കണ്ണൂർ : ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്റെ ഫാസിസ്റ്റ് ശൈലിക്കെതിരെ പോരാടി ഈ സംഘടനകളിൽ നിന്ന് രാജിവെച്ച് സിപിഎമ്മുമായി സഹകരിക്കാൻ മുന്നോട്ട് വരുന്നവരെ സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ കുറച്ചു കാലമായി ആർഎസ്എസിലും ബിജെപിയിലും പ്രവർത്തിച്ചവർ ഒരു സമാന്തര സംഘടന രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ മഹിളാ മോർച്ചയുടെ ജില്ലാ സെക്രട്ടറിയുടെ ഭർത്താവ് ശിവദാസൻ ഉന്നയിച്ച സ്വഭാവദൂഷ്യാരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടതായിരുന്നു ഭിന്നതയുടെ തുടക്കം. പേരിന് ഒരു കമ്മീഷനെ വെച്ച് പരാതി അന്വേഷിച്ചു. എന്നാൽ കമ്മീഷൻ നിഗമനങ്ങളെ അടിസ്ഥാനപെടുത്തി നടപടിയെടുക്കാൻ ബിജെപി നേതൃത്വം അനുവദിച്ചില്ല. മാത്രമല്ല കമ്മീഷൻ റിപ്പോർട്ട് ബിജെപി ജില്ലാകമ്മിറ്റി ചർച്ച ചെയ്യുന്നത് പോലും ആർഎസ്എസ് നേതൃത്വം വിലക്കി. ധാർമീക മൂല്യങ്ങളെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ആർഎസ്എസിന്റെ തനിനിറം ഇവിടെ വ്യക്തമായി. ബിജെപിക്കകത്ത് ജനാധിപത്യപരമായ പ്രവർത്തനം ആർഎസ്എസ് വിലക്കിയ സാഹചര്യത്തിലാണ് സമാന്തര സംഘടന രൂപീകരിച്ച് പ്രവർത്തിക്കാൻ പ്രബലമായ വിഭാഗം മുന്നോട്ട് വന്നത്. ബിജെപിയുടെ മുൻ ജില്ലാ പ്രസിഡന്റുമാരുടേയും പഴയകാല ആർഎസ്എസ് പ്രവർത്തകരുടേയും നേതൃത്വത്തിലായിരുന്നു ഇത്. സമാന്തര സംഘടനാ പ്രവർത്തകരെ ആർഎസ്എസ് നേതൃത്വം തുടക്കത്തിൽ ഭീഷണിപെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അത് സാധ്യമാകാതെ വന്നപ്പോൾ നേരിട്ട് അക്രമം നടത്താൻ തയ്യാറായി. അതിന്റെ ഭാഗമായി പാനൂരിൽ നടന്ന യോഗത്തിൽ പങ്കെടുത്തവരെ പുറത്തു നിന്ന് ക്രിമിനലുകളെ അയച്ച് കൊല്ലാൻ ശ്രമിക്കുകയും നേതാക്കളെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു.

ഇതേ തുടർന്ന് പൊതുയോഗങ്ങൾ നടത്തി ആർഎസ്എസ്-ബിജെപി നേതൃത്വത്തിന്റെ തെറ്റായ നടപടികളെ തുറന്നു കാണിച്ചു. 91-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിനും കോൺഗ്രസിനും വോട്ടു വിൽക്കാൻ ആർഎസ്എസ് നേതൃത്വം ഇടപെട്ടിരുന്നു എന്ന വസ്തുതയും ഈ പൊതുയോഗത്തിൽ വെളിപ്പെടുത്തി. സാംസ്‌കാരിക പ്രസ്ഥാനം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആർഎസ്എസ് അധികാര രാഷ്ട്രീയത്തിന് വേണ്ടി എന്ത് വൃത്തികെട്ട നിലപാടും  സ്വീകരിക്കാൻ മടിക്കില്ലെന്ന്  ഇത് ജനങ്ങളെ ബോധ്യപ്പെടുത്തി. മാത്രമല്ല 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് നേതാവ് കെ. സുധാകരന്  വോട്ട് വിൽപന നടത്താൻ ആർഎസ്എസ് നേതാവ് അഡ്വ:ബലറാം നടത്തിയ ശ്രമവും ഇവർ തുറന്നു കാണിച്ചു.

സിപിഐ(എം)നെ തകർക്കാൻ കണ്ണൂരിലെ ആർഎസ്എസുമായി കൂട്ട് ചേർന്ന് സുധാകരൻ പ്രവർത്തിച്ചതിന്റെ പ്രത്യുപകാരമായാണ് വോട്ട് വിൽപന നടത്തിയത്. ഇതോടൊപ്പം ബിജെപി നേതാക്കൾ ഫണ്ട് വെട്ടിപ്പ് നടത്തിയതായും സമാന്തര സംഘടനക്കാർ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഇതെല്ലാം സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കേണ്ട ബാധ്യത ആർഎസ്എസ്-ബിജെപി നേതൃത്വത്തിനുണ്ട്. എതിരാളികൾക്കെതിരെ വാളെടുക്കുന്ന ആർഎസ്എസും പ്രസ്താവനാ വീരന്മാരായ ബിജെപി നേതാക്കളും അതിശയകരമായ നിലയിൽ ഇക്കാര്യങ്ങളിൽ മൗനം അവലംബിക്കുകയായിരുന്നു. ഒടുവിൽ ബിജെപിയിൽ നിന്ന് രാജിവെച്ചവർ സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കും എന്ന് പ്രസ്താവന പുറപ്പെടുവിച്ചപ്പോഴാണ് നിഷേധകുറിപ്പുമായി ബിജെപി സംസ്ഥാന നേതാവ് എം.ടി രമേഷ് പ്രത്യക്ഷപ്പെട്ടത്. അതിന്റെ അർത്ഥം ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങളെല്ലാം ശരിയെന്നാണ്.

ആർഎസ്എസിലും-ബിജെപിയിലും ധാർമീകമൂല്യങ്ങളും ജനാധിപത്യവും ചവിട്ടിയരയ്ക്കപ്പെടുന്ന സാഹചര്യത്തിൽ ആ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം വിടർത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. നമോ വിചാർ മഞ്ചുമായുള്ള ബന്ധം ഉപേക്ഷിച്ച് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഐ(എം) മായി സഹകരിച്ച് പ്രവർത്തിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഇങ്ങനെ 2000-ൽ അധികം പേർ പാർടിയുമായി ബന്ധപ്പെടാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അവരെയെല്ലാം സഹകരിപ്പിക്കാൻ സിപിഐ(എം) തീരുമാനിച്ചിട്ടുണ്ട്. സമാനമായി ചിന്തിക്കുന്നവർ ഇനിയും ബിജെപിയിൽ ഉണ്ട്. അവരോടും ഈ വഴി പിന്തുടരാൻ സിപിഎം അഭ്യർത്ഥിക്കുന്നു.

 

സിപിഐ(എം)മായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ മുന്നോട്ട് വരുന്നവർക്ക് ജനുവരി 28-ന്  ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സ്വീകരണം നൽകും. സ്വീകരണ സമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ:പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.