കേസിൽ കുടുക്കി ജയരാജനെയും സി പി ഐ (എം) നെയും തകർക്കാനാണ് ശ്രമിക്കുന്നത്.

ആർ എസ് എസ് അക്രമികൾ വെട്ടി നുറുക്കിയ കൈയുമായി സ : പി ജയരാജൻ ആരെയാണ് അക്രമിച്ചത്. ശാരീരികമായ അവശതയോടൊപ്പം 4 തവണ ആൻജിയോപ്ലാസ്റ്റി നടത്തിയതിന്റെ അവശതയുള്ള ആളുമാണ് സ : പി ജയരാജൻ. കോടതി സ : പി ജയരാജന് വൈദ്യ സഹായം ലഭ്യമാക്കണമെന്ന് ജയിലധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം പരിശോധിച്ചപ്പോൾ ഹൃദ്‌രോഗ വിഭാഗം വിദഗ്ദ ചികിത്സ വേണമെന്നാണ് അഭിപ്രായപ്പെട്ടത്. ജയിലധികൃതർ സ : പി ജയരാജന് ആവശ്യമായ വിദഗ്ദ വൈദ്യ സഹായം ലഭ്യമാക്കണം. 

സി ബി ഐ-യുടെ ഈ കള്ള കേസിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവരണം. അതോടൊപ്പം ജാമ്യ ഹർജി നൽകുകയും മറ്റ് നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും  സെക്രട്ടറിയേറ്റ് അറിയിക്കുന്നു.